എസ്. ബി-ക്ക് നൂറ് എന്നാരംഭിക്കുന്ന ശീർഷകത്തിൽ, ഒക്ടോബർ ഒന്നാം തീയതിയിലെ ഈമലയാളിയിൽ കുരിയൻ പാമ്പാടി എഴുതിയ ലേഖനം ശ്രദ്ധേയമായി. ഗൃഹാതുരത്വത്തോടും അഭിമാനത്തോടുമൊപ്പം ഈ പ്രതികരണത്തിനും അത് പ്രേരകമായി.
എസ്. ബി കോളേജിൽ പഠിച്ചു ബിരുദാനന്തര ബിരുദം നേടാൻ ഭാഗ്യം ലഭിച്ചവരാണെന്ന അഭിമാനവും സ്മരണയും എന്നും കാത്തുസൂക്ഷിക്കുന്നവരാണ് ലേഖകനും മുൻ ഭാര്യയും. എസ്.ബിയുടെ ചരിത്രത്തിലെ പ്രഗത്ഭരായ അദ്ധ്യാപക പ്രതിഭകളായ സി.എ ഷെപ്പേർഡ്, പി. ആർ. കൃഷ്ണയ്യർ, പി.വി ഉലഹന്നാൻ മാപ്പിള, സി.ഇസഡ് സ്കറിയ എന്നിവരുടെ വിദ്യാർഥികളായിരുന്നുവെന്നതും ഞങ്ങളെ അഭിമാനപുളകിതരാക്കുന്നു. പ്രതിഭാധനനായ പ്രൊഫസ്സർ എം.പി പോളിന്റെ ക്‌ളാസ്സുകൾ കണികാണാൻ തരപ്പെട്ടില്ലല്ലോ എന്ന ഖേദവും മനസ്സിൽ വിലയമില്ലാതെ തങ്ങി നിൽക്കുന്നു.
സർക്കാറിൻറ്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ എസ്. ബി കോളേജ് ഒരു സ്വതന്ത്ര സർവ്വകലാശാലയായി പരിണമിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നുണ്ടെന്നുള്ള അറിവ്, ഒരു ശതകത്തിനുള്ളിൽ എസ്. ബിയിലൂടെ കടന്നുപോയവർക്ക് അഭിമാനവും ആനന്ദവും അരുളാൻ പോരുന്നതാണ് .
കുരിയൻ പാമ്പാടിയുടെ എസ്. ബി കോളേജിനെപ്പറ്റിയുള്ള ലേഖനം തികച്ചും അഭിനന്ദനീയമാണ്. സ്വീകാര്യവുമാണ്. എസ്.ബി യിലെ വിദ്യാർഥി, അദ്ധ്യാപകൻ, ഹോസ്റ്റൽ വാർഡൻ, പിന്നീട് രക്ഷാധികാരി എന്നീ നിലകളിൻ വർത്തിച്ച പൗവ്വത്തിൽ മെത്രാനെപ്പറ്റി പരാമർശിക്കുമ്പോൾ ചില പ്രമാദമായ ചോദ്യങ്ങൾ കുരിയൻ ഉയർത്തുന്നു. റോമിൽനിന്നും ദൈവശാസ്ത്രത്തിൽ പ്രാവീണ്യം നേടിയശേഷം ഓക്സ്ഫോർഡിൽ വികസന സാമ്പത്തികശാസ്ത്രത്തിൽ പഠനം നടത്തിയ ദേഹം എന്തുകൊണ്ട് ഓക്സ്ഫോർഡിൽനിന്നും ഡോക്ടറേറ്റ് എടുക്കാതെ മടങ്ങി എന്ന ചോദ്യം വളരെ പ്രസക്തമാണ്. അക്കാര്യത്തിൽ ഇന്നുവരെ മാർ പൗവ്വത്തിൽ മനസ്സു തുറന്നിട്ടുമില്ല. പ്രസക്തമായ മറ്റൊരു ചോദ്യം: (ചങ്ങനാശേരിക്കാർ വളരെക്കാലം ചർവിതചർവണം ചെയ്തൊരു വിഷയമാണിത്) ‘എന്തുകൊണ്ട് സഭയിലെ രാജകുമാരന്മാരിൽ ഒരുവാനാകാൻ മാർ പൗവ്വത്തിന് അവസരമായില്ല.’ തയ്‌പ്പിച്ചു തയ്യാറാക്കി വെച്ച സ്ഥാനവസ്ത്രങ്ങൾ ചങ്ങനാശേരി അരമനയിലോ, കുറുമ്പനാടത്തെ കുടുംബ വസതിയിലോ പൊടിമൂടി കിടക്കുന്നുണ്ടാവും!
മനോരമ ന്യൂസിന്റെ ഒരു പഴയ നേരെ-ചൊവ്വേ പരിപാടിയിൽ, ജോണി ലൂക്കോസ്, മാർ പൗവ്വവുമായുള്ള അഭിമുഖത്തിൽ കർദിനാൾ സ്ഥാനനഷ്ടത്തെപ്പറ്റി ചോദിക്കുന്നുണ്ട്. ദൈവത്തിൻറെ നിയോഗം എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. പ്രസ്തുത അഭിമുഖത്തിന്റെ യൂട്യൂബ് ദൃശ്യങ്ങൾ കാണുക. ‘ഡോക്ടർ ജോൺ മത്തായിയേപ്പോലെയൊ, ഡോക്ടർ പി. ജെ തോമസിനെപ്പോലെയോ മാർ പൗവ്വത്തിൽ എന്തുകൊണ്ട് അന്തർദേശിയതലത്തിൽ തിളങ്ങിയില്ല’ എന്നതാണ് മൂന്നമതൊരു ചോദ്യം. ലേഖകൻ ഉയർത്തുന്ന ഇമ്മാതിരി ചോദ്യങ്ങളൊന്നും തന്നെ നിസ്സാരമായി തള്ളിക്കളയാവുന്നതല്ല!
തീവ്രവാദി, വർഗീയവാദി, കൽദായവാദി, അസൂയാലു, വിട്ടുവീഴ്ചയിൽ വിശ്വാസമില്ലാത്തവൻ, എതിരാളികളോട് ശത്രുതയോടും പകയോടും പെരുമാറുന്നതിൽ അഭിരമിക്കുന്നവൻ, കടുത്ത കടുംപിടുത്തക്കാരൻ, എൻറെ വഴി അല്ലെങ്കിൽ പെരുവഴിയെന്ന സിദ്ധാന്തത്തിൻറെ ഉടമ-ഇതാണ് മാർ പൗവ്വത്തിൽ.
സ്വസമുദായത്തിലും അന്യ സമുദായത്തിലും ഉൾപ്പെട്ട അനേകർ അദ്ദേഹത്തെ വിലയിരുത്തുന്നത് മേല്പറഞ്ഞ മാനദണ്ഡത്തിലാണ്. കർദിനാൾ പദവിയും ഡോക്ടറേറ്റും അന്തർദേശീയ അംഗീകാരവും അയലത്തു അണയുന്നതിന് അവയൊക്കെയും പ്രതിബന്ധമായി നിലകൊണ്ടുവെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. കേരള കത്തോലിക്കാസഭയിൽ ഇത്രയേറെ കലഹവും, കുത്തിത്തിരുപ്പും, ഉപജാപകപ്രവർത്തനങ്ങളും അരങേറാൻ പ്രേരിപ്പിച്ച മറ്റൊരു പുരോഹിതശ്രേഷ്ഠൻ ഉണ്ടായിട്ടില്ല. പ്രാർത്ഥനാക്രമത്തിൻറെ പേരിൽ അദ്ദേഹം ഇളക്കിവിട്ട പുകിലും, കലഹവും, പലപള്ളികളിലും അരങേറിയ കയ്യാങ്കളികളും മറക്കാൻ സമയമായിട്ടില്ല.
സമുദായ സംബന്ധിയായ ചിലവിഷയങ്ങളിൽ ചർച്ച നടത്തുന്നതിനുള്ള ശ്രി. പുലിക്കുന്നേലിൻറെ ആഹ്വാനങ്ങളോടും തണുത്ത പ്രതികരണമാണ് മാർ പൗവ്വത്തിൽ പ്രകടിപ്പിച്ചത്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നുമാണ് ശ്രി പുലിക്കുന്നേൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. മദ്രാസിലെ ലൊയോള കോളേജിൽനിന്നുമാണ് മാർ പൗവ്വത്തിൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയത്. 1950/ 60-കളിൽ മദ്രാസിലെ പ്രധാനകോളേജുകളെ വിശേഷിപ്പിച്ചിരുന്നത്: Masters of Meston, Princes of Presidency, Gentlemen of Christian College, Slaves of Loyola, Rowdies of Pachayyappaas, Beauties of Stella Maries -എന്നിങ്ങനെയായിരുന്നു. ആരുടെയോ ഭാവനയിൽ കുരുത്ത ഈ വിശേഷണങ്ങൾ ലയോളയുടെ ഉൽപ്പന്നമായ മാർ പൗവ്വത്തിലിനെ സ്വാധീനിച്ചിട്ടുണ്ടാവാം?
1983 മാർച്ച് മാസത്തിൽ, ശബരിമലക്കടുത്തുള്ള നിലയ്ക്കൽ പ്രദേശത്തുനിന്നും ഒരു പഴയ കൽക്കുരിശ് കണ്ടെടുത്തതായി തദ്ദേശവാസികളായ കത്തോലിക്കർ അവകാശപ്പെട്ടു. സെയിൻറ്റ് തോമസ് സ്ഥാപിച്ചതാണെന്ന് അവർ വിശ്വസിച്ചു. ഹിന്ദുക്കൾ എതിർപ്പുമായി രംഗത്തുവന്നു. ഒരു വർഗീയ ഏറ്റുമുട്ടലിനുള്ള സ്പോടകമായ സാഹചര്യം പൊടുന്നനവെ സംജാതമായി. ചില സുമനസ്സുകളുടെ ഇടപെടലിൽ ശാന്തത പുനഃസ്ഥാപിച്ചു. ഈ കല്ലുകുരിശിൻറെ കണ്ടെടുക്കലിനു പിന്നിൽ പ്രവർത്തിച്ചത് മാർ പൗവ്വത്തിലാണെന്ന്-തെറ്റായോ ശരിയായോ ഒരുകൂട്ടം ജനങ്ങൾ ഇന്നും വിശ്വസിക്കുന്നു. പൗവ്വത്തിൻറെ ചില പദ്ധതികളുടെ വിജയത്തിനു ഒരു മാർത്തോമ്മാ കുരിശ് കണ്ടെടുക്കേണ്ടത് ആവശ്യമായിരുന്നുവത്രെ!
ചങ്ങനാശേരി ആർച്ചു ബിഷപ്പായിരുന്ന മാർ പൗവ്വത്തിൽ 75 വയസ്സു തികഞ്ഞതിനാൽ 2007-ൽ അധികാരത്തിൽനിന്നും പടിയിറങ്ങി. ആ വേളയിൽ, അദ്ദേഹം 2007 ജനുവരി 23 -ന് മലയാള മനോരമ പത്രത്തിന് ഒരു അഭിമുഖം നൽകുകയുണ്ടായി. പ്രസ്തുത അഭിമുഖത്തിൽ മാർ പൗവ്വത്തിൽ തൻറെ ജീവിതവീക്ഷണത്തെ അവതരിപ്പിച്ചത് ശ്രദ്ധിക്കുക: “മറ്റുള്ളവരുടെ പ്രശംസയിൽ മതിമറക്കുകയോ, വിമർശനത്തിൽ തളരുകയോ അരുത്. പൊതുജനാഭിപ്രായം എന്ന രീതിയിൽ നിലപാടുകൾ എടുക്കരുത്. ദൈവഹിതത്തിനു ചേർന്നമട്ടിൽ നിലപാടെടുക്കുകയാണ് കരണീയം. അതുമാത്രമേ ആദ്യന്തികമായി വിജയിക്കുകയുള്ളു. വിശ്വാസംകൊണ്ടേ അത് ഉണ്ടാവൂ.യഥാർഥ വിശ്വാസിയുടെ ബോധ്യം ദൈവഹിതം ആയിരിക്കുമെന്ന് കരുതുന്നു.”മാർ പൗവ്വത്തിലിൻറെ ഈ പ്രസ്താവനയെ അദ്ദേഹത്തിന്റെ നിലപാടുകളിലേക്കും ജീവിതത്തിലേക്കും എത്തിനോക്കുന്നതിനുള്ള ഒരു താക്കോൽ ദ്വാരമായി കണ്ടുകൊണ്ട് ശ്രി പുലിക്കുന്നേൽ നടത്തിയ നിരീക്ഷണങ്ങളുടെ രത്നചുരുക്കമാണ് താഴെ കൊടുത്തിരിക്കുന്നത്.
2007, മാർച്ച് മാസത്തിലെ ഓശാന മാസികയിൽ “മാർ പൗവ്വത്തിലിൻറെ കാലഘട്ടം” എന്ന ശീർഷകത്തിൽ ശ്രി. പുലിക്കുന്നേലിന്റെ ഒരു ലേഖനമുണ്ട്. ആ ലേഖനത്തിൽ മാർ പൗവ്വത്തിലുമായി ബന്ധപ്പെട്ടുള്ള ചിലസംഭവങ്ങൾ വിവരിച്ചിട്ടുണ്ട്. അവ എന്താണെന്ന് പരിശോധിക്കാം. 1969 -ലാണെന്നു തോന്നുന്നു പരേതനായ ഷെവലിയർ വി.സി ജോർജ് കേരളാ ഹിസ്റ്ററി അസ്സോസിയേഷൻറെ പ്രസിഡന്റ് ആയിരിക്കുന്ന കാലം. കോട്ടയം വടവാതൂർ സെമിനാരിയിൽ സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ ഒരു പ്രബന്ധം അവതരിപ്പിക്കുന്നതിനായി പ്രൊഫസ്സർ ജോസഫ് പുലിക്കുന്നേലിനെ ക്ഷണിക്കുകയുണ്ടായി. സമ്മേളനത്തിൻറെ കാര്യപരിപാടിയനുസരിച്ചു് കാഞ്ഞിരപ്പള്ളി മെത്രാനായിരുന്ന മാർ പൗവ്വത്തിലായിരുന്നു ഉദ്ഘാടകൻ. സമ്മേളനത്തിൻറെ തലേന്ന് രാവിലെ അസോസിയേഷൻ സെക്രട്ടറി എൻ. കെ ജോസ് ശ്രീ. പുലിക്കുന്നേലിനെ ഫോണിൽ വിളിച്ചു സമ്മേളനത്തിന് വരേണ്ടതില്ലെന്നറിയിച്ചു. പുലിക്കുന്നലിൻറെ സാന്നിധ്യത്തിൽ സെമിനാറിൽ പങ്കെടുക്കുന്നതിൽ താത്പര്യമില്ലെന്ന് മാർ പൗവ്വത്തിൽ അറിയിച്ചുവെത്രെ. മുൻ ക്ഷണമനുസരിച്ചു് ശ്രി പുലിക്കുന്നേൽ സമ്മേളനവേദിയിൽ സന്നിഹിതനായി. ഫാ. കുടപ്പുഴ, ഷെവലിയർ വി.സി.ജോർജ്, എൻ.കെ. ജോസ് എന്നിവർക്കുപുറമെ മുപ്പതിലധികംപേർ സന്നിഹിതരായിരുന്നു. ശ്രി പുലിക്കുന്നേലുമായി വേദി പങ്കിടാൻ തയ്യാറല്ലെന്ന മാർ പൗവ്വത്തിലിൻറെ കടുംപിടിത്തത്തിൽ സെമിനാർ ഉപേക്ഷിക്കപ്പെട്ടു. വന്ദ്യ പുരോഹിതശ്രേഷ്ഠൻറെ കടുംപിടിത്തത്തിനുകാരണം ശ്രി പുലിക്കുന്നേലിനോടുള്ള ഉൽക്കടമായ അസൂയയാണെന്ന് മനസിലാക്കാത്തവർ ചുരുങ്ങും. മാർ പൗവ്വത്തിലുമായി ബന്ധപ്പെട്ട് 1983-ലെ ഒരു സംഭവം ശ്രി പുലിക്കുന്നേലിന്റെ ലേഖനത്തിൽവായിക്കുന്നു. ആ വർഷമാണ് ശ്രി. പുലിക്കുന്നേലിന്റെ ഉത്സാഹത്തിൽ ഓശാന ബൈബിൾ പ്രസിദ്ധീകരിച്ചത്. ബൈബിളിൻറെ കോപ്പി എല്ലാ മെത്രാന്മാർക്കും അയച്ചുകൊടുത്തു. മിക്കവാറും എല്ലാ മെത്രാന്മാരും നന്ദി പ്രകടിപ്പിച്ചുകൊണ്ട് കത്തുകൾ അയച്ചു. കാഞ്ഞിരപ്പള്ളി മെത്രാനായ മാർ പൗവ്വത്തിനയച്ച ബൈബിൾ Refused എന്ന ലേബലുമായി തിരിച്ചുവന്നു. ശ്രി പുലിക്കുന്നേലിൻറെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം; ഓശാന ബൈബിളിൻറെ കോപ്പി കെ.സി.ബി.സി കമ്മീഷന് ഇമ്പ്രിമാത്തൂറിനുവേണ്ടി സമർപ്പിച്ചപ്പോൾ ശക്തമായ എതിർപ്പു പ്രകടിപ്പിച്ചവർ മാർ പൗവ്വത്തിലും, മാർ പള്ളിക്കാപ്പറമ്പിലും ആയിരുന്നു. അതുപോലെ 1984-ൽ സഭയിലെ 25 മെത്രാന്മാരിൽ 20 പേർ അംഗീകരിച്ചു് റോമിനയച്ച കുർബാനക്രമത്തെ അട്ടിമറിക്കാൻ മാർ പൗവ്വത്തിൽ ആകുന്നത്ര ശ്രമിച്ചു. അതിനായി പൗരസ്ത്യസംഘത്തിൻറെ പ്രീതിനേടാൻ പതിനെട്ടടവുകളും പൊരുതി. ദൈവഹിതം തന്നോടൊപ്പം മാത്രമാണെന്നുള്ള ഭ്രാന്തമായ ഒരു കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. കേരളസഭയിലെ സാധാരണക്കാരായ വിശ്വാസികൾ സിംപിളും ഓർഡിനറിയുമാണ്; തന്മൂലം കുർബാനക്രമത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ അന്വേഷിക്കുകയോ ശ്രവിക്കുകയോ ചെയ്യേണ്ടതില്ല എന്നാണ് അദ്ദേഹം റോമിനെ ധരിപ്പിച്ചത്.
ഇന്ന് സീറോ-മലബാർ സഭയെ അലട്ടുന്ന അനൈക്യത്തിനും അവമതിപ്പിനും കുറിഞ്ഞികുത്തിയത് തൻറെ ഹിതം ദൈവഹിതം എന്നുളള മാർ പൗവ്വത്തിൻറെ ധാരണയുടെ പരിണിതഫലമാണ്. കേരള സഭയുടെ കുർബാനക്രമം കൽദായമാണെന്ന് മാർ പൗവ്വത്തിൽ വാദിച്ചത് ദൈവഹിതാനുസൃതമായിരുന്നില്ല. മറിച്ചു്, പൗരസ്ത്യസംഘത്തിൻറെ കൊളോണിയൽ താല്പര്യത്തിന്റെ ഹിതമായിരുന്നു. കേരളസഭാചരിത്രത്തെ നിഷ്പക്ഷമായി പഠിക്കുന്നവർക്ക് ഇക്കാര്യം കരതലാമലംപോലെ കാണാനാകും. സഭയുടെ പൂർവപാരമ്പര്യത്തെക്കുറിച്ചും ആരാധനാക്രമത്തെക്കുറിച്ചും സഭാംഗങ്ങൾ തീരുമാനിക്കണമെന്ന രണ്ടാം വത്തിക്കാൻ സൂനഹദോസ് കല്പനയുടെ നഗ്നമായ ലംഘനമാണ് മാർ പൗവ്വത്തിൽ നടത്തിയത്. ആ തീരുമാനാവകാശം പൗരസ്ത്യസംഘത്തിനു അദ്ദേഹം തീറെഴുതിക്കൊടുത്തു-ദൈവഹിതമെന്ന വ്യാജേന. സഭാ നേതൃത്വത്തിൻറെ അധാർമ്മികതക്കൊപ്പം ഇന്ന് സീറോ മലബാർ സഭയെ ഉലക്കുന്ന പ്രശ്നം ലിറ്റർജി വിവാദമാണ്. അതിനു വിത്തിട്ടതും വെള്ളവും വളവും നൽകി വളർത്തിയതും മാർ പൗവ്വത്തിലാണ്. ലിറ്റർജി വിവാദത്തിൽ മേൽക്കൈ നേടുന്നതിനുവേണ്ടി പൗരസ്ത്യസംഘത്തോടൊപ്പം അദ്ദേഹം കളിച്ചു. കേരള സഭയുടെ പ്രശ്നങ്ങളെക്കുറിച്ചു് പഠിക്കാനെത്തിയ ‘ആർച്ച്ബിഷപ് വൈറ്റ് കമ്മീഷൻ സ്വ തന്ത്രമായി വിശ്വാസികളെ കണ്ട് അഭിപ്രായം ആരായുന്നതിനെ മാർ പൗവ്വത്തിൽ സർവപ്രകാരേണ പ്രതിരോധിച്ചു. വൈറ്റ് കമ്മീഷൻ റിപ്പോർട്ട് ഇന്നും പരണയിലാണ്. അപ്പോസ്തലിക ഡെലഗേറ്റായി കേരളത്തിലെത്തിയ മാർ കാട്ടുമനയെ തേജോവധം ചെയ്യുന്നതിൻറെ ചുക്കാൻ പിടിച്ചത് മാർ പൗവ്വത്തിലായിരുന്നു. ചങ്ങനാശേരി അതിരൂപതയിലെ കുറെ വൈദീകരെക്കൊണ്ട് അദ്ദേഹത്തിനെതിരെ ലഘുലേഖകൾ പ്രചരിപ്പിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയക്കാർ മാർ പൗവ്വത്തിന് കപ്പം കൊടുക്കാൻ നാണിക്കണം. മനോരമയുമായുള്ള അഭിമുഖത്തിൽ മാർ പൗവ്വത്തിൽ മനസ്സ് തുറന്നതിങ്ങനെ: “ചെറുപ്പത്തിൽ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളത് വിശുദ്ധനാകണമെന്നാണ്. വിശുദ്ധിയിലേക്കുള്ള വിളിയാണ് ക്രൈസ്തവന് ജീവിതം. ദൈവികമായ ജീവിതത്തിൽ പങ്കാളിയായി ജീവിക്കണമെന്നാണ് ചെറുപ്പം മുതലേ ആഗ്രഹിച്ചിട്ടുള്ളത്. അത് എത്രമാത്രം സാധിച്ചെന്നു പറയാനാവില്ല.”
കേരളസഭയിലെ ഒന്നാമൻ സ്ഥാനം നേടുന്നതിലൂടെ സ്വർഗ്ഗത്തിലും ഒന്നാമനാകാമെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. താൻ പറയുന്നതെല്ലാം ദൈവഹിതമാണെന്ന മിഥ്യാധാരണയിൽ സ്വഹിതം മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ അധികാരവും സ്വാധീനവും ദുരുപയോഗിച്ചു. തൽഫലമായി കേരള കത്തോലിക്കാസഭയിൽ വൻപിച്ച കലഹങ്ങളും കലക്കങ്ങങ്ങളും ഉടലെടുത്തു. കേരള സഭയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട കാലഘട്ടമായി പൗവ്വത്തിൻറെ വാഴ്ച്ചക്കാലം ചരിത്രകാരന്മാർ രേഖപ്പെടുത്തുമെന്നതിൽ സംശയമില്ല!
അമ്പതു വർഷം മുൻപ് കേരളത്തിലെ ഒരു പള്ളിയിലും മാർത്തോമ്മാ കുരിശ് എന്ന മാനിക്കേയൻ കുരിശ് പ്രതിഷ്ഠിച്ചിരുന്നില്ല. പേർഷ്യൻ കുരിശ് എന്നപേരിലാണ് പ്രത്യേക ആകൃതിയിലുള്ള ഈ കുരിശ് അറിയപ്പെട്ടിരുന്നത്. മാർ പൗവ്വത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി വാഴിക്കപ്പെട്ടശേഷം ഈ കുരിശിനെ രൂപതയുടെ ലോഗോ ആയി സ്വീകരിച്ചു. അദ്ദേഹത്തിൻറെ തൊപ്പിയിൽ അത് തുന്നിവെച്ചു. താമസിയാതെ പേർഷ്യൻ കുരിശ് മാർത്തോമ്മാക്കുരിശായി മാറി. പൗവ്വത്തിൽ ഗ്രൂപ്പിൽപെട്ട മെത്രാന്മാരുടെ പള്ളികളിൽ ഈ കുരിശ് നിർബന്ധമായി പ്രതിഷ്ഠിക്കപ്പെട്ടു. അൾത്താരകളിലും, വൈദികരുടെ കുർബാനക്കുപ്പായത്തിൻറെ മുതുകത്തും പള്ളികളുടെ ഉച്ചിയിലും ഈ കുരിശുസ്ഥാപിക്കണമെന്ന് മാർ പൗവ്വത്തിൽ വാശിപിടിച്ചു. ഈ കുരിശിൻറെ ചരിത്രസാധ്യതയെക്കുറിച്ചു ചർച്ചചെയ്യാൻ അദ്ദേഹം മടിച്ചു. ഇക്കാര്യത്തിൽ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് ‘സഭയോടൊത്തു ചിന്തിക്കുക’ എന്നുമാത്രമായിരുന്നു. ഞാനാണ് സഭ, ഞാൻ പറയുന്നതാണ് സഭാപഠനങ്ങൾ. മറ്റൊന്നും കേൾക്കുകയോ, അറിയുകയോ പറയുകയോ ചെയ്യേണ്ടതില്ല. ഇതായിരുന്നു മാർ പൗവ്വത്തിലിൻറെ പ്രമാണം.
പണ്ടൊരു ഫ്രഞ്ച് ചക്രവർത്തി “I am the state” എന്ന് അരുളിചെയ്തത് ഓർമ്മയിൽ വരുന്നു.
താനൊരു പുണ്യവാനാണെന്നും തന്മൂലം ശ്രേഷ്ഠ മെത്രാപ്പോലീത്താപദവി തനിക്കുള്ളതാണെന്നും അദ്ദേഹം സ്വപ്നം കണ്ടു.
മാർ പൗവ്വത്തിൻറെ കാലഘട്ടത്തിൽ പൗരസ്ത്യസംഘം സീറോ മലബാർ സഭയിൽ പല കയ്യേറ്റങ്ങളും നടത്തി. ഇറ്റലിയിലെ അനേകം മാഫിയകളിൽ ഒന്നാണ് തങ്ങൾ എന്ന് അവർ തെളിയിച്ചുകൊണ്ടിരിക്കുന്നു. അവരുടെ കയ്യേറ്റങ്ങളെയെല്ലാം ദൈവതിരുമനസ്സിനു പൂർണമായി കീഴ്‌വഴങ്ങി മാർ പൗവ്വത്തിൽ സഹിച്ചു. മേജർ ആർച്ച്ബിഷപ്പാകാനുള്ള മാർ പൗവ്വത്തിലിന്റെ പുണ്യപൂർവ്വമായ സഹനമായിരുന്നു അത്.
സീറോ മലബാർ സഭയുടെ തനിമക്കുവേണ്ടി വാദിക്കുന്ന മുന്നണിപ്പോരാളിയായി അറിയപ്പെടാൻ മാർ പൗവ്വത്തിൽ അതിയായി ആഗ്രഹിച്ചു. വിധിവൈപരീത്യമെന്നു പറയട്ടെ അദ്ദേഹത്തിൻറെ കാലത്തുതന്നെ ലത്തീൻ രൂപതാമെത്രാനായിരുന്ന മാർ പടിയറയെ, റോമാസഭ, ചങ്ങനാശേരി മെത്രാനായി നിയമിച്ചു. മാത്രമല്ല, ലത്തീൻ വിരോധിയായിരുന്ന മാർ പൗവ്വത്തിലിൻറെ കാലത്താണ് ഒരു ലത്തീൻ സന്ന്യാസ വൈദികനായിരുന്ന മാർ വർക്കി വിതയത്തിലിനെ ഒറ്റയടിക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി വാഴിച്ചത്. Unkindest cut of all എന്ന് മാർ പൗവ്വത്തിൽ ആത്മഗതം ചെയ്തിട്ടുണ്ടാവണം. 1896-നു ശേഷം ഇത്തരം നിയമനങ്ങൾ കേരളസഭക്ക് പുത്തരിയാണ്. സീറോ മലബാർ സഭാ വ്യക്തിത്വമെന്നാൽ തൻറെ സ്ഥാനോഹരണമെന്നായിരുന്നു മാർ പൗവ്വത്തിലിൻറെ മനസ്സിലിരുപ്പ്. ആ ലക്ഷ്യപ്രാപ്തിക്കായി പൗരസ്ത്യസംഘത്തോടൊപ്പം ഒത്തുകളിച്ച മാർ പൗവ്വത്തിലിൻറെ കാലഘട്ടം കേരളസഭാചരിത്രത്തിൽ ഒരു കറുത്ത അധ്യായമായി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു! പൂർവ പാരമ്പര്യങ്ങളിലേക്ക് മടങ്ങിപോകുന്നതിന് രണ്ടാം വത്തിക്കാൻ സൂനഹദോസ് മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് അനുവദിച്ചു നൽകിയ അവകാശം കളഞ്ഞുകുളിക്കാൻ മാർ പൗവ്വത്തിൽ കാരണമായി. കാലഹരണപ്പെട്ട കൽദായസഭയുടെ വക്താവായി ചമഞ്ഞുകൊണ്ട് കേരളക്രിസ്ത്യൻ സമൂഹത്തെ മുച്ചൂടും അദ്ദേഹം വഞ്ചിച്ചുവെന്ന് പറയാൻ സങ്കോചപ്പെടേണ്ടതില്ല!
2007, മാർച്ചു മാസത്തിൽ, ശ്രീ. പുലിക്കുന്നേൽ ഓശാന മാസികയിൽ എഴുതിയ ലേഖനത്തോട് ഇന്നേ ദിവസംവരെ മാർ പൗവ്വത്തിൽ ഒരു വിധത്തിലും പ്രതികരിച്ചിട്ടില്ല?
ശ്രീ, പുലിക്കുന്നേലിൻറെ ലേഖനത്തിൽ പരാമർശിക്കപ്പെടാതെ പോയ രണ്ടു കാര്യങ്ങൾ പറയാതെ പോകുന്നത് ശരിയല്ല. തിരുവനന്തപുരത്തെ ഒരു വേദിയിൽ വെച്ചാണ് മാർ പൗവ്വത്തിലിൻറെ വർഗ്ഗീയ വിഷംചീറ്റൽ ആദ്യമായി കണ്ടത്. കത്തോലിക്കാ മാതാപിതാക്കളോടായി അദ്ദേഹം നടത്തിയ ഒരു ആഹ്വാനം: “കത്തോലിക്കാ കുട്ടികൾ കത്തോലിക്കാവിദ്യാലയങ്ങളിൽ മാത്രമേ പഠനം നടത്താവൂ.” വിശാലാർത്ഥത്തിൽ, ജോലി, സൗഹൃദം, വിവാഹം, കൊടുക്കവാങ്ങലുകൾ എല്ലാം എല്ലാം വർഗ്ഗീയതയുടെ വേലിക്കെട്ടിനുള്ളിൽ തളച്ചിടാനുള്ള നീക്കമായിരുന്നു അത്. മാർട്ടിൻ ലൂഥറിൻറെ മത നവീകരണശ്രമത്തിനു മുൻപുണ്ടായിരുന്ന ഇരുണ്ടയുഗത്തിലേക്കു കേരള കത്തോലിക്കാസഭയെ ത ള്ളിയിടാൻ മാർ പൗവ്വത്തിന് പദ്ധതി ഉണ്ടായിരുന്നോ എന്ന് സംശയിക്കണം! മറ്റൊന്ന്, പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭാംഗമായിരുന്ന സഖാവ് ടി.വി തോമസിൻറെ മരണാന്തരം മാർ പൗവ്വത്തിൽ നടത്തിയ പ്രസ്താവമാണ്. ആസന്നമരണനായി കിടന്ന ടി.വി, ഒരു വൈദികൻറെ ശുശ്രൂഷ തേടിയെന്ന് പൗവ്വത്തിലിൻറെ ആത്മകഥയിൽ കുറിച്ചിട്ടുണ്ട്. ടി.വി യുടെ ആത്മാർഥ സുഹൃത്തും, ആലപ്പുഴ ബാറിലെ ഒരു വക്കീലുമായിരുന്ന ശ്രീ.വി.ജെചാണ്ടി, വന്യംപറമ്പിൽ, മാർ പൗവ്വത്തിൻറെ പ്രസ്തുത പ്രസ്താവത്തെ വിശേഷിപ്പിച്ചത് bullshit എന്നും വിശുദ്ധ നുണ എന്നുമാണ്.
മനസ്സ് പറയുന്നത്: കർദിനാൾ പദവി നഷ്ടപ്പെട്ടതു ദൈവനിയോഗം. അക്കാര്യത്തിൽ ഇനി ഒന്നും ചെയ്യാനില്ല. വിശുദ്ധ പദവിക്കാര്യത്തിൽ ദൈവത്തിന് കൈകടത്താനാവില്ലല്ലോ! വത്തിക്കാന് കുറെയേറെ കാശുംകൊടുത്തു് കാണേണ്ടവരെ ശരിക്കു കണ്ടാൽ കാര്യം നിസ്സാരം. സഹനദാസനായ പുണ്യാളനായി മാർ പൗവ്വത്തിലിനെ വാഴിക്കുന്നതിനായി കാത്തിരിക്കാം. ദൈവം ചെയ്ത തെറ്റ് വത്തിക്കാൻ തിരുത്തട്ടെ. ആമ്മേൻ!
Praise worthy observations of the crooked personality of mar powathil. Excellent data presentation which every one should understand. Congratulation sir
It is absolutely correct and truth
absolutely correct