ശബരിമല: ശബരിമല മേൽശാന്തിയായി കെ. ജയരാമൻ തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം ഇണ്ടംതുരുത്തി മനയിൽ ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുക്കപ്പെട്ടു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് ഇരുവര്‍ക്കും ഈ മഹാഭാഗ്യം കൈവന്നത്.
ശബരിമല മേൽശാന്തിയെ പന്തളം കൊട്ടാരത്തിലെ കൃതികേശ് വർമ്മയും മാളികപ്പുറം മേൽശാന്തിയെ പൗർണമി ജി വർമ്മയുമാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. കണ്ണൂർ മലപ്പട്ടം കീഴ്ത്രിൽ ഇല്ലത്തിൽ നിന്നാണ് ജയരാമൻ നമ്പൂതിരി. വെളളിക്കുടത്തിൽ പേരുകൾ നിക്ഷേപിച്ച് ശ്രീകോവിലിൽ പൂജിച്ച ശേഷമായിരുന്നു നറുക്കെടുപ്പ്. ഉഷപൂജയ്ക്ക് ശേഷമാണ് നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ, ഹൈക്കോടതി നിരീക്ഷകൻ റിട്ട. ജസ്റ്റീസ് എൻ ഭാസ്‌കരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുലാമാസ പൂജകൾക്കായി കഴിഞ്ഞ ദിവസമാണ് നട തുറന്നത്.
മേൽശാന്തി നറുക്കെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര സ്വദേശി വിഷ്ണു നമ്പൂതിരി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇന്നലെ കോടതി അത് നിരസിച്ചു.