ഡാളസ്: മാർത്തോമ്മ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാ സംഘത്തിൻറെ ഒക്ടോബര് 13 മുതൽ മൂന്നുദിവസം നീണ്ടുനിന്ന നാഷണൽ കോൺഫറൻസ് ഞായറാഴ്ച രാവിലെ 8 നു ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ അനുഷ്ടിച്ച വിശുദ്ധ കുർബാനക്കുശേഷം നടന്ന സമാപന സമ്മേളനത്തോടെ സമംഗളം പര്യവസാനിച്ചു . ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ഇടവക ആദിദേയത്വം വഹിച്ച കോൺഫറൻസ് വൻ വിജയമായിരുന്നുവെന്നു സെക്രട്ടറി ഡോ: അഞ്ചു ബിജിലി അറിയിച്ചു.
ഒക്ടോ 13 വ്യാഴാഴ്ച കോൺഫറൻസ് ഗായക സംഘം ആലപിച്ച ഗാനത്തോടും ആരാധനയോടും കൂടി ഉത്ഘാടന സമ്മേളനത്തിനു തുടക്കം കുറിച്ചു. കോൺഫറൻസിന് പ്രസിഡണ്ടും ഇടവക വികാരിയുമായ റവ :അലക്സ് യോഹനാൻ പ്രാരംഭ പ്രാർത്ഥന നടത്തി കോൺഫറൻസ് കൺവീനർ എലിസബത്ത് ജോൺ സ്വാഗതമാശംസിച്ചു.നോർത്ത് അമേരിക്ക ഭദ്രാസനാധിപൻ റൈറ്റ് ഡോക്ടർ ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷ പ്രസംഗം നടത്തി. മാർത്തോമ സഭ പരമാധ്യക്ഷൻ ഡോ:തിയഡോഷ്യസ് മാർത്തോമ കോൺഫ്രൻസ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകനും മാരാമൺ കൺവെൻഷൻ മുൻ പ്രസംഗകനുമായ ഡോ.സ്റ്റാൻലി ജോൺസിന്റെ കൊച്ചുമകളും സ്റ്റാൻലി ജോൺസ് ഫൌണ്ടേഷൻ പ്രസിഡണ്ടും കൂടിയായ ഡോ.ആൻ മാത്യൂസ് യൂൻസ് , റവ ഡോ ചെറിയാൻ തോമസ് ,ഭദ്രാസന സെക്രട്ടറി റവ ജോർജ് എബ്രഹാം ,ഭദ്രാസന സേവികാസംഘം വൈസ് പ്രസിഡൻറ് റവ തോമസ് മാത്യു , സേവികാസംഘം ഡയോസിഷൻ സെക്രട്ടറി സുമാ ചാക്കോ എന്നിവർ ആശംസാപ്രസംഗം നടത്തി .
കോൺഫ്രൻസിനോടനുബന്ധിച്ചു തയാറാക്കിയ സുവനീർ പ്രകാശനം ഡോ:തിയഡോഷ്യസ് മാർത്തോമ നിർവഹിച്ചു. അതിനുശേഷം വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .നോർത്തമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും ഏകദേശം 400 സ്ത്രീകൾ കോൺഫറൻസിൽ പങ്കെടുത്തു. സ്ത്രീകൾ പുതിയ ലോകത്തിൻറെ മാർഗദർശികൾ എന്ന വിഷയമായിരുന്നു ചർച്ചാ വിഷയം മുഖ്യവിഷയം .ഈ വിഷയത്തെ ആസ്പദമാക്കി റവ ഈപ്പൻ വര്ഗീസ്സ്, ഡോ:എലിസബത്ത് ജേക്കബ് ,ഷിജി അലക്സ്, ഡോ: ചെറിയാൻ തോമസ് എന്നിവർ പ്രഭാഷണം നടത്തി.
കോൺഫറൻസിന്റെ വിജയത്തിനായി പ്രസിഡണ്ട് റവ. അലക്സ് യോഹന്നാൻ, കൺവീനർ എലിസബത്ത് ജോൺ, സെക്രട്ടറി ഡോ.അഞ്ജു ബിജിലി, ട്രഷറർ അന്നമ്മ മാത്യു, അക്കൗണ്ടന്റ് അന്നമ്മ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് നേത്ര്വത്വം നൽകിയത്.