ന്യൂയോർക്ക് – ഇന്ത്യ ഗവൺമെന്റ് മിനിസ്ട്രി ഓഫ് എക്സ്റ്റേർണൽ അഫയേഴ്സ്സ് ആഗോള പ്രവാസികൾക്കായി മധ്യപ്രദേശിലെ ഇൻഡോർ സിറ്റിയിൽ വച്ച് സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലേക്ക് അമേരിക്കയിൽ നിന്ന് കൂടുതൽ ഇന്ത്യൻ വംശജരെ പങ്കെടുപ്പിക്കുവാൻ കേന്ദ്രമന്ത്രി സഭ പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകൾ തുടരുന്നു,
അമേരിക്കയിലെ മലയാളി സമൂഹത്തെ പ്രവാസി ഭാരതി ദിവസ് പരിപാടിയിൽ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ന്യൂ യോർക്ക് ഇന്ത്യ കോൺസുലേറ്റ് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസുമായി ചർച്ചകൾ നടത്തിയിരുന്നു, തുടർ ചർച്ചകളുടെ ഭാഗമായി അറ്റ്ലാന്റാ ഇന്ത്യൻ കോൺസുലാർ ജനറൽ സ്വാതി കുൽക്കർണിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് ( ഫോമാ ) യുടെ ട്രഷറർ ബിജു തോണിക്കടവിൽ അറ്റ്ലാന്റാ ഇന്ത്യൻ കോൺസുലേറ്റിലെത്തി പ്രവാസികാര്യ മന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി, കൂടിക്കാഴ്ചയിൽ ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ ആർ വി പി ഡൊമിനിക് ചക്കനാൽ, ജെയിംസ് കല്ലറക്കാനിൽ, ബിജു തുരുത്തിമാലിയിൽ, സാം ആന്റോ, കണ്ണൻ ഉദയരാജൻ തുടങ്ങിയവരും പങ്കെടുത്തു, 2023 ജനുവരി 8,9, 10 തീയതികളിൽ നടത്തപ്പെടുന്ന പരിപാടികളിൽ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ഇന്ത്യക്കാർ പങ്കെടുക്കും,
ഫോമയുടെ കേരളത്തിലെ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ പലകുറി സാധിച്ചിട്ടുണ്ടെന്ന് മന്ത്രി സംഭാഷണമധ്യേ പറഞ്ഞു, പ്രളയകാലത്തും കൂടാതെ കോവിഡ് കാലത്തും ഫോമയുടെ അകമഴിഞ്ഞ സഹായങ്ങൾക്ക് മന്ത്രി നന്ദി പറഞ്ഞു, കേരളത്തിലേക്ക് പ്രവാസി സംഘടനകൾക്ക് സാമൂഹിക പ്രവർത്തനങ്ങൾക്ക് ഫണ്ട് അയക്കുന്നതിന് ഇപ്പോഴുള്ള തടസങ്ങളെക്കുറിച്ചു ട്രഷറർ ബിജു തോണിക്കടവിൽ ഉന്നയിച്ചപ്പോൾ ഈ വിഷയം കേന്ദ്ര മന്ത്രിസഭയിൽ ഉന്നയിക്കാമെന്ന് മന്ത്രി മറുപടി പറഞ്ഞതായി അദ്ദേഹം അറിയിച്ചു, മറ്റു ഇതര പ്രവാസി സംഘടനകളുടെയും പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തു,
ഈ മാസം 22 നു ന്യൂ ജേഴ്സിയിൽ വച്ച് നടക്കുന്ന ഫോമാ ഹാൻഡിങ് ഓവർ സെറിമണിയിലേക്ക് എല്ലാ ഫോമാ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായി ഫോമാ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു.