ശ്രീദേവി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് പ്രേമാഭിഷേകം എന്ന സിനിമയിലെ,
“നീലവാന ചോലയിൽ, നീന്തിടുന്ന ചന്ദ്രികേ,
ഞാൻ രചിച്ച കവിതകൾ നിന്റെ മിഴിയിൽ കണ്ടുഞാൻ”
എന്ന ഗാനരംഗമാണ്. വളരെ ഹൃദ്യമായ ശ്രീദേവിയുടെ അഭിനയം.
“ദേവി ശ്രീദേവി തേടിവരുന്നു ഞാൻ
നിൻ ദേവാലയ വാതിൽ തേടി വരുന്നു ഞാൻ”
എന്ന മറ്റൊരു ഗാനവും ഇപ്പോൾ അറുപതിനോടടുത്ത വയസ്സുകളിൽ എത്തിനിൽക്കുന്നവർ ഓർക്കുവാൻ സാദ്ധ്യതയുണ്ട്.
ശ്രീയെന്നാൽ ഐശ്വര്യം, ദേവിയെന്നാലോ? ഭഗവൽ സ്വരൂപത്തിൻ്റെ സ്ത്രൈണ ഭാവം ഉൾകൊണ്ട രൂപം. സമ്പൽ സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ലക്ഷ്മി ഭാവമായി സങ്കല്പിക്കാം. അപ്പോൾ ശ്രീദേവി എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു പേജ് കണ്ടാൽ സംശയിക്കേണ്ട കാര്യം ഇല്ല. പക്ഷെ ആളുടെ ചിത്രം ഫേസ്ബുക്ക് പേജിൽ കൊടുത്തിട്ടില്ല, പകരം മനോഹരമായ ഒരു പുഷ്പമാണ് പ്രൊഫയിൽ ചിത്രം. അതൊരല്പം ആശങ്ക ഉളവാക്കുന്നു, എങ്കിലും, കുലീനയായ ഒരു മഹിളാരത്‌നം തൻറെ ചിത്രം, മാലോകരെല്ലാം കാണേണ്ട എന്ന ചിന്തയോടെ ചെയ്ത ഒരു നല്ല പ്രവർത്തിയായും ഇതിനെ വ്യാഖാനിക്കാം. പിന്നെ പുഷ്പം, സ്നേഹത്തിനേയും, സ്വാന്തനത്തിനെയും ഒക്കെയാണല്ലോ സൂചിപ്പിക്കുന്നത്.
കവിതയിലും, അതിലുപരി സമ്പൽ സമൃദ്ധിയിലും താല്പര്യമുള്ള ഒരു ദേവന്, ശ്രീദേവി എന്ന ഫേസ്ബുക്കിൽ നിന്നും ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നാൽ നിരസിക്കുവാൻ സാധിക്കുമോ?. ഭഗവൽ എന്ന നാമത്തിന്റെ പര്യായമായി ദേവൻ എന്നും പറയാം. അങ്ങനെ ഭഗവൽ സിങ്ങും ശ്രീദേവിയും തമ്മിൽ വളരെ അടുപ്പത്തിലായി. ശ്രീദേവി പറയുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്ന അത്രക്കടുപ്പം. ശ്രീദേവി സിദ്ധനെ പരിചയപ്പെടുത്തുന്നു, സിദ്ധനുമായി ചേർന്ന് രണ്ടുസ്ത്രീകളെ കശാപ്പുചെയ്ത്, ദൈവത്തിന്റെ സ്വന്തം നാട്ടിൽ, ഇതുവരെ കേട്ടുകേൾവിപോലുമില്ലാത്ത വിധത്തിൽ പൈശാചിക പ്രവർത്തികൾ ചെയ്തുകൂട്ടുന്നു..
കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോൾ ആണ് ഭഗവൽ സിങ് അറിയുന്നത്, ശ്രീദേവി എന്ന പേരിൽ ഫേസ്ബുക്കിലൂടെ ബന്ധപെട്ടിരുന്നത് മുഹമ്മദ് ഷാഫി എന്ന റഷീദ് ആയിരുന്നു എന്ന്. ശ്രീദേവിയായും, സിദ്ധനായും ഇനിയും അറിയാപെടാനിരിക്കുന്ന ഒട്ടനവധി വേഷങ്ങളും അഭിനയിച്ചിരിക്കുന്ന ഒരു പ്രഗൽഭനായ കുറ്റവാളിയാണ് റഷീദ്..
കൂടത്തായി സംഭവപരമ്പരക്കു ശേഷം, മാധ്യമങ്ങൾക്ക് വീണുകിട്ടിയ ചാകരയായി ഇലന്തൂർ നരബലി ഇപ്പോൾ കളം നിറഞ്ഞു നിൽക്കുമ്പോൾ, നമ്മൾ ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒരു പ്രധാന വിഷയം, ഈ കുറ്റകൃത്യത്തിൽ ഫേസ്ബുക്കിനുള്ള പങ്ക് എത്രത്തോളമുണ്ട് എന്നതാണ്.
ഗൂഗിളിൽ, ഫേസ്ബുക്കിൽ, യു ട്യൂബിൽ ഒക്കെ നമ്മൾ പ്രവേശിക്കുമ്പോൾ നമ്മളുടെ ഓരോ നീക്കങ്ങളും സസൂഷ്മം വീക്ഷിക്കുന്ന മൂന്നുനാലു നെറ്റ്‌വർക്ക് എഞ്ചിനീയേഴ്‌സ് നമ്മൾ ഉപയോഗിക്കുന്ന, ഉപകരണത്തിന്റെ സ്ക്രീനിനു പിന്നിൽ പതുങ്ങിയിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ നമ്മളുടെ ഉപയോഗങ്ങൾ മനസ്സിലാക്കി, ഓരോ വ്യക്തിയുടെയും സ്വഭാവങ്ങൾ ക്രോഡീകരിച്ച്, അനേകം സൂപ്പർ കമ്പ്യൂട്ടറുകൾക്ക് നമ്മളെ സംബന്ധിച്ച വിവരങ്ങൾ ഇവർ പകർന്നു കൊടുക്കുന്നു. അൽഗോരിതം ഉപയോഗിച്ച് സൂപ്പർകമ്പ്യൂട്ടറുകൾ ഓരോ ഉപഭോക്താവിന്റെയും സാങ്കല്പിക സ്വഭാവം നിർമ്മിച്ചെടുക്കുന്നു. ഇങ്ങനെ നിർമ്മിച്ചെടുക്കുന്ന രൂപം (Virtual) സാങ്കല്പികമാണെങ്കിലും ഒരു വ്യക്തി എങ്ങനെയൊക്കെ പ്രവർത്തിക്കാൻ സാദ്ധ്യതയുണ്ട് എന്ന് കൃത്യമായി പ്രവചിക്കുവാൻ വിവര സാങ്കേതിക കമ്പനികൾക്ക് സാധിക്കുന്നു. ഉപഭോക്താവിന്റെ സ്വഭാവത്തെ സ്വാധീനിച്ച് ഇന്റർനെറ്റ് ഭീമന്മാരുടെ സാമ്പത്തിക ലാഭത്തിനു വേണ്ടുന്ന പ്രവർത്തികൾ നമ്മളെകൊണ്ട് ചെയ്യിപ്പിക്കാൻ വരെ ഇവർക്കു സാധിക്കുന്നു.
മനുഷ്യരാശിയുടെ തിരോധാനത്തിന് കാരണമാകാവുന്ന ഒരു പ്രതിഭാസം കൃത്രിമ ബുദ്ധി (artificial intelligence) ആണെന്ന് ശാസ്ത്രജ്ഞൻമാർ പ്രവചിച്ചിട്ടുണ്ട്. നമ്മളുടെ സങ്കല്പത്തിലുള്ളത്, വലിയ ഒരു റോബോട്ട് പോലെയുള്ള ഉപകരണം വന്ന് മനുഷ്യരെ എല്ലാം അടിമകളാക്കുന്നു എന്നതാണല്ലോ. പക്ഷെ ഇപ്പോൾ തന്നെ സാമൂഹ്യ മാധ്യമങ്ങൾ, കൃത്രിമ ബുദ്ധി ഉപയോഗിച്ച് ഉപഭോക്താക്കളെ അടിമകൾ ആക്കിക്കഴിഞ്ഞിരിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുള്ളവർ നെറ്റ് ഫ്ലിക്സിലെ “The Social Dilemma” കാണുക.
മലയാളികൾക്കെല്ലാം തലകുനിച്ച് നടക്കേണ്ടി വന്ന ഈ സംഭവത്തിന് സാങ്കേതിക വിദ്യയെ മാത്രം പഴിചാരനല്ല ശ്രമിക്കുന്നത്. എന്നാൽ “സൈബർ സെല്ല്” പോലയുള്ള കുറ്റാന്വേഷണ ഏജൻസികൾ പ്രൊഫൈൽ പിക്ച്ചർ ഉപയോഗിക്കാതെ തുടങ്ങിയിരിക്കുന്ന ഫേസ്ബുക് പേജുകളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയാൽ അനേകം മനുഷ്യ ജീവനുകൾ ഭാവിയിൽ രക്ഷപെടുത്തുവാൻ സാധിക്കും.