ഒക്ലഹോമ: സൈക്കിൾ സവാരിക്കിറങ്ങിയ നാലുപേരുടെ അറുത്തു മാറ്റപ്പെട്ട ശരീരഭാഗങ്ങൾ ഒക്ലഹോമ നദിയിൽ നിന്ന് കണ്ടെടുത്ത സംഭവത്തിൽ കുറ്റവാളിയെന്നു സംശയിക്കുന്ന ജോ കെന്നഡി (67) എന്ന വ്യക്തിയെ ഫ്ലോറിഡയിലെ ഡെയ്ടണ്‍ ബീച്ചില്‍ നിന്ന് അറസ്റ്റു ചെയ്തതായി ലോക്കല്‍ പൊലീസ് ചീഫിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഷ്ടിച്ച വാഹനത്തിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.
ഒക്ടോബർ ഒമ്പതിനാണ് മാർക്ക് ചാസ്റ്റിൻ (32), ബില്ലി ചാസ്റ്റിൻ (30), മൈക്ക് സ്പാർക്ക്സ് (32), അലക്സ് സ്റ്റീവൻസ് (29) എന്നിവരെ കാണാനില്ലെന്നു കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയത്. ബില്ലിയുടെ വീട്ടിൽ നിന്ന് നാലുപേർ സംഘമായി ഒക്ടോബർ 9-ന് രാത്രി 9 മണിക്കാണ് ഇവര്‍ വീട്ടില്‍ നിന്ന് പുറത്തുപോയതെന്നു പറയുന്നു.
വെടിയേറ്റ് കൊല്ലപ്പെട്ട ഇവരുടെ ശരീരഭാഗങ്ങൾ നദിയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. ഇവരിൽ രണ്ടുപേരുടെ മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു. ശരീരഭാഗങ്ങൾ അറുത്തു മാറ്റപ്പെട്ടതിനാൽ തിരിച്ചറിയൽ വൈകിയെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ചയോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.
പോലീസ് പിടികൂടിയ ജോ കെന്നഡിയെ ഒക്ലഹോമയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ലെങ്കിലും മോഷണക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.