ന്യൂജേഴ്സി: അമേരിക്കയില്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തില്‍ (52) അന്തരിച്ചു. കോഴിക്കോട് ദേവഗിരി കോളജിലെ അദ്ധ്യാപകനായിരുന്ന പരേതനായ പ്രഫ. ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും മകനാണ്. രക്താര്‍ബുദം ബാധിച്ച് സ്റ്റെം സെല്‍ ട്രാന്‍സ്പ്ളാന്റേഷന്‍ നടത്തി അഞ്ചു വര്‍ഷത്തോളം വെന്റിലേറ്ററിലും തീവ്രപരിചരണ വിഭാഗത്തിലുമായി ചികിത്സയിലായിരുന്നു. ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവറിലായിരുന്നു താമസം.
ദീപികയില്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച ഫ്രാന്‍സിസ് ദീപികയുടെ വിവിധ ബ്യൂറോകളില്‍ ബ്യൂഫോ ചീഫ്, മംഗളം കോഴിക്കോട് യൂണിറ്റില്‍ ന്യൂസ് എഡിറ്റര്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്തവും പ്രമാദവുമായ അനേകം വാര്‍ത്തകളും ലേഖന പരമ്പരകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാധ്യമരംഗത്തെ അനുഭവങ്ങളുമായി ‘നാലാം തൂണിനപ്പുറം’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ മാധ്യമ പുരസ്‌കാരം, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡ്, പുഴങ്കര ബാലനാരായണന്‍ അവാര്‍ഡ്, പ്ളാറ്റൂണ്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഭാര്യ: നെസി തോമസ് തടത്തില്‍ (അക്യൂട്ട് കെയര്‍ നഴ്സ് പ്രാക്ടീഷണര്‍, ന്യൂജേഴ്സി). മക്കള്‍. ഐറിന്‍ എലിസബത്ത്, ഐസക് ഇമ്മാനുവേല്‍. സഹോദരങ്ങള്‍. വിക്ടോറിയ തടത്തില്‍ (എറണാകുളം), ലീന തടത്തില്‍ (കോഴിക്കോട്), വില്യം തടത്തില്‍ (യുകെ), ഹാരിസ് തടത്തില്‍ (ബെംഗളുരു), മരിയ തടത്തില്‍ (തൊടുപുഴ), സിസ്റ്റര്‍ കൊച്ചുറാണി (ടെസി- ജാര്‍ക്കണ്ഡ്), അഡ്വ. ജോബി തടത്തില്‍ (കോഴിക്കോട്), റോമി തടത്തില്‍ (കോടഞ്ചേരി), റെമ്മി തടത്തില്‍ (ഏറ്റുമാന്നൂര്‍), മഞ്ജു ആഗ്‌നസ് തടത്തില്‍ (യുഎസ്).