ന്യൂയോർക്ക്: ഒക്ടോബർ 23 ഞായറാഴ്ച സഭ ക്രിസ്തീയ കുടുംബദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ചു നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാതിർത്തിയിലുള്ള ഇടവകകളിലും പ്രത്യേക ആരാധനകളും പ്രസംഗങ്ങളും സംഘടിപ്പിക്കുന്നു. ക്രമീകരിക്കുന്നു.
കുടുംബം ദൈവത്തിന്റെ അനുഗ്രഹവും മഹത്തായ ദാനവുമാണെന്നും, ദൈവരാജ്യം ഈ ഭൂമിയിൽ സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയാണ് ക്രിസ്തീയ കുടുംബമെന്നും ഇതു സംബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയിൽ മെത്രാപ്പോലീത്താ ഓർമിപ്പിച്ചു.
കുടുംബം കുടുംബമായി നമുക്ക് ലഭിച്ചിരിക്കുന്ന കൃപകളെ ഓർത്ത് സ്തോത്രം ചെയ്യുവാനും, നമ്മെ തന്നെ ദൈവ സന്നിധിയിൽ സമർപ്പിക്കുവാനായി ഈ ദിവസം ഉപയോഗിക്കണമെന്നും മെത്രാപോലിത്താ ഓർമ്മിപ്പിച്ചു.
സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം, വർദ്ധിച്ചുവരുന്ന വിവാഹമോചനം, അണുകുടുംബം, ഇവയെല്ലാം വ്യക്തി ബന്ധങ്ങളേയും കുടുംബ ബന്ധങ്ങളേയും ശിഥിലമാക്കികൊണ്ടിരിക്കുന്നു. തകർന്നുകൊണ്ടിരിക്കുന്ന കുടുംബങ്ങളെ രക്ഷിക്കുന്നതിനുള്ള ബാധ്യത സഭയ്ക്കുണ്ടെന്നും മെത്രാപ്പോലീത്താ പറഞ്ഞു.
ക്രിസ്തീയ കുടുംബ ദിനം കുടുംബങ്ങളുടെ പുനഃപ്രതിഷ്ഠക്കും സമർപ്പണത്തിനും ഉള്ള അവസരമാകണം. അഴിമതി, ആഢംബരം, മദ്യപാനം, മുതലായ ദോഷങ്ങൾ വിട്ടൊഴിയുമെന്ന് ഓരോ കുടുംബവും പ്രതിജ്ഞയെടുക്കണം.
ആവശ്യത്തിലിരിക്കുന്നവർ, ഏകാന്തത അനുഭവിക്കുന്നവർ, മുതലായവർക്ക് സഹായവും സ്നേഹവും നൽകുന്നതിന് ഇടവകകളുമായി പ്രത്യേകം പരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പാക്കണമെന്നും മെത്രാപോലീത്താ ഉദ്ബോധിപ്പിച്ചു.
കുടുംബ ദിനത്തോടനുബന്ധിച്ച് കുടുംബദിന ആരാധനക്രമം ഇടവകയിൽ ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.