ന്യൂജെഴ്സി: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തിലിന്റെ നിര്യാണത്തിൽ ‘നാമം’, വേൾഡ് ഹിന്ദു പാർലമെന്റ് എന്നീ സംഘടനകളുടെ ചെയർമാനും ഫൊക്കാന മുൻ പ്രസിഡന്റുമായ മാധവൻ ബി നായർ അനുശോചിച്ചു. കർമ്മ പഥത്തിൽ സജീവമായിരിക്കേ അൻപതിരണ്ടാം വയസിൽ അകാലത്തിൽ പൊലിഞ്ഞ ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം അമേരിക്കയിലെ പ്രവാസി മാധ്യമ ലോകത്ത് തീരാനഷ്ടവും വേദനയുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു.
ഇതിനു മുന്‍പ് നിരവധി തവണ മരണത്തില്‍ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് തടത്തില്‍. രക്താര്‍ബുധം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു.
27 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ 2006 ജനുവരിയിൽ അമേരിക്കയിലേക്കു കുടിയേറിയതു മുതൽ മാധ്യമ രംഗത്തെ നിറസാന്നിധ്യമായി മാറുകയായിരുന്നു. ഫൊക്കാനയുടെ പ്രസിഡന്റായി മത്സരിക്കുന്ന വേളയിലും സ്ഥാനമേറ്റ് പ്രവർത്തിക്കുന്ന വേളയിലും മറ്റ് സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഫ്രാൻസിസ് നൽകിയ പിൻതുണ വിസ്മരിക്കാനാകില്ല. മാധ്യമ മേഖലയ്ക്ക് ഫ്രാൻസിസ് നൽകി പോന്നിട്ടുള്ള സമഗ്ര സംഭാവനകളെ മാനിച്ച് നാമത്തിന്റെ വാർഷികാഘോഷ വേളയിൽ അദ്ദേഹത്തിന് പുരസ്കാരം നൽകി ആദരിക്കാനായത് ഒരു സുകൃതമായി കരുതുന്നതായും മാധവൻ നായർ പറഞ്ഞു.
കഴിവുറ്റ ഈ സാമൂഹ്യ-മാധ്യമ പ്രവർത്തകന്റെ വിയോഗത്തിൽ വേദനിക്കുന്ന ഭാര്യ നെസ്സി തടത്തിലിന്റെയും, മക്കളായ ഐറീന്‍ എലിസബത്ത് തടത്തില്‍, ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍ എന്നിവരുടെയും മറ്റ് ബന്ധുജനങ്ങളുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായും മാധവൻ ബി നായർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.