വാരണാസി : ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ രണ്ട് ഭൂഗർഭ സ്ഥലങ്ങൾ (തെഹ്ഖാന) അളന്ന് തിട്ടപ്പെടുത്തണമെന്ന ഹിന്ദു പക്ഷം നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് നവംബർ രണ്ടിന് കോടതി മാറ്റി.
ഈ ഹര്‍ജിക്കെതിരെ യഥാസമയം എതിർപ്പ് ഫയൽ ചെയ്യാത്തതിന് വാരണാസി ജില്ലാ കോടതി പള്ളി കമ്മിറ്റിക്ക് പിഴ ചുമത്തുകയും ചെയ്തു.
ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർ ഗ്യാൻവാപി കോംപ്ലക്സിലെ രണ്ട് അടഞ്ഞ ഭൂഗർഭ സ്ഥലങ്ങളുടെ (തെഹ്ഖാന) സർവേ നടത്താൻ നേരത്തെ അപേക്ഷിച്ചിരുന്നു. ഇത് സംബന്ധിച്ച് എതിർപ്പ് അറിയിക്കാൻ കോടതി പള്ളിയുടെ ഭാഗത്തിന് സമയം നൽകിയിരുന്നു എന്ന് ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ മഹേന്ദ്ര പാണ്ഡെ പറഞ്ഞു.
“പള്ളിയുടെ ഭാഗത്തു നിന്ന് എതിർപ്പൊന്നും ഫയൽ ചെയ്യാൻ കഴിഞ്ഞില്ല. കോടതി അവർക്ക് 100 രൂപ പിഴ ചുമത്തുകയും വാദം കേൾക്കാനുള്ള തീയതി നിശ്ചയിക്കുകയും ചെയ്തു,” പാണ്ഡെ കൂട്ടിച്ചേർത്തു.
സമുച്ചയത്തിൽ നിന്ന് കണ്ടെടുത്തതായി അവകാശപ്പെടുന്ന ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹിന്ദു പക്ഷത്ത് നിന്നുള്ള ഒരു ഹർജിക്കാരൻ അഭ്യർത്ഥിച്ചു.