കണ്ണൂർ: പാനൂരില്‍ വിഷ്ണുപ്രിയ എന്ന 23 കാരിയെ കൊലപ്പെടുത്തിയ പ്രതി എന്ന് സംശയിക്കുന്ന ശ്യാംജിത്തിനൊപ്പം പോലീസ് തെളിവെടുപ്പ് നടത്തി. വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയും പിന്നീട് കഴുത്തറുത്ത് കൊലപ്പെടുത്തി ഒളിപ്പിച്ചു വെന്ന ആയുധങ്ങളാണ് പോലീസ് കണ്ടെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച സാധനങ്ങൾ അടങ്ങിയ ബാഗ് കുളത്തിൽ നിന്നാണ് കണ്ടെടുത്തത്. കുളത്തിൽ ഉപേക്ഷിച്ച ബാഗ് ശ്യാംജിത്ത് തന്നെയാണ് പോലീസിന് എടുത്തുകൊടുത്തത്.
കത്തി, ചുറ്റിക, സ്ക്രൂഡ്രൈവർ, മാസ്ക്, തൊപ്പി, കൈയ്യുറ, വാട്ടർ ബോട്ടിൽ, സോക്സ്, മുളകുപൊടി, ഇടിക്കട്ട എന്നിവയാണ് ബാഗിൽ നിന്ന് കണ്ടെടുത്തത്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായാണ് സൂചന. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ ലഭിച്ചത്. വിഷ്ണുപ്രിയയുമായി അഞ്ച് വർഷമായി പ്രണയത്തിലായിരുന്നുവെന്നും പിൻമാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി മൊഴി നൽകിയിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.
ഇന്നലെയാണ് കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23)യെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് വിഷ്ണുപ്രിയക്ക് നേരെ ആക്രമണമുണ്ടായത്. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ പിതാവിന്റെ അമ്മ മരണപ്പെട്ടതിനാല്‍ കുടുംബക്കാരും ബന്ധുക്കളും അവിടെയായിരുന്നു. ഉച്ചയോടെ തൊപ്പി ധരിച്ച് ബാഗുമായി ഒരാളെ വിഷ്ണുപ്രിയയുടെ വീടിന് മുന്നില്‍ കണ്ടതായാണ് നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. സഹോദരങ്ങള്‍: വിസ്മയ, വിപിന, അരുണ്‍.