കാസര്‍ഗോഡ്: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന്‍ കെ.വി. അശ്വിന് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ രാത്രി അശ്വിന്റെ മൃതദേഹം ജന്മനാടായ ചെറുവത്തൂരിലെത്തിച്ചു.
രാവിലെ പ്രദേശത്തെ വായനശാലയില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹം ഒരു നോക്കു കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരെത്തി. അശ്വിനെ ഒരു നോക്ക് കാണാൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഇവിടേക്ക് ഒഴുകിയെത്തി. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്ടറും മന്ത്രി അഹമ്മദ് ദേവർകോവിലും അശ്വിന് അന്തിമോപചാരം അർപ്പിച്ചു.
ഒന്നര മണിക്കൂറോളം ലൈബ്രറിയിൽ പൊതുദർശനം ഉണ്ടായിരിക്കും. പിന്നീട് 11:00 മണിക്ക് പൂർണ്ണ സൈനിക ബഹുമതികളോടെ കിഴക്കേമുറിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
കിഴക്കേമുറി കാട്ടുവളപ്പിൽ അശോകന്റെ മകനാണ് അശ്വിൻ. നാല് വർഷം മുമ്പാണ് സൈന്യത്തിൽ ചേർന്നത്. ഇലക്ട്രോണിക്സ് & മെക്കാനിക്കൽ വിഭാഗത്തിൽ എഞ്ചിനീയറായിരുന്നു. ഒരു മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചു പോയത്. മാതാപിതാക്കളും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു അശ്വിന്‍. മുതിർന്ന സൈനിക ഉദ്യോഗസ്ഥരാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്.