ന്യൂഡൽഹി: “ഞങ്ങൾ അദ്ദേഹത്തിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നു, അദ്ദേഹത്തിന് വിജയം നേരുന്നു,” തന്റെ മരുമകൻ ഋഷി സുനക്ക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിനെക്കുറിച്ചുള്ള അഭിപ്രായത്തിൽ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി പറഞ്ഞു. കൺസർവേറ്റീവ് പാർട്ടിയെ നയിക്കാനുള്ള മത്സരത്തിൽ ഞായറാഴ്ചയാണ് 42 കാരനായ സുനക് വിജയിച്ചത്. ഇപ്പോൾ ഇന്ത്യൻ വംശജനായ ബ്രിട്ടന്റെ ആദ്യ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ് ഋഷി സുനക്.
“ഋഷിക്ക് അഭിനന്ദനങ്ങൾ. ഞങ്ങൾ അദ്ദേഹത്തെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു, വിജയാശംസകൾ നേരുന്നു- നാരായണ മൂർത്തി ആദ്യ പ്രതികരണത്തിൽ പറഞ്ഞു. “യുണൈറ്റഡ് കിംഗ്ഡത്തിലെ ജനങ്ങൾക്കായി അദ്ദേഹം തന്റെ പരമാവധി ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാർമസിസ്റ്റായ അമ്മയുടെയും ഡോക്ടറായ അച്ഛന്റെയും മകനായ ഋഷി സുനക് ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിലൊന്നായ വിൻചെസ്റ്ററിലും തുടർന്ന് ഓക്സ്ഫോർഡിലുമാണ് പഠിച്ചത്. ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് ഇങ്കിൽ മൂന്ന് വർഷം ചെലവഴിച്ച അദ്ദേഹം പിന്നീട് കാലിഫോർണിയയിലെ സ്റ്റാൻഫോർഡിൽ നിന്ന് എംബിഎ കരസ്ഥമാക്കി. അവിടെ വെച്ചാണ് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെ കണ്ടുമുട്ടിയത്.
2009 ൽ അദ്ദേഹം അക്ഷതയെ വിവാഹം കഴിച്ചു, ദമ്പതികൾക്ക് കൃഷ്ണ അനുഷ്ക എന്നീ രണ്ട് പെൺമക്കളാണുള്ളത്.