കാലം കാത്തുനില്‍ക്കാതെ കറങ്ങി. സെസ്റ്റീന്‍ ചാപ്പലിലെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി മൈക്കെലാഞ്ജലോ പോപ്പ് ജൂലിയസ് രണ്ടാമന്റെ ശവകുടീര നിര്‍മ്മാണത്തിനുള്ള ചട്ടവട്ടങ്ങള്‍ കുട്ടുകയായിരുന്നു. വാസ്തവത്തില്‍ ആയിരത്തിയഞ്ഞുറ്റിയഞ്ചില്‍ അതായത് സെസ്റ്റീന്‍ ചാപ്പലിലെ ചിത്രരചനയ്ക്ക് മൂന്നു കൊല്ലം മുമ്പ് പോപ്പുമായി കരാറില്‍ ഒപ്പുവച്ചതാണ്. മൂന്നു നിലയില്‍ ഒരു വലിയ ശവകൂടീരം. അതില്‍ നാല്‍പ്പത്തിയേഴ് പ്രതിമകള്‍. മദ്ധ്യത്തില്‍ മോശയുടെ വലിയ പ്രതിമ. എട്ട് മാസത്തോളമെടുത്തു മോശയെ കൊത്താന്‍. കറോറ പാറമടയില്‍ നിന്ന് ഒത്ത ഒരു കല്ലു കണ്ടുകിട്ടാന്‍ വളരെ മുമ്പുതന്നെ ആര്‍ക്കും വേണ്ടാതിരുന്ന ഒരു കൂറ്റന്‍ കല്ല് കണ്ടുവെച്ചിരുന്നതാണ്. അത് ആരോ കൊണ്ടുപോയി. ഇപ്പോള്‍ പുതിയ നിരവധി ചെറുപ്പക്കാരായ ശില്പികള്‍ വന്നുകൊണ്ടിരിക്കുന്നു. അവരില്‍ ആരോ കൊത്തിപ്പഠിക്കാന്‍ ആ കല്ലു കൊണ്ടുപോയി എന്ന് അതുപേക്ഷിച്ച കടയുടമ മൈക്കിളിനോട് പറഞ്ഞപ്പോള്‍ ശില്പിക്ക് ഏറെ ഇച്ഛാഭംഗമുണ്ടായി.
എന്നാല്‍ കല്ല് റോമില്‍ എത്തിക്കും മുമ്പ് പോപ്പ് ജൂലിയസ് രണ്ടാമന്‍ ദിവംഗതനായ വാര്‍ത്ത മൈക്കെലാഞ്ജലോയെ ദുഃഖത്തിലാഴ്ത്തി. സെസ്റ്റീന്‍ ചാപ്പലിലെ മുകള്‍ അള്‍ത്താരയിലെ ചിത്രരചന പിന്നീട് വിചാരിച്ചിരുന്നതാണ്. എന്നാല്‍ പോപ്പിന് ചാപ്പലിന്റെ മുകള്‍ത്താര പെട്ടെന്ന് പൂര്‍ത്തിയാക്കി കാണാനായിരുന്നു ഏറെ താല്‍പര്യം. തിരുമനസ്സ് കരുതിയിരിക്കണം ശവകുടീര നിര്‍മ്മാണം കഴിഞ്ഞേ മരണം ഉണ്ടാകു എന്ന്. ആഗ്രഹങ്ങള്‍ മുഴുവന്‍ സഫലമാകാതെ കാലം ചെയ്ത പോപ്പിന്റെ ശവകൂടീര നിര്‍മ്മാണം ധൃതഗതിയില്‍ നടത്താന്‍ മൈക്കിളിന്റെ മനസ്സ് വെമ്പല്‍ പൂണ്ടു. പക്ഷേ, പുതിയ പോപ്പിന്റെ അനുമതി വേണം പദ്ധതി നടപ്പാക്കാന്‍. വേണ്ട്രത പണവും. ആരായിരിക്കാം പുതിയ പോപ്പ്? കടുത്ത മത്സരങ്ങള്‍ താണ്ടി എത്തുന്ന പോപ്പ് അതിശക്തന്‍ തന്നെ ആയിരിക്കും. ഇറ്റലിക്കു പുറമേ ശക്തരായ ഫ്രാന്‍സും സ്പെയിനും ഹോളണ്ടും ഗ്രീസും ഇംഗ്ലണ്ടുമൊക്കെ അതിന്നു ശ്രമിക്കാതെയിരിക്കുമോ!
എന്നാല്‍ പെട്ടെന്ന് ഒരു സന്തോഷ വാര്‍ത്തയാണ് മൈക്കിളിനെ എതിരേറ്റത്. മെഡിസിയിലെ ലോറന്‍സോ പ്രഭുവിന്റെ രണ്ടാമത്തെ മകന്‍ ജിയോ വാനി ഡി മെഡിസി പുതിയ പോപ്പായി അവരോധിക്കപ്പെടുന്നു. പോപ്പ് ലിയോ പത്താമന്‍ എന്ന നാമധേയത്തില്‍. ഇതില്‍പ്പരം എന്തു സന്തോഷം. എല്ലാം ഉദ്ദേശിച്ചതുപോലെ നടപ്പാക്കാം. ഏതാണ്ട് സമപ്രായക്കാരനായ പോപ്പ്. തനിക്ക് മുപ്പത്തെട്ടും പോപ്പ് ലിയോയ്ക്ക് മുപ്പത്തേഴും പ്രായം.
കാലം പുറകോട്ടൊന്നു കറങ്ങി. പത്തിരുപത്തിമുന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനഞ്ചാം വയസ്സില്‍ മെഡിസി പ്രഭുവിന്റെ കൊട്ടാരത്തില്‍ പ്രതിമ നിര്‍മ്മാണം പഠിക്കാന്‍ അവസരം കിട്ടിയ കാലം. അതായിരുന്നു ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവ്. ഫ്ലോറന്‍സിലെ ഭരണാധികാരിയായി ലോറന്‍സോ മഗ്നിഫിസന്‍ഡ് ഇറ്റലിയിലേറെ സ്വാധീനമുള്ള ഭരണാധികാരി യായിരുന്നു, കര്‍ദിനാള്‍മാരും ആര്‍ച്ചു ബിഷപ്പുമാരുമായി ബന്ധുക്കളും സുഹൃത്തുക്കളുമായി എന്നും അവിടെ ആഘോഷങ്ങള്‍ അരങ്ങേറിയിരുന്നു. നൃത്തവും പാട്ടും ഉപകരണ സംഹിതങ്ങളുമായി ഹരം പിടിപ്പിക്കുന്ന ആഘോഷങ്ങള്‍. ടസ്കിനി മലനിരകളിലെ മുന്തിരിയില്‍നിന്ന് വാറ്റിയെടുക്കുന്ന വീഞ്ഞ് ആഘോഷങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. അപ്പോള്‍ കൂട്ടുകാരായി കിട്ടിയ സമപ്രായകാരായിരുന്നു ലോറന്‍സോ പ്രഭുവിന്റെ മക്കള്‍ പിയ റോയും, ജിയോവാനിയും.
ഗ്രാമര്‍ സ്കൂള്‍ പഠനം കഴിഞ്ഞ് പിയറോ ഭരണകാര്യങ്ങളില്‍ മെഡിസി പ്രഭുവിനെ സഹായിച്ച് കൊട്ടാരത്തില്‍ത്തന്നെ വസിച്ചു. എന്നാല്‍ ജിയോ വാനി റോമില്‍ സാന്താമറിയ ഡൊമിനിക്കന്‍ സെമിനാരി യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരുന്നു. അതിനു മുന്നോടിയായി എട്ടാം വയസ്സില്‍ വലിയൊരാഘോഷം നടന്നിരുന്നു. അതേപ്പറ്റിയൊക്കെ ഇടയ്ക്ക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് അവധിക്കു വരുമ്പോള്‍ ജിയോവാനി വാചാലനായിരുന്നു.
എന്തായിരുന്നു ഉപരിപഠനത്തിനു മുമ്പുള്ള ആഘോഷം? മൈക്കിള്‍ ജിജ്ഞാസയില്‍ ഒരിക്കല്‍ ചോദിച്ചു.
അതു ധനികരായ രാജാക്കന്മാര്‍ക്കും പ്രഭുക്കള്‍ക്കും മാത്രമേ അത്തരം പഠനങ്ങള്‍ നടത്താനാവു. ഏറെ ചിലവുള്ള കാര്യമാണ്. കര്‍ദിനാള്‍ കോളേജില്‍ ദൈവശാസ്ത്രം അഭ്യസിക്കുക. എട്ടാം വയസ്സില്‍ നടന്ന ആഘോഷമതായിരുന്നു. റോമില്‍നിന്ന് പോപ്പിന്റെ സ്ഥാനപതിയായ കാര്‍ഡിനല്‍ എത്തിയിരുന്നു. ധാരാളം പ്രഭുക്കളും. അതൊരു കൂദാശതന്നെ. തലയില്‍ ഉച്ചിയിലെ തലനാരുകള്‍ ചെറിയ വട്ടത്തില്‍ വെട്ടുന്ന കര്‍മ്മാനുഷ്ഠാനങ്ങളോടെ. അപ്പോള്‍ മുതല്‍ കര്‍ദിനാള്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവനായി. ആ വ്യക്തി സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നു. അതിനുശേഷം അഞ്ചു വര്‍ഷത്തോളം നീണ്ട പഠനം. അത് ദൈവശാസ്ധ്തം. കാനോന്‍ നിയമങ്ങള്‍. ഗ്രീക്കിലും ലത്തീനിലുമുള്ള വിജ്ഞാനം. തര്‍ക്കശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലുമുള്ള വിജ്ഞാനം, അങ്ങനെ അറിവുകളുടെ സമഗ്രമായ പഠനത്തിനുശേഷം കര്‍ദിനാള്‍ കോളേജില്‍ ഗ്രാഡുവേഷന്‍ കഴിഞ്ഞാല്‍ കര്‍ദിനാലായി കോണ്‍ക്ലേവില്‍ പങ്കെടുക്കാം. പുതിയ പോപ്പുമാരെ തിരഞ്ഞെടുക്കുന്ന തിരുസംഘത്തിലെ അംഗമായി.
എന്താണ് കോണ്‍ക്ലേവ്?
മേല്‍മെത്രാന്‍ തിരുസംഘം അതായത് കര്‍ദിനാള്‍ സംഘം പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനാണ് കോണ്‍ക്ലേവ് എന്നര്‍ത്ഥമാക്കുന്നത്. അത് സെസ്റ്റീന്‍ ചാപ്പലില്‍ അപ്പസ്തോല താക്കോല്‍ മുറിയിലാണ്. ലത്തീനില്‍ “കോണ്‍’ എന്നത് സ്വകാര്യ സമ്മേളനം എന്നും “ക്ലേവ്’ താക്കോല്‍ മുറി എന്നും തന്നെ. വിശദമായി പറഞ്ഞാല്‍ അപ്പസ്തലോനായ ശമയോന്‍ പത്രോസിന്റെ തുടര്‍ച്ചക്കാര്‍ പോപ്പായി വാഴിക്കപ്പെടുന്നു. മൈക്കിള്‍ വായിച്ചിരിക്കണം, പുതിയ നിയമത്തില്‍ യേശു തമ്പുരാന്‍ പ്രധാന അപ്പസ്തോലനായി തിരഞ്ഞെടുത്ത ശമയോന്‍ പത്രോസിനോട് യേശു തമ്പുരാന്‍ പറഞ്ഞ വചനങ്ങള്‍. പത്രോസേ, നീ പാറയാകുന്നു. നീയാകുന്ന പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും. സ്വര്‍ഗ്ഗ കവാടത്തിന്റെ താക്കോല്‍ ഞാന്‍ നിന്നെ ഏല്‍പ്പിക്കുന്നു. നരക വാതിലുകള്‍ അതിനെതിരായി പ്രബലപ്പെടുകയില്ല എന്നര്‍ത്ഥം വരുന്ന സുവിശേഷ ഭാഗങ്ങള്‍! ആ താക്കോല്‍ സൂക്ഷിക്കുന്ന ചരിത്ര പ്രസിദ്ധമായ വൃത്താകാരമായ ഇരിപ്പിടങ്ങള്‍ ഒരുക്കിയ വിശാലമായ മുറി കാണേണ്ടതുണ്ട്. അവിടെ മഹാചിത്രകാരന്മാരും, ശില്പികളും കോറിയിട്ട അനശ്വര ശില്പങ്ങളും ചിത്രങ്ങളും, വലിയ വിലപ്പെട്ട പുസ്തകശേഖരമുള്ള വായനശാലയുമുണ്ട്. ആ കെട്ടിട സമുച്ചയത്തില്‍ത്തന്നെയാണ് കര്‍ദിനാള്‍ കോളേജും. അവിടെത്തന്നെയാണ് ഞാന്‍ അഭ്യസിക്കുന്നതും. ഒരിക്കല്‍ ഞാന്‍ മൈക്കിളിനെ അവിടെ കൊണ്ടുപോയി കാണിക്കാം.
ശില്പകല മെഡിസി പ്രഭുവിന്റെ കൊട്ടാരത്തില്‍ പഠിച്ചുകൊണ്ടിരുന്ന മൈക്കെലാഞ്ജലോയ്ക്ക് ഒരു ഉള്‍വിളിയുണ്ടായി. റോമില്‍ വത്തിക്കാനില്‍ പോകണം. ധാരാളം കേട്ടിട്ടുണ്ട് മഹാശില്പികളുടെയും ചിത്രകാരന്മാരുടെയും കരവിരുതിന്റെ അത്ഭുതദൃശ്യങ്ങളവിടെയുണ്ടെന്ന്. ജിയോട്ടൊ, ഡൊണ റ്റെല്ലോ, ബോട്ടോസെല്ലി തുടങ്ങി ഇന്ന് മഹാശില്പിയും ചിത്രകാരനുമായി വിരാജിക്കുന്ന ലിയനാര്‍ഡോ ഡാവിന്‍ചിയുടെ വരെ. ഇവരാണ് നവോത്ഥാ നകാലഘട്ടത്തിലെ ഇതുവരെയുള്ള മഹാരഥന്മാര്‍.
ശില്പകലയുടെ മഹാമുഴക്കം മൈക്കെലാഞ്ജലോ കേട്ടു. ശീൽക്കാരത്തോടെ ഉളിയുടെ താളം. അവ കരിങ്കല്ലുകള്‍ക്കുള്ളില്‍ നിന്നും അത്ഭുത പ്രതിമകളെ ഉയിര്‍പ്പിക്കുന്നു. ആ ശില്പങ്ങള്‍ മനുഷൃരാശിയെ തുറിച്ചു നോക്കുന്നു. തെല്ലൊരഹങ്കാരത്തോടെ! സൃഷ്ടികര്‍ത്താവിനെക്കാള്‍ വലിയ പ്രതിഭ ഞാനെന്ന മട്ടില്‍. ഒരിക്കല്‍ അല്ല, അതിനിനി അധികം താമസമില്ല. എന്റെ പ്രതിമകളും അവിടെ ഉയര്‍ത്തെണീക്കും. ഒരുപക്ഷേ, മഹാരഥന്മാര്‍ എന്നെ അസൂയയോടെ നോക്കാം. കില്ലച്ചെക്കന്‍ ഇവന്‍ ശില്പിയുടെ കുപ്പായമണിഞ്ഞ് എന്നോട് മത്സരിക്കാനെത്തുന്നോ എന്ന് മഹാപ്രതിഭയായ ലിയനാര്‍ഡോ ഡാവിന്‍ചി അത്ഭുതപ്പെട്ടാല്‍ എന്തു തെറ്റു പറയാന്‍? അല്ലെങ്കില്‍ ഒരുപക്ഷേ, അദ്ദേഹമങ്ങനെ ചിന്തിച്ചെങ്കില്‍ എന്റെ മനസ്സില്‍ ഒരു ഉത്തരമുണ്ട്. ആരുടെയും കുത്തകയല്ലല്ലോ ഒന്നുമൊന്നും. ഹൃദയത്തിലൊരു ശില്പി ഉളിയും കുടവുമെടുത്തു. പോകൂ റോമിലേക്ക്, വത്തിക്കാനിലേക്ക്. പരിതഃസ്ഥിതികളെ വെല്ലുവിളിച്ചുകൊണ്ട് ആ ദൌത്യം ചെയ്യാന്‍ എനിക്കു പ്രേരണ തരുന്നതാരാണ്, എന്റെ ഉള്ളിലെ ഉഗ്രമൂര്‍ത്തിയായ ശില്പി.
മൈക്കിള്‍ ജിയോവാനിയോട് പറഞ്ഞു; കോണ്‍ക്ലേവില്‍ എനിക്കും ശില്പങ്ങളും ചിത്രങ്ങളും കോറിയിടണം. അതെന്റെ വലിയ ആഗ്രഹമാണ്.
തീര്‍ച്ചയായും അതിനൊരു അവസരമുണ്ടാകും.
കുറേക്കാലങ്ങള്‍ക്കുശേഷം ഒരവസരമുണ്ടായി. പത്തുപന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം. അന്ന് മൈക്കെലാഞ്ജലോ ഡേവിഡിന്റെ ശില്പം കൊത്തി മദ്ധ്യകാലഘട്ടത്തിലെ ശില്പികളെയും ചിത്രകാരന്മാരെയും അമ്പരപ്പിച്ചുകൊണ്ട് അതിപ്രശസ്തനായിരുന്ന കാലം. ഫ്ലോറന്‍സിലെ ഭരണാധികാരിയും ഏതാണ്ട് സമപ്രായക്കാരനുമായ കര്‍ദിനാള്‍ ഡി മെഡിസി, അതേ ചങ്ങാതിയായ ജിയോവാനി മൈക്കിളിനെ റോമില്‍ വത്തിക്കാനിലേക്ക് ക്ഷണിച്ചു. പുതിയ പോപ്പിനെ പരിചയപ്പെടാന്‍. പുതിയ പോപ്പിന്റെ കോണ്‍ക്ലേവിന് എത്തിയതായിരുന്നു ഇരുപത്താറുകാരനായ കര്‍ദിനാള്‍ ഡി മെഡിസി. കേവലം ഒരു മാസം പോപ്പായിരുന്ന പയസ് മൂന്നാമന്റെ കബറിടം ഉയരും മുമ്പ് തിരക്കിട്ടു നടന്ന ഒരു കോണ്‍ക്ലേവ്.
വത്തിക്കാന്റെ ചരിത്രത്തിലെ ശക്തനായ ഒരു പോപ്പിന്റെ കുതിപ്പ്.
സിക്റ്റസ് നാലാമന്റെ കാലശേഷം പത്തൊമ്പതുവര്‍ഷത്തെ കാത്തിരിപ്പിന്ന് വിരാമമിട്ട് കര്‍ദിനാള്‍ ജുലിയാനോ റൊവേറാ പോപ്പ് ജൂലിയസ് രണ്ടാമനായി സ്ഥാനാരോഹണം ചെയ്തിരിക്കുന്നു. അതിന് ചുക്കാന്‍ പിടിച്ച പ്രധാനി തന്റെ സമപ്രായയ്ക്കാരനും ഉറ്റ ചങ്ങാതിയുമായ കാഡിനല്‍ ഡി മെഡിസി എന്ന ജിയോവാനി. മൈക്കെലാഞ്ജലോ മനസ്സില്‍ കുറിച്ചിട്ടു. ജൂലിയസ് പോപ്പിന്റെ കാലശേഷം അടുത്ത പോപ്പ് ചെറുപ്പക്കാരനായ എന്റെ ചങ്ങാതി തന്നെ. എന്നാല്‍ ഇതുവരെ പുരോഹിതനായിപ്പോലും പട്ടം കിട്ടാത്ത കര്‍ദിനാള്‍ എങ്ങനെ പോപ്പാകും? ആ സംശയം മനസ്സില്‍ നില്‍ക്കെ റോമില്‍ എത്തിയ മൈക്കെലാഞ്ജലോയോട് ആ രഹസ്യം കര്‍ദിനാള്‍ ഡി മെഡിസി എന്ന ജിയോവാനി വിസ്തരിച്ചു.
അല്ലെങ്കില്‍ത്തന്നെ പോപ്പ് പദം അലങ്കരിക്കുന്നവര്‍ സാധാരണക്കാരാണോ? രാജകുടുംബങ്ങളില്‍നിന്ന്, പ്രഭു കുടുബങ്ങളില്‍നിന്ന്, അതും യുറോപ്പിൽ ഇറ്റലിയുടെ ഏതെങ്കിലും ഒരു ഭാഗത്തുനിന്നല്ലേ. അവര്‍ പാരമ്പര്യമുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടവരും വിളിക്കപ്പെട്ടവരുമായ അഭ്യസ്തവിദ്യര്‍, അഗാധ പണ്ഡിതര്‍! അങ്ങനെ അവരെ ഒരുക്കുന്ന കര്‍ദിനാള്‍ കോളേജ് ബിരുദാനന്തര ബിരുദ സമ്പാദനത്തിനുശേഷം നടത്തുന്ന ഗ്രാഡുവേഷന്‍. ആദ്ധ്യാത്മികമായും വിജഞാനപരമായും ഉന്നതത്തിലേക്ക് അവരെ കൈപിടിച്ചുയര്‍ത്തില്ലേ. അത് സാധാരണക്കാരന് അപ്രാപ്യമായതു തന്നെ. അവരെ സൃഷ്ടിക്കുന്ന ഉന്നത ശ്രേണിയിലെ ഫ്യൂഡല്‍ വ്യവസ്ഥിതിയെ ആര്‍ക്ക് ചോദ്യം ചെയ്യാനാകും? അംശവടിയും അധികാരചിഹനങ്ങളും അണിഞ്ഞ് സ്ഥാനാരോഹിതരായവര്‍ സ്വര്‍ണ്ണക്കിരീടം തന്നെയല്ലേ അണിയുന്നത്? അങ്ങനെയുള്ള കര്‍ദിനാള്‍ കോണ്‍ക്ലേവിലൂടെ പോപ്പായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അവരെ ആദ്യം വൈദികന്‍, പിന്നീട് റോമിന്റെ മ്രെതാപ്പോലീത്താ എന്നിവ നല്‍കി പോപ്പാക്കി ഉയര്‍ത്തും. കര്‍ദിനാള്‍ പദവി ഉള്ള പേരില്‍.
മൈക്കെലാഞ്ജലോ അത്ഭുതം കൂറി. ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തിരിമറികള്‍. പോപ്പ്, രാജാക്കന്മാര്‍, പ്രഭുക്കള്‍, ഇടപ്രഭുക്കള്‍, പട്ടാള മേധാവികള്‍, അവരുടെ കീഴിലെ പരിശീലനം ലഭിച്ച പട്ടാള സമുഹം, ഇവരെ ഒക്കെ നിലനിര്‍ത്താന്‍ വ്യവസായ പ്രമാണികള്‍, അവര്‍ക്ക് അന്നം നല്‍കാന്‍ വിയര്‍ത്ത് വയലില്‍ പകലന്തിയോളം പണിയെടുക്കുന്ന കൃഷിക്കാര്‍, ഏറ്റവും താഴത്തെ തട്ടില്‍ അടിമകള്‍, അവര്‍ക്ക് ആത്മാവില്ല എന്നുപോലും പരക്കെ സംസാരമുണ്ട്. സഭ അതേപറ്റി ഒന്നും തന്നെ പറയുന്നില്ല. അടിമകളുടെ കാര്യമാണ് കഷ്ടം! അവര്‍ ഒരു ജീവിതച്രകത്തില്‍ കന്നുകാലികളെപ്പോലെ ജീവിച്ചൊടുങ്ങുന്നു. രാപകല്‍ വിശ്രമമില്ലാത്ത അദ്ധ്വാനം. കഷ്ടിച്ച് വിശപ്പകറ്റാന്‍ മാത്രം ഭക്ഷണം. അവരുടെ സ്ത്രീകളും യുവതികളും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍വരെ ഉന്നതരുടെ വിഴുപ്പലക്കുകയും ഇരുളില്‍ അവരുടെ കിടക്കകള്‍ വരെ പങ്കിടേണ്ടിവരുകയും ചെയ്യുന്ന അവസ്ഥ!
ഇതൊക്കെ ശരിയാണോ? പക്ഷേ, കാലങ്ങള്‍ കഴിയുമ്പോള്‍ ഈ വ്യവസ്ഥിതികള്‍ക്ക് മാറ്റമുണ്ടായേയ്ക്കാം. നവോത്ഥാനംതന്നെ എല്ലാറ്റിനും ആരംഭം കുറിക്കുമെന്ന് കരുതാം. എന്തെല്ലാം വ്യവസ്ഥിതികള്‍ക്ക് മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്നു.
എങ്കിലും മൈക്കെലാഞ്ജലോ ഉള്ളിലുയര്‍ന്ന നീതിബോധത്തെ ന്യായീകരിക്കാന്‍ കര്‍ദിനാള്‍ ഡി മെഡിസിയോട് ചോദിച്ചു:
പിതാവേ, നാം തമ്മില്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരിക്കെ ഇന്ന് നിലനില്‍ക്കുന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയെപ്പറ്റി അങ്ങയുടെ അഭിപ്രായം എന്താണ്?
ഈ നവോത്ഥാനകാലഘട്ടത്തില്‍ പല വ്യവസ്ഥിതികള്‍ക്കും മാറ്റം വന്നു കൊണ്ടിരിക്കുകയാണല്ലോ. ഇടയ്ക്കിടെ എനിക്ക് തോന്നാറുണ്ട് ഇത് യുക്തവും ന്യായരഹിതവുമല്ലെന്ന്!
കര്‍ദിനാള്‍ ഒന്ന് കുടഞ്ഞിട്ട് ചിരിച്ചു പറഞ്ഞു;
എന്തൊരു മണ്ടന്‍ ആലോചനയാണ് മൈക്കിളിന്റേത്! അടിമകളില്ലാതെ ഈ ലോകം എങ്ങനെ നിലനില്‍ക്കും! സൃഷ്ടി അങ്ങനെയാണ്. സ്ഥിതിസമത്വം ഒരു തത്ത്വജഞാനം പോലെ മാത്രം മതി.
അപ്പോള്‍ അടിമകള്‍ക്ക് ആത്മാവില്ലെന്നാണോ അങ്ങ് കരുതുന്നത്!
ഉണ്ടാകാം. ഇല്ലാതാകാം! അതല്ല ഇവിടത്തെ പ്രമേയം. മനുഷ്യരാശിയുടെ നിലനില്‍പ്പ് തരംതിരിക്കലിലാണ്. ആര്‍ ആര്‍ക്കുവേണ്ടി ജോലി ചെയ്യും? തരംതിരിവ് സൃഷ്ടിയില്‍ത്തന്നെ ആണ്. പെണ്ണ്, ബലിഷ്ഠന്‍, കൃശഗാത്രന്‍, ധൈരൃശാലി, ഭീരു, ധിഷണാശാലി, വിഡ്ഡി, കരിങ്കല്‍ഹൃദയന്‍, ലോലഹൃദയന്‍, നപുംസകങ്ങള്‍, സ്ത്രൈണ സ്വഭാവമുള്ളവര്‍ – അങ്ങനെ അങ്ങനെ പലതും! മൈക്കിള്‍ ഇനിയും ഇത്തരം അര്‍ത്ഥശുന്യമായ ചോദ്യം ആവര്‍ത്തിക്കരുതെന്ന് എന്റെ സ്നേഹിതനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. താങ്കള്‍ ബുദ്ധിമാനായ ദൈവത്തിന്റെ കരസ്പര്‍ശമുള്ള അതുല്യനായ ശില്പിയും ചിത്രകാരനുമാണ് എന്നും എന്റെ മനസ്സില്‍, അതങ്ങനെയായിരിക്കട്ടെ എന്നും!
മൈക്കെലാഞ്ജലോയുടെ ഹൃദയത്തിലൂടെ ഒരു കൊടുങ്കാറ്റ് മൂളിപ്പറന്നു. അപ്പോള്‍ ഹൃദയത്തിലാരോ മന്ത്രിച്ചു: കാലപ്രവാഹം എല്ലാം നവീകരിച്ചുകൊള്ളും!
(തുടരും….)