മിലാന് (ഇറ്റലി): മിലാന്റെ പ്രാന്തപ്രദേശമായ അസാഗോയിലെ ഒരു ഷോപ്പിംഗ് സെന്ററില്‍ നടന്ന ആക്രമണത്തിൽ കുത്തേറ്റ അഞ്ച് പേരിൽ ആഴ്സണൽ ഫുട്ബോൾ താരം പാബ്ലോ മാരിയും ഉൾപ്പെടുന്നതായി റിപ്പോര്‍ട്ട്.
വ്യാഴാഴ്ചയാണ് സൂപ്പർമാർക്കറ്റിലെ ഷെൽഫിൽ നിന്ന് ഒരാൾ കത്തിയെടുത്ത് അഞ്ച് പേരെ കുത്തിയത്. ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെടുകയും സ്പാനിഷ് ഫുട്ബോൾ താരം പാബ്ലോ മാരി ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറ്റാലിയൻ അധികൃതർ പറഞ്ഞു. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന 46 കാരനായ ഇറ്റാലിയൻ കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഒരു സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ മരിച്ചതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു, മറ്റ് മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരാൾക്ക് ഷോക്കേറ്റ് ചികിത്സ ലഭിച്ചെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിന്റെ കാരണം അജ്ഞാതമാണ്. എന്നാൽ, ഇയാൾക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതിന്റെ ലക്ഷണങ്ങൾ കാണിച്ചതായി പോലീസ് പറഞ്ഞു. ഭീകരതയെ സൂചിപ്പിക്കുന്ന ഘടകങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ആഴ്സണലിൽ നിന്ന് സീരി എ ക്ലബ് മോൻസയിലേക്ക് വന്ന ഫുട്ബോൾ താരം പാബ്ലോ മാരിയും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. മാരി ആശുപത്രിയിലാണെന്നും എന്നാൽ കാര്യമായ പരിക്കില്ലെന്നും ആഴ്സനൽ പ്രസ്താവനയിൽ പറഞ്ഞു.
മോൺസ ക്ലബ് സിഇഒ അഡ്രിയാനോ ഗലിയാനി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ താരത്തിന് വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിച്ചു.
ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന കോളുകളോട് പോലീസും ആംബുലൻസ് ജീവനക്കാരും ഉടൻ പ്രതികരിച്ചതായി കാരിഫോർ സൂപ്പർ മാർക്കറ്റ് ശൃംഖല അറിയിച്ചു. ആക്രമണത്തിനിരയായ ജീവനക്കാരോടും കസ്റ്റമേഴ്സിനോടും ശൃംഖല അനുശോചനം രേഖപ്പെടുത്തുകയും അവർക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.