ഹ്യൂസ്റ്റണ്‍: ഫൊക്കാനയുടെ നേതൃത്വത്തില്‍ യുവ വ്യവസായ സംരംഭകര്‍ക്ക് പരിശീലന പദ്ധതി ആരംഭിക്കുമെന്ന് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു. ഹ്യൂസ്റ്റണില്‍ ഫൊക്കാന ടെക്സാസ് റീജിയണ്‍ എലൈറ്റ് ഇന്‍ഡോ പാക് റസ്റ്റോറന്‍റില്‍ വെച്ചു നടത്തിയ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവസരങ്ങളുടെ നാടായ അമേരിക്കയില്‍ പ്രായോഗികമായി വിജയത്തിലെത്തിക്കാവുന്ന അനേകം അവസരങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും പ്രയോജനപ്പെടുത്താൻ നമ്മുടെ യുവ തലമുറയ്ക്ക് കഴിയുന്നില്ല എന്നത് ദുഃഖകരമാണ്. ആവശ്യമായ പരിശീലനം ലഭിച്ചാല്‍ നമ്മുടെ കുട്ടികളെ വിജയത്തിലെത്തിക്കാവുന്ന അനേകം അവസരങ്ങള്‍ ഇവിടെയുണ്ട്. ഈ രംഗത്ത് വൈദഗ്ധ്യം നേടിയ ആള്‍ക്കാരെ ഉള്‍പ്പെടുത്തി സെമിനാറുകളും, വേബിനാറുകളും മുഖേനയായിരിക്കും പരിശീലനം നടത്തുന്നത് എന്നും അദ്ദേഹം അറിയിച്ചു.
കേരളത്തില്‍ സ്വത്തുവകകള്‍ സംരക്ഷിക്കാനും, വില്‍പന നടത്താനും വിദേശ മലയാളികള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേരള ഗവണ്മെന്റിന്റെ കിഴിൽ ഒരു ട്രൈബ്യുണൽ സ്ഥാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു.
യോഗത്തില്‍ റീജിയണല്‍ വൈസ് പ്രസിഡന്‍റ് സന്തോഷ് ഐപ്പ് അദ്ധ്യക്ഷത വഹിച്ചു. ഫൊക്കാന മുന്‍ പ്രസിഡന്‍റ് ജി.കെ. പിള്ള പൊന്നാടയണിയിച്ച് പുതിയ ഫൊക്കാന പ്രസിഡന്‍റിനെ ഹ്യൂസ്റ്റണിലേക്ക് സ്വാഗതം ചെയ്തു. ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ഏബ്രഹാം ഈപ്പന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എറിക് മാത്യൂ, നാഷണല്‍ കമ്മിറ്റി അംഗം ഡോ. രഞ്ജിത്ത് പിള്ള, ഫോമാ ആര്‍.വി.പി. മാത്യൂസ് മുണ്ടയ്ക്കല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രൊവിന്‍സ് പ്രസിഡന്‍റ് റോയി മാത്യു, മാഗ് മുന്‍ പ്രസിഡന്‍റുമാരായ തോമസ് ചെറുകര, വിനോദ് വാസുദേവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ആന്‍ഡ്രൂസ് ജേക്കബ് നന്ദി പ്രകാശനം നടത്തി.