മുംബൈ: മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിൽ ഞായറാഴ്‌ച ഇരുനില കെട്ടിടം തകര്‍ന്ന് അഞ്ച് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കെട്ടിടം കാലപ്പഴക്കം ചെന്നതും ജീർണിച്ചതും ആയതിനാൽ ഈ വർഷം ജൂലൈയിൽ പൊളിക്കാൻ അമരാവതി മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നഗരത്തിലെ പ്രഭാത് ചൗക്കിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം തകർന്നുവീണ് അഞ്ച് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അമരാവതി പോലീസ് കമ്മീഷണർ ഡോ. ആർതി സിംഗ് സ്ഥിരീകരിച്ചു.
കെട്ടിടം തകർന്നതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പവ്നീത് കൗർ പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ച ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം നൽകാൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തീരുമാനിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ അന്വേഷണം നടത്താൻ ഡിവിഷണൽ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്, ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.