തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതികളാക്കുമെന്ന് പോലീസ്. കേസിലെ തെളിവ് നശിപ്പിച്ചതിനാണ് അമ്മയേയും അമ്മാവനേയും പ്രതികളാക്കുന്നതെന്നും പോലീസ് പറഞ്ഞു. ഷാരോണിന്റെ മരണവാർത്തയറിഞ്ഞ് ഇരുവരും ഗ്രീഷ്മയെ സംശയിക്കുകയും തുടർന്ന് ഇരുവരും ചേര്‍ന്ന് കഷായത്തിന്റെ കുപ്പിയും മറ്റു തെളിവുകളും നശിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇരുവരേയും തെളിവ് നശിപ്പിച്ചതിന് പ്രതികളാക്കുന്നത്. ഇവരടക്കം നാലുപേരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
ഷാരോണിന്റെ മരണശേഷം ഗ്രീഷ്മയുടെ സ്വഭാവത്തിൽ മാറ്റം കണ്ട അമ്മയ്ക്കും അമ്മാവനും ചില സംശയങ്ങൾ ഉണ്ടാവുകയും ഇരുവരും ഇതേക്കുറിച്ച് ഗ്രീഷ്മയോട് ചോദിക്കുകയും ചെയ്തു. എന്നാൽ, ഒന്നും വെളിപ്പെടുത്താൻ ഗ്രീഷ്മ തയ്യാറായില്ലെന്നു പറയുന്നു.
ഇതേതുടർന്നാണ് ഗ്രീഷ്മ താൻ വാങ്ങി വെച്ചിരുന്ന കീടനാശിനി കലക്കി കൊടുത്തിരിക്കാം എന്ന സംശയത്തെത്തുടര്‍ന്ന് അമ്മാവന്‍ കുപ്പി നശിപ്പിച്ചത്. മാത്രമല്ല, കഷായം ഉണ്ടാക്കാന്‍ ഉപയോഗിച്ച കൂട്ടും കഷായം വച്ചിരുന്ന കുപ്പിയും നശിപ്പിച്ചു. ഗ്രീഷ്മയുടെ അമ്മയുടെ അറിവോടെയായിരുന്നു ഇത് രണ്ടും ചെയ്തത്. ഇതിനുള്ള കൃത്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ചതിന് ഇരുവരേയും പ്രതി ചേര്‍ക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ നാളെ അരംഭിക്കും. അതേസമയം, ആശുപത്രിയില്‍ കഴിയുന്നഗ്രീഷ്മയെ ഉടന്‍ റിമാന്‍ഡ് ചെയ്യും.