തിരുവനന്തപുരം: ശ്രീപത്മനാഭന്റെ ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം വിമാനത്താവളം നാളെ അഞ്ച് മണിക്കൂർ അടച്ചിടും. ആഭ്യന്തര, അന്തർദേശീയ സർവീസുകൾ നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. 1932ൽ വിമാനത്താവളം സ്ഥാപിതമായതു മുതൽ വർഷത്തിൽ രണ്ടുതവണ പത്മനാഭസ്വാമിയുടെ ആറാട്ടിനു വിമാനത്താവളം അടച്ചിടുന്ന പതിവുണ്ട്.
അല്‍പസി ഉത്സവത്തിനും പംഗുനി ഉത്സവത്തിനുമാണ് പദ്മനാഭ സ്വാമിയുടെ ആറാട്ട്. ഇതോടനുബന്ധിച്ച് ഘോഷയാത്രയും ഉണ്ടായിരിക്കും. ഘോഷയാത്രയോടുകൂടിയാണ് പദ്മനാഭ സ്വാമിയുടെ വിഗ്രഹം വിമാനത്താവളത്തിന്റെ പുറകിലുള്ള ബീച്ചിലേക്ക് കൊണ്ടുപോവുക. ആറാട്ടിന് ശേഷം വിഗ്രഹങ്ങള്‍ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കും. ഇതോടെ ഉത്സവം സമാപിക്കുന്നു.
അൽപ്പസി ഉത്സവത്തോടനുബന്ധിച്ച് സർവീസുകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ഷെഡ്യൂൾ അതത് എയർലൈൻ കമ്പനികളിൽ നിന്ന് യാത്രക്കാർക്ക് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.