ന്യൂഡല്‍ഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കുറ്റം ചുമത്തിയതിന് പിന്നാലെ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലക്‌നൗ സെഷൻസ് കോടതി തിങ്കളാഴ്ച നിരസിച്ചു.
ജില്ലാ ജഡ്ജി സഞ്ജയ് ശങ്കർ പാണ്ഡെ ഒക്ടോബർ 12 ന് ഈ കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. ഇഷാൻ ബാഗേൽ, മുഹമ്മദ് ഖാലിദ് എന്നിവരാണ് കാപ്പനെ പ്രതിനിധീകരിച്ചത്.
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) പ്രകാരം ഉത്തർപ്രദേശ് പോലീസ് അദ്ദേഹത്തിനെതിരെ ചുമത്തിയ കേസിൽ സുപ്രീം കോടതി 2022 സെപ്റ്റംബറിൽ കാപ്പന് ജാമ്യം അനുവദിച്ചു.
2020 ഒക്ടോബറിൽ 19 കാരിയായ ദളിത് പെൺകുട്ടിയെ മൂന്നു പേര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ ഹത്രാസിലേക്ക് പോകുന്നതിനിടെയാണ് മാധ്യമ പ്രവർത്തകനായ കാപ്പനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് യുഎപിഎ പ്രകാരവും പിഎംഎൽഎ പ്രകാരവും കേസെടുത്തു.
യുഎപിഎ കേസിൽ സുപ്രീം കോടതി ഇടപെടുന്നതിന് മുമ്പ് കീഴ്ക്കോടതികളും അലഹബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു.
പിഎംഎൽഎ കേസിൽ അദ്ദേഹത്തിന് ജാമ്യം ലഭിച്ചില്ല, അതിനാൽ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.