തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് വനിതാ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ രണ്ട് വനിതാ പോലീസുകാർക്കെതിരെയാണ് നടപടി. സംഭവം നടക്കുമ്പോൾ സ്‌റ്റേഷനിലെ പ്രതികളുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിപിഒമാരായ ഗായത്രിയെയും സുമയെയും തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപ സസ്പെൻഡ് ചെയ്തു. കസ്റ്റഡിയിലുള്ളവർക്കായി സമർപ്പിച്ച ടോയ്‌ലറ്റിന് പകരം അവർ ഗ്രീഷ്മയെ സ്റ്റേഷന് പുറത്തുള്ള ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയി. കൂടാതെ, ഗ്രീഷ്മയെ അകത്ത് കടത്തിവിടുന്നതിന് മുമ്പ് അവർ ടോയ്‌ലറ്റ് പരിശോധിച്ചതുമില്ല.
ഗുരുതര വീഴ്ചയാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന നെടുമങ്ങാട് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് റൂറല്‍ എസ്പി രാവിലെ വ്യക്തമാക്കിയിരിക്കുന്നു.