പാലക്കാട്: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐയുടെ നിർബന്ധത്തിന് വഴങ്ങി റിട്ടേണിങ് ഓഫീസർ നിയമപരമല്ലാത്ത നോമിനേഷനുകൾ സ്വീകരിച്ചു. മാത്‌സ് അസോസിയേഷനിലേക്ക് എസ്.എഫ്.ഐ നൽകിയ 2 നോമിനേഷനുകൾ സംബന്ധിച്ചാണ് നോമിനേഷൻ സൂക്ഷ്മ പരിശോധനക്കിടെ തിങ്കളാഴ്ച മുതൽ തർക്കം ഉണ്ടായത്. നോമിനേഷൻ ഫോമിലെ മുഴുവൻ കോളങ്ങളിലും കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ തള്ളിപ്പോകുമെന്നാണ് നിയമം. എന്നാൽ, മാത്‌സ് അസോസിയേഷനിലേക്ക് എസ്.എഫ്.ഐ നൽകിയ രണ്ട് നോമിനേഷനുകളിലും ‘ഡെയ്റ്റ് ആന്റ് സിഗ്നേച്ചർ’ എന്ന കോളം ബ്ലാങ്കായാണ് കിടന്നിരുന്നത്. ഇത് ചൂണ്ടിക്കാട്ടി ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി ഹിമ പരിപൂർണമല്ലാത്ത ആ രണ്ട് നോമിനേഷനുകളും തള്ളണമെന്നാവശ്യപ്പെട്ടു. തുടർന്ന് വലിയ തർക്കം ഉണ്ടാവുകയും തിങ്കളാഴ്ച തീരുമാനമാകാതെ വന്നതോടെ വിഷയം ചൊവ്വാഴ്ച രാവിലെ വീണ്ടും എടുക്കുകയും ചെയ്തു.
പരിപൂർണമല്ലാത്ത നോമിനേഷനുകൾ ആയതിനാൽ അവ തള്ളുമെന്ന് റിട്ടേണിങ് ഓഫീസർ അറിയിച്ചു. എന്നാൽ, എസ്.എഫ്.ഐ പ്രവർത്തകർ റിട്ടേണിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയതോടെ കൗൺസിലിങ് മീറ്റിങ് നടക്കുകയും നോമിനേഷനുകൾ സ്വീകരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ ഫ്രറ്റേണിറ്റി പ്രവർത്തകർ റിട്ടേണിങ് ഓഫീസറെ ഉപരോധിക്കുകയും കോളേജ് ഗേറ്റിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.
എസ്.എഫ്.ഐയുടെ ഭീഷണിക്ക് വഴങ്ങി തെഞ്ഞെടുപ്പ് അട്ടിമറിക്കുന്ന നടപടിയാണ് കോളേജധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഫ്രറ്റേണിറ്റി യൂണിറ്റ് കമ്മിറ്റി പറഞ്ഞു. സംഭവത്തെ നിയമപരമായി നേരിടുമെന്നും യൂണിവേഴ്സിറ്റി ഡീനിന് പരാതി നൽകുമെന്നും പ്രസിഡന്റ് ഇർഫാൻ അറിയിച്ചു. പ്രതിഷേധത്തിന് അബ്ദുറഹ്മാൻ, ഹിമ, ഹാദിയ, നസീഹ, ബാസിമ എം. ശരീഫ് എന്നിവർ നേതൃത്വം നൽകി.