മുംബൈ: ഷിയ വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നാല് മുസ്ലീം പുരോഹിതന്മാർക്കെതിരെ മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥര്‍.
മുംബൈ ആസ്ഥാനമായുള്ള ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ലഖ്‌നൗ, ഹൈദരാബാദ്, ചെന്നൈ, കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേര്‍ക്കെതിരെയാണ് ജെജെ മാർഗ് പോലീസ് ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തത്.
“ഒന്നിലധികം പരാതികള്‍ ലഭിച്ചതിന് ശേഷമാണ് ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓഡിയോ/വീഡിയോ തെളിവുകൾ സമർപ്പിക്കാൻ ഞങ്ങൾ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഞങ്ങൾ കേസിൽ അന്വേഷണം നടത്തുകയാണ്,” ജെജെ മാർഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികളിലൊരാൾ സെപ്റ്റംബറിൽ പാക്കിസ്താന്‍ ആസ്ഥാനമായുള്ള ഒരു പുരോഹിതനെ പിന്തുണച്ചതായും ഷിയ സമുദായ വികാരങ്ങളെ വ്രണപ്പെടുത്തിയതായും പരാതിക്കാരൻ അവകാശപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തിയതിനും രാജ്യത്തിനെതിരെ സംസാരിച്ചതിനും മറ്റ് മൂന്ന് പേര്‍ക്കെതിരെയും പരാതിക്കാരന്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമം 153-എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നത്), 153-ബി (ദേശീയതയ്ക്ക് ദോഷകരമായ ആരോപണങ്ങൾ, വാദങ്ങൾ) പ്രകാരമാണ് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ 295 (ഏതെങ്കിലും വർഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ മുറിവേൽപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക) വകുപ്പുകളും ചേര്‍ത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.