• മത്സരത്തിൽ വിജയിക്കുന്ന ആദ്യത്തെ അഞ്ച് ടീമുകളിലെ ഓരോരുത്തർക്കും യു എസ് ടി യിൽ തൊഴിലവസരം ലഭിക്കും.
• മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 7 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 3 ലക്ഷവും സമ്മാനമായി ലഭിക്കും.
തിരുവനന്തപുരം, നവംബർ 2, 2022: സർവകലാശാല, കോളേജ് തല വിദ്യാർത്ഥികളുടെ സാങ്കേതികവിദ്യയിലുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒത്തുചേരലായ ഹാക്കത്തൺ – ഡീകോഡിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ച് പ്രമുഖ ട്രാൻസ്ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി.
യു എസ് ടി യുടെ വാർഷിക ടെക്നോളജി കോൺഫറൻസായ ഡി 3-ക്കു മുന്നോടിയായാണ് ഡീകോഡ് സംഘടിപ്പിക്കുക. ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കു വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. യു എസ് ടിയുടെ തിരുവനന്തപുരത്തെ അത്യാധുനിക ക്യാമ്പസിന്റെ ഭാഗമായ ഡി 3 (ഡ്രീം, ഡെവലപ്മെന്റ്, ഡിസ്‌റപ്റ്റ്) അത്യാധുനിക സാങ്കേതികവിദ്യയെ പറ്റി പഠിക്കാനും ചേർന്ന് പ്രവർത്തിക്കാനും പ്രവർത്തനങ്ങൾ വികസിപ്പിക്കുവാനും മത്സരബുദ്ധിയോടെ കാര്യങ്ങൾ ചെയ്യുവാനും സാധ്യമാകും .
വിദ്യാർഥികൾക്ക് ഡിജിറ്റൽ മേഖലയിലെ യഥാർത്ഥ പ്രശ്നങ്ങൾ നേരിടാനും, ഈ മേഖലയിൽ പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനും ഡിസൈൻ തിങ്കിംഗ്, പ്രോഗ്രാമിംഗ് സ്കില്ലുകളും മറ്റും വളർത്തുവാനും സഹായിക്കുന്ന ഡീകോഡ് (d3code) 2019 ലാണ് യു എസ് ടി ആരംഭിക്കുന്നത്. ഈ വർഷത്തെ ഡീകോഡിലേക്കുള്ള മത്സരാർത്ഥികൾക്ക് 2022 നവംബർ 4 മുതൽ 10 വരെ ഡി 3 വെബ്സൈറ്റിൽ https://www.d3.ust.com/ രജിസ്റ്റർ ചെയ്യാവുന്നതാണ്.
വളർന്നുവരുന്ന സാങ്കേതികവിദഗ്ധർക്കും നൂതന ചിന്തകർക്കും ഡിജിറ്റൽ സാങ്കേതിക ലോകത്തെ പ്രശ്നങ്ങളെ പറ്റി പഠിക്കുന്നതിനും അവ പരിഹരിക്കുന്നതിനും വിദ്യാർത്ഥികളെ ഡീകോഡ് സഹായിക്കുമെന്ന് യു എസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു. നവീകരണവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഡിജിറ്റൽ ലോകത്തെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനുവേണ്ടി ഇന്ത്യയിലെ മിടുക്കരായ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാക്കത്തൺ മത്സരങ്ങളും തീയതിയും
2 മുതൽ 4 വരെ അംഗങ്ങളുള്ള ടീമുകളായാണ് മത്സരത്തിൽ രജിസ്റ്റർ ചെയ്യാവുന്നത്. അതിൽ ഒരാൾ ടീം ലീഡറായിരിക്കണം. പ്രധാനമായും മത്സരത്തിനു മൂന്നു റൗണ്ടുകളാണുള്ളത്. ആദ്യത്തെ രണ്ട് റൗണ്ട് ഓൺലൈനായാണ് മത്സരിക്കേണ്ടത്. ഓരോ റൗണ്ടിൽ നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന ടീമുകൾ ആയിരിക്കും അടുത്ത റൗണ്ടിലേക്ക് കടക്കുന്നത്.
1. രജിസ്ട്രേഷനും മത്സരവുമായി ബന്ധപ്പെട്ട ആശയം അവതരിപ്പിക്കേണ്ടത് – നവംബർ 4 മുതൽ നവംബർ 10 വരെ.
2. ഒന്നാം റൗണ്ട് – പ്രോഗ്രാമിംഗ് ചലഞ്ച് – നവംബർ 11 മുതൽ നവംബർ 13 വരെ.
3. രണ്ടാം റൗണ്ട് – ആദ്യ പത്തിൽ എത്തുന്ന ടീമുകളുടെ വീഡിയോ ഇന്റർവ്യൂ – നവംബർ 18 മുതൽ ഡിസംബർ 2 വരെ.
4. മൂന്നാം റൗണ്ട് – ആദ്യം എത്തുന്ന 5 ടീമുകളുടെ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തൺ – ഡിസംബർ 11 മുതൽ ഡിസംബർ 12 വരെ.
5. ആദ്യമെത്തുന്ന 5 ടീമുകളുടെ സമ്മാനദാനം – ഡിസംബർ 15, 2022.
ഫൈനൽ മത്സരം യു എസ് ടി തിരുവനന്തപുരം ക്യാമ്പസിൽ വച്ചായിരിക്കും നടക്കുന്നത്. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന മത്സരത്തിൽ ഫൈനലിൽ എത്തുന്ന ടീമുകൾ അവരുടെ ആശയങ്ങളുടെ പ്രോട്ടോടൈപ്പ് വിധികർത്താക്കൾക്ക് മുന്നിൽ ഈ സമയം കൊണ്ട് അവതരിപ്പിക്കണം. വിധികർത്താക്കളുടെ തിരഞ്ഞെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ആദ്യം എത്തുന്ന അഞ്ചു ടീമുകൾക്ക് ഡിസംബർ 15 നു തിരുവനന്തപുരം ഒ ബൈ താമരയിൽ വച്ച് നടക്കുന്ന ഡി 3 കോൺഫറൻസിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നു.
മത്സരാർത്ഥികൾക്ക് വമ്പിച്ച സമ്മാനങ്ങൾ നേടുവാനുള്ള സുവർണ്ണാവസരമാണ് ഡീകോഡ് 2022. മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 7 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ബാക്കി രണ്ട് ടീമുകൾക്കും രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും. അതിനുപുറമേ അവസാന റൗണ്ടിൽ എത്തുന്ന 5 ടീമുകളിലെ ഓരോരുത്തർക്കും യു എസ് ടി യിൽ (നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി) തൊഴിൽ നേടാനുള്ള അവസരവും ലഭിക്കുന്നതാണ്.