ലോസ് ഏഞ്ചലസ്: അമേരിക്കയിലെ ക്രിസ്ത്യൻ സഭകളും ഹിന്ദു മതവും തമ്മിലുള്ള വാർഷിക മതാന്തര സംവാദം ഒക്ടോബർ 24 മുതൽ 26 വരെ ലോസ് ഏഞ്ചലസ് സെന്റ് ജോൺസ് എപ്പിസ്‌കോപ്പൽ ചർച്ചിൽ നടന്നു. യുഎസ്എയിലെ 39 പള്ളികളെ പ്രതിനിധീകരിക്കുന്ന സഭകളുടെ നാഷണൽ കൗൺസിലും ശ്രീരാമകൃഷ്ണ മിഷനും തമ്മിലായിരുന്നു സംവാദം.
യുഎസ്എയിൽ നടന്ന അഞ്ചാമത് സംവാദത്തിൽ മതപരമായ ബഹുസ്വരത, അസഹിഷ്ണുത, മത പരിവർത്തനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി . മതാന്തര സംവാദത്തിന്റെ ആവശ്യകതയും മതാന്തര ബന്ധങ്ങളിലെ സൗഹാർദത്തിന്റെ ആവശ്യകതയും ചർച്ചയായി.
സഭകളുടെ ദേശീയ കൗൺസിൽ ആരംഭിച്ച ഇത്തരം മതാന്തര സംഭാഷണങ്ങളുടെ ഉദ്ദേശ്യത്തെ കുറിച്ച് നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ മതാന്തര സംവാദം കോ-കൺവീനർ (യുഎസ്എ.) റവ.ഡോ.ജോസഫ് വർഗീസ് വിശദീകരിച്ചു.
മതാന്തര ബന്ധങ്ങളുടെ ചർച്ചാ വേദിയിലൂടെ എൻ.സി.സി മറ്റ് മത വിശ്വാസികളുമായി പങ്ക് വെക്കലുകൾക്കും ഉപദേശനിർദേശങ്ങൾക്കും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ ദൈവശാസ്ത്രപരമായ ചിന്തകൾക്കും വേദിയൊരുക്കുന്നു .
യഹൂദ, മുസ്‌ലിം സമുദായങ്ങളുമായി നേരത്തെ തന്നെ ഇത്തരം സംഭാഷണങ്ങൾ നടന്നിരുന്നു . അടുത്തിടെ, 2018-ൽ എൻസിസി ബുദ്ധ, ഹിന്ദു, സിഖ് മത സമൂഹങ്ങളുമായും ചർച്ചകൾ ആരംഭിച്ചു.
ആദിമകാലത്തെ അബ്രഹാമിക് വിശ്വാസ ചർച്ചകളുമായി ചേർന്നുപോകുന്ന ഈ ചർച്ചകൾ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ പിന്തുടരുന്ന പൗരസ്ത്യ വിശ്വാസങ്ങളുമായി ആശയവിനിമയത്തിൻറെ ഒരു പുതിയ ചാനൽ തുറന്നിടുകയും ചെയ്യുന്നു.
രാജ്യവും ലോകവും അഭിമുഖീകരിക്കുന്ന നിർണായകമായ പ്രശ്നങ്ങളിൽ കൂട്ടായ കാഴ്ചപ്പാടും വീക്ഷണവും രൂപപ്പെടുത്താൻ ഈ ഡയലോഗുകളിലൂടെ ഒരുമിച്ച് ശ്രമിക്കാമെന്ന് ഫാ. ജോസഫ് വർഗീസ് പറഞ്ഞു.
ലോസ് ഏഞ്ചലസ് ശ്രീരാമകൃഷ്ണ മിഷനിലെ സ്വാമി സർവവേദാനന്ദ സ്വാഗതം പറഞ്ഞു. തുടർന്ന് വേദാന്ത സൊസൈറ്റിയിലെ സ്വാമി സുമനസ്നന്ദ ഹൈന്ദവ ഗ്രന്ഥ പഠനം നടത്തി. എപ്പിസ്കോപ്പൽ സഭയിലെ റവ. മാർഗരറ്റ് റോസാണ് ക്രിസ്ത്യൻ വേദ ഗ്രന്ഥ പഠനം നടത്തിയത് .
ഇന്ത്യയിലെ ക്രൈസ്തവരെ ബാധിക്കുന്ന സമകാലിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ ഇന്ത്യയിലെ മത അസഹിഷ്ണുതയെക്കുറിച്ചും ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനങ്ങളെക്കുറിച്ചും റവ. ഡോ. ജോസഫ് വർഗീസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ഗി ബോർഡ് സെൻററിന്റെ ബോർഡ് അംഗമായ ഡോക്ടർ റിനി ഘോഷ് ഈ ആശങ്കകൾ പരിഹരിക്കുന്നതിലേക്കായി ഇന്ത്യയിലെ സർക്കാർ ഏജൻസികളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകി.
വെസ്ലിയൻ തിയോളജിക്കൽ സെമിനാരിയിലെ ഡോ. ഡോൺ തോർസൺ പരസ്പരമുള്ള ഇത്തരം ഇടപെടലുകളുടെയും ഭാവി സംവാദങ്ങളുടെയും പ്രാധാന്യത്തെകുറിച്ച് വിശദീകരിച്ചു.
2023 ലെ സ്പ്രിങ് സീസണിൽ ക്രിസ്ത്യൻ-ഹിന്ദു സംവാദം വിളിച്ചു ചേർക്കാൻ തീരുമാനമായി.
ഫാ. ജോസഫ് വർഗീസ്, ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജി-ലിറ്റർജിക്കൽ സ്റ്റഡീസ് അഡ്‌ജങ്ക്റ്റ് പ്രൊഫസർ, ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസ് (IRFT)- എക്‌സിക്യൂട്ടീവ് ഡയറക്ടർ, റിലീജിയൻസ് ഫോർ പീസ് യുഎസ്എ – എക്‌സിക്യുട്ടീവ് കൗൺസിൽ അംഗം, യുഎസ്എ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ ഇന്റർ റിലീജിയസ് ഡയലോഗ്സ് മെമ്പർ , യു.എസ്. കൺസൾട്ടേഷൻ ഓഫ് ഓറിയന്റൽ ഓർത്തഡോക്‌സ് – കാത്തലിക് ചർച്ചസ് ഡയലോഗ് മെമ്പർ, ഓറിയന്റൽ ഓർത്തഡോക്സ് ചർച്ചുകളെക്കുറിച്ചുള്ള സ്റ്റാൻഡിംഗ് കോൺഫറൻസ് (SCOOCH) പ്രതിനിധി, സിറിയൻ ഓർത്തഡോക്സ് ചർച്ച് വൈദികൻ എന്നീ നിലകളിൽ സേവനം ചെയ്യുന്നു.