പക്ഷിമൃഗാദികൾ സങ്കടഹര്‍ജിയായ്,
പക്ഷം ഭരിക്കുന്ന മന്ത്രി പക്കൽ.
നായയോടെന്തുകൊണ്ടിത്രയും സഭ്യത,
നായകൾക്കുണ്ടായോ രണ്ടു കൊമ്പ്?
ആടിനെക്കൊല്ലുന്നു, ആട്ടിറച്ചി, നല്ല
ആട്ടിൻ സൂപ്പെന്നതും കേമമാണ്!
കാള, പശുക്കളും പൊള്ളാച്ചിയിൽ നിന്ന്,
കാൽനടയായ് , പിന്നെ ലോറിയിലും.
ബീഫിന്റെ ബിരിയാണി, പലപല വിഭവങ്ങൾ,
ബീഫു വിരോധികൾക്കാടും, കോഴീം.
കൊഴിയാണെങ്കിലോ, നാടനും ബ്രോയിലറും,
കോഴിയില്ലാതെന്തു സദ്യയിന്നു?
പോർക്കിന്റെ മാസം കൊണ്ടുണ്ടാക്കി വിണ്ടാലൂ,
പോർക്ക്കഴിക്കാത്തോർ മിണ്ടിയില്ല.
താറാവും, മുയലുമാ കാടയും, കൾഗവും,
താഴ്ന്നതല്ലൊരുനാളും “ഗോർമേ” ഭക്ഷ്യം.
മീൻകെട്ടിൽപോറ്റി വളർത്തുന്ന പലവിധം,
മീനുകളെല്ലാർക്കും ഇഷ്ടമാണ്.
ജീവനുണ്ടെല്ലാർക്കും, അര്‍ഹതയുള്ളൊരു,
ജീവികൾ തന്നല്ലേ ഞങ്ങളെല്ലാം?
നായയെപ്പോലെ വളർത്തുന്നു ഞങ്ങളേം,
നായകൾക്കില്ലല്ലോ രണ്ടുകൊമ്പ് ?
മറ്റുമൃഗങ്ങളിലാരുമിന്നേവരെ,
മനസ്സറിഞ്ഞാരേം കടിച്ചതില്ല!
കാരുണ്യഹീനാനാം ശ്വാനനാണെങ്കിലോ,
കാണുന്നവർക്കെല്ലാം പേടിസ്വപ്നം!
വന്ധ്യംകരണം ചെയ്താൽ കടിക്കാതിരിക്കുമോ,
വംശമില്ലാതാകും പിന്നെയെന്നോ?
അതുവരെ മനുജൻമാർ കടിയേറ്റു ചാകണോ,
അത്രയും മുഖ്യൻ ഈ ജന്തുവാണോ?
മനുഷ്യനെ കൊല്ലുന്നകാട്ടിലെ പന്നിയെ,
മനുഷ്യരക്ഷക്കായി വെടിയുതിർത്താം!
അവിടെ ദയാവധം അനുവദനീയമാ-
ണവിടെയും ഇവിടെയും മനുഷ്യരല്ലേ?
നാട്ടാർക്ക്മാരകഭീഷണി അനുദിനം,
നായയെ ഇങ്ങനെ ഊരിവിട്ടാൽ!
വേറെ മൃഗങ്ങളോടില്ലാത്ത സഭ്യത,
വേണ്ടിനി അക്രമിനായയോട്!
നിർമ്മാർജ്ജനംചെയ്ക അപകടനായ്ക്കളെ,
നിയമത്തിൻപാലകർ ഒരുമയോടെ.
ഇനിയുമൊരിക്കലും പാവങ്ങൾനാട്ടുകാർ,
ഇവിടത്തെനായയാൽ ചാവരുത്!
മനുഷ്യന്റെ ജീവനേക്കാളേറെ വിലയുണ്ടോ,
മനുജനെക്കൊല്ലുന്ന നായകൾക്ക്?
ചൈനാക്കാർ, കൊറിയക്കാർ, നായയെഭക്ഷിക്കും,
ഇവിടെയോ നായകൾമനുഷ്യരെയും!