ഇടുക്കി: വണ്ടൻമേട് ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ്-ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗം സുരേഷ് മനങ്കേരി പ്രസിഡന്റായി. എൽഡിഎഫ് പ്രതിനിധിയായിരുന്ന സിബി എബ്രഹാമിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടർന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. 18 വാർഡുകളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് ആറും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്.
നേരത്തെ എൽഡിഎഫിന് ഒമ്പത് അംഗങ്ങളുണ്ടായിരുന്നു. മയക്കുമരുന്ന് കേസിൽ പോലീസ് പിടിയിലായതിനെത്തുടര്‍ന്ന് എൽഡിഎഫ് പിന്തുണയോടെ വിജയിച്ച സൗമ്യ പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു. തുടർന്ന് യു.ഡി.എഫും ബി.ജെ.പി.യും ഒരു സ്വതന്ത്ര അംഗവും ആറുമാസം മുമ്പ് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം രാജിവച്ച വാർഡിൽ യുഡിഎഫ് വിജയിച്ചു. ഇതോടെ യുഡിഎഫിന് ആറ് അംഗങ്ങളായി.
യുഡിഎഫിൻറെ ആറ് അംഗങ്ങൾക്കൊപ്പം മൂന്ന് ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രനും പിന്തുണച്ചതോടെ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ അവിശ്വാസം പാസാകുകയായിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ്, ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരി പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ടു.എൽഡിഎഫിൻറെ അഴിമതി ഭരണം അവസാനിപ്പിക്കാനാണ് സ്വതന്ത്ര അംഗത്തിന് പിന്തുണ നൽകിയതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
അംഗം റെജി ജോണിയാണ് സുരേഷ് മനങ്കേരിയുടെ പേര് നിർദേശിച്ചത്. പ്രസിഡൻറ് സ്ഥാനത്തേക്ക് എൽ.ഡി.എഫിന് വേണ്ടി സന്ധ്യ രാജ മത്സരിച്ചു. ജോസ് മടപ്പള്ളി നിർദേശിക്കുകയും ശെൽവി ശേഖർ പിന്താങ്ങുകയും ചെയ്തു. ഉടുമ്പൻചോല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ജിതേഷ് തയ്യില്‍ ആയിരുന്നു വരണാധികാരി.