എറണാകുളം: ബലാത്സംഗം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിളുകൾ ശേഖരിക്കാൻ പ്രതികളുടെ സമ്മതം ആവശ്യമില്ലെന്ന് ഹൈക്കോടതി. പത്തനംതിട്ട സ്വദേശി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. 15 വയസ്സുള്ള പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ രക്തസാമ്പിൾ ശേഖരിക്കുന്നത് തടയണമെന്നായിരുന്നു ആവശ്യം.
ബലാത്സംഗം, പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമിക്കൽ തുടങ്ങിയ കേസുകളിൽ ഒന്നാംപ്രതിയാണ് ഹർജിക്കാരൻ. ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് കുഞ്ഞ് പിറന്നിരുന്നു. ഒളിവിൽപ്പോയ പ്രതി കീഴടങ്ങിയതോടെയാണ് വിചാരണ ആരംഭിച്ചത്. തുടരന്വേഷണത്തിനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ കീഴ്ക്കോടതി അനുവദിച്ചു. പ്രതി വിസമ്മതിച്ചെങ്കിലും ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കാനും ലൈംഗികശേഷി പരിശോധിക്കാനും അനുമതി നൽകി. ഇരയുടെയും കുഞ്ഞിന്റെയും രക്തം ശേഖരിക്കാൻ അവരും അനുമതി നൽകി. എന്നാൽ, അന്തിമ റിപ്പോർട്ട് നൽകി കുറ്റം ചുമത്തിയശേഷം അന്വേഷണവുമായി ബന്ധപ്പെട്ട് ഉത്തരവിടാൻ കീഴ്ക്കോടതിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചു.
ബലാത്സംഗക്കേസുകളിൽ ആവശ്യമെങ്കിൽ ഇരയുടെയും പ്രതിയുടെയും ഡിഎൻഎ പരിശോധന നടത്താം. ബലാത്സംഗ കേസുകളിൽ ഡിഎൻഎ പരിശോധനയും തെളിവായി ഉപയോഗിക്കാം. ബലാത്സംഗക്കേസുകളിൽ പിതൃത്വ പരിശോധനാ ഫലം തെളിവായി ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു.
പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയുമായി ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാം. അതിനാൽ ഡിഎൻഎ പരിശോധന സുപ്രധാനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.