ഷിക്കാഗോ: ഫൊക്കാനാ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് അസോസിയേറ്റ് ജഡ്ജ് മരിയാ കുര്യാക്കോസ് സിസില്‍ നിര്‍വഹിച്ചു. ബ്രിസ്റ്റല്‍ പാലസ് ബാങ്ക്വറ്റ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു. ഫൊക്കാനയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളും വരുംകാല കര്‍മ്മ പരിപാടികളും ഡോ. ബാബു സ്റ്റീഫന്‍ വിശദീകരിച്ചു. 2023 മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തീയതികളില്‍ കേരളത്തില്‍ വെച്ച് നടത്തുന്ന കണ്‍വന്‍ഷനിലേക്ക് ഏവരെയും അദ്ദേഹം സ്വാഗതം ചെയ്തു.
വളരെ ഭംഗിയായ രീതിയില്‍ ഈ സമ്മേളനം സംഘടിപ്പിച്ച ഡോ. ബ്രിജിറ്റ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള വനിതാ ഫോറം കമ്മിറ്റിയെ ഡോ. ബാബു സ്റ്റീഫന്‍ അഭിനന്ദിച്ചു. മിനി സിബി ഏറനാട്ടിന്റെ പ്രാർഥനാ ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. അലോന ജോര്‍ജ് അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു. ഡോ. ആനി എബ്രഹാം, ഫാന്‍സി മോള് പള്ളത്തുമഠം, സാറാ അനില്‍ എന്നിവര്‍ എംസിമാരായിരുന്നു.
വനിതാ ഫോറം ദേശീയ ചെയര്‍ പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ് സ്വാഗതം പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് സംഘടിപ്പിച്ച ഈ സമ്മേളനം വന്‍ വിജയമാക്കി മാറ്റുവാന്‍ സഹായിച്ച എല്ലാവര്ക്കും ഡോ. ബ്രിജിറ്റ് ജോര്‍ജ് നന്ദി പറഞ്ഞു. വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു. ഡോ. ബീന ഇണ്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി. ഡോ. ആഗ്നസ് തേരടി, ഡോ. ആന്‍ കാലായില്‍, ഷിജി അലക്സ്, ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ജോര്‍ജ് പണിക്കര്‍, ആര്‍വിപി ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, കാനഡ ആര്‍വിപി മനോജ് ഇടമന, ഫൊക്കാന വനിതാ ഫോറം മുന്‍ ചെയര്‍ പേഴ്സണ്‍ ലീല മാരേട്ട്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലീല ജോസഫ് (സിഎംഎ), സതീശന് നായര്‍ (മിഡ് വെസ്റ്റ്), സുനിന ചാക്കോ (ഐഎംഎ), ആന്റോ കവലക്കല്‍ (കേരളാ അസോസിയേഷന്) എന്നിവരും ആശംസകള്‍ നേര്‍ന്നു.
മുഹമ്മദ് അസ്ലം, നിഷ ജോസ് കെ മാണി, കെ.സി. റോസക്കുട്ടി ടീച്ചര്‍. ഡോ.ഗോപിനാഥ് മുതുകാട് എന്നിവര്‍ വിഡിയോ സന്ദേശം നല്കി. ഫൊക്കാന നേതൃരംഗത്തു പ്രവര്‍ത്തിക്കുന്ന ഡോ. സൂസന് ചാക്കോ, സുജ ജോണ്‍, ഹണി ജോസഫ്, വിജി.എസ്. നായര്‍, സാറാ അനില്‍, മുന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു കുളങ്ങര, മുന്‍ റീജനല്‍ ട്രഷറര്‍ പ്രവീണ്‍ തോമസ് എന്നിവരും സന്നിഹിതരായിരുന്നു.
ഡോ. സൂസന് ചാക്കോ കൃതജ്ഞത പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികളും അരങ്ങേറി.