വാഷിംഗ്ടണ്‍: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ വലതുപക്ഷ സഖ്യകക്ഷികളും ചൊവ്വാഴ്ചത്തെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങളുടെ നിയമസാധുതയെക്കുറിച്ച് ഇതിനകം തന്നെ സംശയം പ്രകടിപ്പിച്ചതായി ഒരു സിഎൻഎൻ റിപ്പോർട്ടില്‍ പറയുന്നു.
“ഇവിടെ നാം വീണ്ടും തുടങ്ങുന്നു! കബളിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പ്!,” ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ തന്റെ 4.43 ദശലക്ഷം ഫോളോവേഴ്‌സിന് എഴുതിയതായി സിഎൻഎന്നിനെ ഉദ്ധരിച്ച് ഞായറാഴ്ച ഒരു വലതുപക്ഷ വാർത്താ സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. തപാല്‍ വോട്ടർമാരുടെ ഐഡന്റിറ്റിയെക്കുറിച്ചാണ് സംശയം ഉയര്‍ത്തിയിരിക്കുന്നത്.
ഐഡി പ്രശ്നം പരിഹരിക്കുന്നതിനായി 12 റിപ്പബ്ലിക്കൻ സംസ്ഥാന നിയമനിർമ്മാതാക്കൾ പെൻസിൽവാനിയയിലെ ഒരു പൊതു ഉദ്യോഗസ്ഥന് കത്ത് അയച്ചതായും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നുണ്ട്.
ഒരിക്കൽ കൂടി അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ട്രംപും കൂട്ടാളികളും 2020-ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കാന്‍ ഒരു നീണ്ട ശ്രമം നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്ന തെറ്റായ അവകാശവാദങ്ങള്‍ നിരത്തി മാസങ്ങളോളം പ്രചരണം നടത്തുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ചത്തെ വോട്ടിംഗ് ദിനത്തോട് അടുക്കുമ്പോൾ, ചില വലതുപക്ഷ റിപ്പബ്ലിക്കൻമാർ പാർട്ടിക്ക് വോട്ട് നഷ്‌ടപ്പെടുകയാണെങ്കിൽ 2020ലെ പോലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ അപകീർത്തിപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും സംശയിക്കുന്നു.
2020 ലെ തിരഞ്ഞെടുപ്പിൽ, തന്റെ ഡെമോക്രാറ്റിക് എതിരാളിയായ ജോ ബൈഡനോട് പരാജയപ്പെട്ടതിന് ശേഷം, തിരഞ്ഞെടുപ്പ് കൃത്രിമമാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
‘തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതിനാലാണ് ബൈഡന്‍ വിജയിച്ചതെന്ന് ട്രംപ് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചതിന് ട്രംപിന്റെ അക്കൗണ്ട് പിന്നീട് ട്വിറ്റര്‍ കരിമ്പട്ടികയിൽ പെടുത്തി. ട്രംപും കൂട്ടാളികളും പിന്നീട് ട്രൂത്ത് സോഷ്യൽ എന്നറിയപ്പെടുന്ന സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുകയും ചെയ്തു.
ട്രംപിന് ജനപ്രിയ പ്ലാറ്റ്‌ഫോമിലേക്ക് മടങ്ങിവരാൻ കഴിഞ്ഞേക്കുമെന്ന് ട്വിറ്ററിന്റെ പുതിയ മേധാവി എലോൺ മസ്‌ക് ഈയ്യിടെ പറഞ്ഞിരുന്നു.
അതേസമയം, റിപ്പോർട്ടുകൾ പ്രകാരം, 10 അമേരിക്കക്കാരിൽ 9 പേരും വരും ദിവസങ്ങളിലും ആഴ്ചകളിലും രാഷ്ട്രീയ അക്രമങ്ങളെ ഭയപ്പെടുന്നു എന്ന് പറയുന്നു.