ന്യൂഡൽഹി: തിരുവിതാംകൂർ രാജകുടുംബം ഡൽഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലുള്ള ബംഗ്ലാവും 8.19 ഏക്കർ സ്ഥലവും വസ്തുവകകളും വിൽക്കാൻ നീക്കം. ഏകദേശം 250 കോടിക്ക് വിൽക്കാനാണ് കരാർ ഒപ്പിട്ടിരിക്കുന്നത്.
ചെന്നൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയുമായാണ് ധാരണയിലെത്തിയത്. രാജകുടുംബാംഗമായ വേണുഗോപാൽ വർമയാണ് കരാറിൽ ഒപ്പുവെച്ചത്. സഹാന റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡേഴ്സ് ആണ് വിൽപന നടത്തുക.
അതേസമയം, തിരുവിതാംകൂര്‍ രാജകുടുംബത്തിന് ട്രാവന്‍കൂര്‍ ഹൗസില്‍ ഉടമസ്ഥാവകാശമില്ല. സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലാണ് ഈ കൊട്ടാരം. മാത്രമല്ല, പൈതൃക കെട്ടിടമായതിനാല്‍ ഇടപാടിന് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി വേണം. അനുമതി ലഭിച്ചാല്‍ ഇടപാട് എന്നാണ് കരാറിലുള്ളത്.
സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പ് തിരുവിതാംകൂര്‍ മഹാരാജാവിന് ഡല്‍ഹിയില്‍ താമസിക്കാന്‍ 1930ല്‍ നിര്‍മിച്ചതാണ് കൊട്ടാരം. 2019ല്‍ കൊട്ടാരത്തിന് രാജകുടുംബം അവകാശവാദം ഉന്നയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. ഇതൊരു സാംസ്കാരിക കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു.