സന്ദീപാനന്ദഗിരിയുട ആശ്രമം കത്തിച്ചത് സഹോദരനും സുഹൃത്തുക്കളുമാണെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: നാല് വർഷത്തിന് ശേഷം സന്ദീപാനന്ദഗിരി ആശ്രമം കത്തിക്കൽ കേസിൽ നിർണായക വെളിപ്പെടുത്തൽ. തന്റെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമത്തിന് തീയിട്ടതെന്നാണ് യുവാവ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന് കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരി മൂന്നിനാണ് പ്രകാശ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. മരിക്കുന്നതിന് മുമ്പ് പ്രകാശ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായി പ്രശാന്ത് പറഞ്ഞു. പ്രശാന്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി.

2018 ഒക്ടോബർ 27 നാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത്. പുലർച്ചെയാണ് സംഭവം. കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കാറുകൾ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൂടാതെ, ആശ്രമത്തിന് മുന്നിൽ ആദരാഞ്ജലി എന്നെഴുതിയ റീത്തും വച്ചു.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിന് അനുകൂലമായ നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത്. ഇതിൽ സംഘപരിവാർ സംഘടനകളുടെ ഭീഷണിയുണ്ടായിരുന്നു. സംഭവദിവസം തന്നെ ആശ്രമത്തിലെത്തി പ്രതികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

ഇതിനിടെ പ്രകാശ് ആത്മഹത്യ ചെയ്യാനിടയായതും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. മരിക്കുന്നതിന് മുമ്പ് ഇയാള്‍ക്ക് മര്‍ദനമേറ്റതായും ആരോപണമുയരുന്നുണ്ട്.

പ്രകാശ് ഇവിടെ മുമ്പ് വന്നിട്ടുണ്ടെന്ന് സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. നേപ്പാളില്‍ നിന്നുള്ള ഒരു കുട്ടി ഇവിടെ പഠിച്ചിരുന്നു. അവന്‍ എന്തോ അപര്യാദയായി പെരുമാറിയെന്നും അവനെ തല്ലണമെന്നും പറഞ്ഞ് ഒരു കൂട്ടം ഇവിടെ വന്നിരുന്നു. അതിലുണ്ടായിരുന്ന ഒരാളാണ് ഈ പ്രകാശെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ ഒരാള്‍ മാത്രമല്ലെന്നും കൂടുതല്‍ ആളുകള്‍ ഉണ്ടാകുമെന്നത് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാവിന്റെ മരണം അന്വേഷിക്കണമെന്നും സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു.

 

Print Friendly, PDF & Email

Leave a Comment

More News