ബാംഗ്ലൂര്‍: ഭാരത കത്തോലിക്കാ സഭയിലെ അല്മായ പ്രസ്ഥാനങ്ങളുടെ ദേശീയതല പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവേദിയുണ്ടാക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍.
സഭയുടെ മുഖ്യധാരയില്‍ അല്മായ സംഘടനകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതാണ്. അതിനാല്‍ ഭാരത കത്തോലിക്കാ സഭയിലെ അല്മായ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയും പ്രവര്ത്തനപരിപാടികൾ കൂടുതൽ ശക്തവുമാക്കാനുള്ള പൊതുവേദികളും പദ്ധതികളുമാരംഭിക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
ബാംഗ്ലൂർ സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ ചേർന്ന സിബിസിഐ സമ്മേളനത്തിൽ ലൈയ്റ്റി കൗൺസിൽ പ്രവർത്തന റിപ്പോർട്ടും പദ്ധതികളും അവതരിപ്പിച്ചു.
വിവിധങ്ങളായ തലങ്ങളില്‍ പ്രവര്‍ത്തിച്ച് അതുല്യനേട്ടങ്ങള്‍ കൈവരിച്ച് സഭയ്ക്കും സമൂഹത്തിനുമായി നിസ്വാര്‍ത്ഥ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഭാരത കത്തോലിക്കാ സഭയിലെ അല്മായ പ്രമുഖരെ ഉള്‍പ്പെടുത്തി ദേശീയതലത്തില്‍ ലെയ്റ്റി കണ്സള്ട്ടേഷന് ഫോറത്തിനും രൂപം നല്‍കും. ഇന്ത്യയിലെ 14 സിബിസിഐ റീജിയണല്‍ കൗണ്‍സിലുകളിലും ലെയ്റ്റി കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. ഭാരതത്തിലെ ആനുകാലിക രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തില്‍ ക്രൈസ്തവ സമൂഹം കൂടുതല്‍ ഐക്യത്തോടും ഒരുമയോടും പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ലെയ്റ്റി കൗണ്‍സില്‍ ഓര്‍മ്മപ്പെടുത്തി.
സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്മാന് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ അംഗങ്ങളായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് റൈറ്റ് റവ.യൂജിന്‍ ജോസഫ്, സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.