തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ഓർഡിനന്‍സില്‍ ഒപ്പിടാതെ ഗവർണർ തീരുമാനം നീട്ടി വെക്കുകയോ രാഷ്ട്രപതിയുടെ തീരുമാനത്തിന് അയക്കുകയോ ചെയ്താല്‍ കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഗവര്‍ണ്ണറുടെ ഒപ്പിനായി ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവനിലേക്ക് അയക്കും.
രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാന്‍ തക്ക കാരണം ഓര്‍ഡിനന്‍സില്‍ ഇല്ലാത്തതിനാല്‍ സുപ്രീംകോടതിയെ സമീപിക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സിലെ വിഷയത്തില്‍ കേന്ദ്രത്തിന്റെ വിശദീകരണമോ രാഷ്ട്രപതിയുടെ അനുമതിയോ ആവശ്യമില്ലാത്തതിനാല്‍ കോടതിയെ സമീപിക്കാം.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ലെങ്കില്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരും. ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാലും ബില്ല് കൊണ്ടുവരുന്നതില്‍ തടസമില്ലെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. ബുധനാഴ്ച ചേരുന്ന മന്ത്രി സഭായോഗത്തില്‍ അടുത്ത നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിക്കുമെന്നാണ് പുറത്തുവരുന്ന സൂചന.
ഗവർണറെ 14 സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലർമാരായി നിയമിക്കാനാണ് നീക്കം എന്നതാണ് സർക്കാരിന്റെ വാദം.