ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സൂം പ്ലാറ്റുഫോമിൽ നവംബർ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു.
“Study of Cross-Cultural Differences and Acculturation Aspects of Second Generation Indian Americans” എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്റും ആഴ്ചവട്ടം ചീഫ് എഡിറ്ററുമായ ഡോക്ടർ ജോർജ് കാക്കനാട് പ്രബന്ധം അവതരിപ്പിക്കും. സമൂഹത്തിൽ വളരെ ചർച്ചചെയ്യപ്പെടുന്ന ആനുകാലിക പ്രസക്തമായ ഈ വിഷയത്തെ ആസ്പദമാക്കി സമർപ്പിച്ച തീസീസിനാണ് ജോർജ് കാക്കനാട്ടിനു കഴിഞ്ഞ മാസം ഉത്തർ പ്രദേശ് അലഹബാദിലുള്ള സാം ഹിഗ്ഗിൻ ബോട്ടം യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്.
അമേരിക്കൻ മലയാള മാധ്യമരംഗത്ത് പ്രശസ്തരും പ്രഗത്ഭരുമായ ജോയിച്ചൻ പുതുക്കളം, മൊയ്തീൻ പുത്തൻചിറ, ജിൻസ്മോൻ സക്കറിയ, എബ്രഹാം മാത്യു (കൊച്ചുമോൻ) എന്നിവർ സെമിനാറിൽ പാനലിസ്റ്റ്കളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മാധ്യമ പ്രവർത്തകർ യോഗത്തിൽ സംബന്ധിച്ച് സംസാരിക്കും.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രശസ്തർ ഈ സമ്മേളന വിജയത്തിനായി ഇതിനകം തന്നെ ആശംസകൾ അറിയിച്ചിട്ടുണ്ട്
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സിജു വി ജോർജ് , വൈസ് പ്രസിഡൻറ് അഞ്ചു ബിജിലി , സെക്രട്ടറി സാം മാത്യു ജോയിൻറ് സെക്രട്ടറി മീനു എലിസബത്ത് , ട്രഷറാർ ബെന്നി ജോൺ , ജോയിന്റ് ട്രഷറാർ പ്രസാദ് തിയോടിക്കൽ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ബിജിലി ജോർജ് , സണ്ണി മാളിയേക്കൽ, പി പി ചെറിയാൻ, ടി സി ചാക്കോ എന്നിവർ അടങ്ങിയ അഡ്വൈസറി ബോർഡുമാണ് ഈ യോഗത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത് സെമിനാറിൽ പങ്കെടുക്കുവാൻ ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.