മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷന്റെ വാർഷിക കൂട്ടായ്മയും കഥാ സായാഹ്നവും പ്രസിഡന്റ് സുരേന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ഡെട്രോയിറ്റിൽ നടന്നു.
മലയാള ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുക എന്ന സമർപ്പണത്തോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി പ്രവർത്തിച്ചുവരുന്ന മിലന്റെ കഴിഞ്ഞ രണ്ടര വർഷക്കാലത്തെ പ്രവർത്തനങ്ങൾ പൊതുസഭ ചർച്ച ചെയ്തു. ഇരുപതാം വാർഷികാഘോഷത്തിലും തുടർ വേദികളിലുമായി കേരള സാഹിത്യ അക്കാദമി അന്നത്തെ ചെയർമാൻ വൈശാഖൻ പ്രമുഖ എഴുത്തുകാരായ ഡോ. ജോർജ് ഓണക്കൂർ, ടി.ഡി. രാമകൃഷ്ണൻ, കെ.വി. മോഹൻ കുമാർ, മുരളി തുമ്മാരുകുടി, ഡോ. പ്രമീള ദേവി, ബി. മുരളി, ഡോ. ഉദയകല തുടങ്ങിയവരെ പങ്കെടുപ്പിച്ചതും മഹാകവി വള്ളത്തോളിന്റെ കാവ്യ ലോകത്തെക്കുറിച്ചു സാഹിത്യ സദസ്സ് സംഘടിപ്പിച്ചതും അഭിനന്ദനീയമാണെന്നു യോഗം അഭിപ്രായപ്പെട്ടു. അതിനു നേതൃത്വം നൽകിയ സുരേന്ദ്രൻ നായർ, സലിം മുഹമ്മദ്, ദിലീപ് നമ്പീശൻ, മനോജ് വാര്യർ, സാജൻ ജോർജ് എന്നിവരെയും അഭിനന്ദിച്ചു.
മിലൻ പ്രവർത്തനങ്ങൾ പൂർവ്വാധികം ഉത്സാഹത്തോടെ തുടരുന്നതിനായി അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.
സംഘടനയുടെ പ്രാരംഭകാല പ്രവർത്തനങ്ങൾ മുതൽ സജീവമായുള്ള ആന്തണി മണലേൽ (പ്രസിഡന്റ്) സതീഷ് മടമ്പത് (വൈസ് പ്രസിഡന്റ് ) ജയിൻ കണ്ണച്ചാൻപറമ്പിൽ (സെക്രട്ടറി ), മനോജ് കൃഷ്ണൻ (ട്രഷറർ), ജയ്മോൻ ജേക്കബ് ( ജോ: സെക്രട്ടറി) എന്നിവർ ഉൾപ്പെട്ട പാനൽ മാത്യു ചെരുവിൽ അവതരിപ്പിക്കുകയും യോഗം ഹർഷാരവത്തോടെ അംഗീകരിക്കുകയും ചെയ്തു.
നിയുക്ത ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ടു തോമസ് കർത്തനാൾ, മോഹൻ പനങ്കാവിൽ തുടങ്ങിയവർ സംസാരിച്ചു.
യോഗ നടപടികൾക്ക് ശേഷം സതീഷ് മാടമ്പത്, ചെറുകഥാ രംഗത്തെ ആധുനിക പ്രവണതകൾ ഉൾക്കൊള്ളുന്നതും മാജിക്കൽ റിയലിസത്തിന്റെ മാസ്മരികതകൾ അകമ്പടിയാകുന്നതുമായ തന്റെ പുതിയ കഥ അവതരിപ്പിക്കുകയും അംഗങ്ങൾ ആസ്വാദനം പങ്കുവെക്കുകയും ചെയ്തതോടെ പരിപാടികൾ സമാപിച്ചു.