ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ആറ് പ്രതികളെയും വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. എസ്. നളിനി, ജയകുമാർ, ആർ പി രവിചന്ദ്രൻ, റോബർട്ട് പയസ്, ശ്രീഹരൻ, സുതേന്ദ്രരാജ എന്നിവരെയാണ് കോടതി വിട്ടയച്ചത്.
നിലവിൽ പരോളിൽ കഴിയുന്ന നളിനി നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ബി ആർ ഗവായ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.
2022 മെയ് 18-ന് കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ മോചിപ്പിച്ച ഉത്തരവിലെ മാനദണ്ഡങ്ങൾ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മറ്റുള്ളവർക്കും ബാധകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ മോചിപ്പിക്കണമെന്ന് 2018 സെപ്റ്റംബർ 9-ന് തമിഴ്നാട് സർക്കാർ നൽകിയ നിർദേശം ഇവർ നൽകിയ മാപ്പപേക്ഷ പരിഗണിക്കുന്ന ഗവർണർ പാലിക്കണമെന്ന് കോടതി പ്രസ്താവിച്ചു.
ജയിലിൽ തികഞ്ഞ അച്ചടക്കത്തോടെ കഴിഞ്ഞ പ്രതികളിൽ പലരും ശിക്ഷാകാലത്ത് വിദ്യാഭ്യാസ രംഗത്ത് പുരോഗതി നേടിയ കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.