ഫ്ളോറന്‍സ് റിപ്പബ്ലിക്കിന്റെ ഭരണാധികാരിയായിരുന്ന കാര്‍ഡില്‍ ഡി മെഡിസി, ലിയോ പത്താമന്‍ എന്ന നാമധേയത്തില്‍ പുതിയ പോപ്പായി അവരോധിക്കപ്പെടുന്നു. എല്ലാം പെട്ടെന്നായിരുന്നു. മെഡിസി ഫാമിലിയിലെ ബന്ധുക്കാരും സുഹൃത്തുക്കളുമായ കര്‍ദിനാള്‍ തിരുസംഘം ഒത്തുനിന്നപ്പോള്‍ കര്‍ഡിനല്‍ ഡി ജിയോവാനിയെ കോണ്‍ക്ലേവിലെ വെള്ളപ്പുക പോപ്പാക്കി എതിരേറ്റു. നന്നേ ചെറുപ്പം. പോപ്പ്, മുപ്പത്തിയേഴ് വയസ്സ്! ആ പ്രായത്തില്‍ മുമ്പാരും പോപ്പായിട്ടില്ല. എല്ലാവര്‍ക്കും ഒരേ അഭിപ്രായം. ഭരണപാടവവും അറിവും മുഖശ്രീയുമുള്ള ചുറുചുറുപ്പന്‍ പോപ്പ് വത്തിക്കാനെ നവോത്ഥാനത്തിന്റെ നെറുകയില്‍ എത്തിക്കും.
പതിമുന്നാം വയസ്സില്‍ കര്‍ദിനാള്‍ പദവിയിലെത്തിയ ജിയോവാനി പോപ്പായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞ് നാലാ ദിനം പൌരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് റോമിന്റെ ബിഷപ്പായി. അപ്പോള്‍ മുതല്‍ വത്തിക്കാനില്‍ ഉത്സവമാരംഭിച്ചു. യൂറോപ്പും മെഡിറ്ററേനിയന്‍ തീരങ്ങളും ശബ്ദായമാനമായി. രാജാക്കന്മാരും പ്രഭുക്കളും യൂറോപ്പിന്റെ പലയിടങ്ങളില്‍നിന്നും കപ്പല്‍ കയറി വന്നിറങ്ങി. വില്ലുവണ്ടികളില്‍ പ്രഭ്വിനികള്‍ അണിഞ്ഞൊരുങ്ങി വത്തിക്കാനിലേക്കു പുറപ്പെട്ടു. മെഡിസിയുടെ ചാര്‍ച്ചക്കാരും സുഹൃത്തുക്കളുമായവര്‍. വത്തിക്കാനിലെ കെട്ടിടസമുച്ചയങ്ങളില്‍ പേപ്പല്‍ കൊടികള്‍ പാറി. കെട്ടിട സമുച്ചയങ്ങളില്‍ വെള്ളപ്രാവുകള്‍ കുറുകി. ആകാശത്ത് ഗരുഡന്‍ വട്ടമിട്ടു പറന്നു.
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ആര്‍ഭാടമായ ആഘോഷം. എങ്ങനെ ആകാതിരിക്കും! കര്‍ദിനാള്‍ ജിയോവാനി ഫ്ളോറന്‍സ് റിപ്പബ്ലിക്കിന്റെ ഭരണാധികാരികുടിയാണ്. സ്ഥാനാരോഹണച്ചടങ്ങില്‍ വിശിഷ്ടാതിഥികളുടെ പട്ടികയില്‍ മൈക്കെലാഞ്ജലോ
ക്ഷണിക്കപ്പെട്ടു. ഡാവിന്‍ചി, റാഫേല്‍, ടിറ്റന്‍ എന്നിവരുടെ ഒപ്പം മുന്‍നിരയില്‍ മൈക്കിള്‍ വിശിഷ്ടമായി അലങ്കരിച്ചൊരുക്കിയ ഇരിപ്പിടത്തില്‍ ആസനസ്ഥനായി.
സംഗീതകലയേയും നൃത്തത്തെയും മറ്റു നാനാകലകളേയും ചിത്രമെഴുത്തിനെയും ശില്പനിര്‍മ്മാണത്തെയും അതീവമായി സ്നേഹിച്ചിരുന്ന യുവ പോപ്പ്. ആഡംബരങ്ങളിലും സുഖഭോഗങ്ങളിലും വളര്‍ന്ന പ്രഭുകുടുംബത്തിലെ പോപ്പിന് ആത്മീയം ഒരലങ്കാരമായിരുന്നു. അധികാരം ഒരു ആവേശമായിരുന്നു. ചുറ്റിലും ഓച്ഛാനിച്ചു നിന്നിരുന്ന നിരവധി കര്‍ദിനാളന്മാര്‍ തിരുമനസ്സിന്റെ അധികാരത്തിന് അന്തസ്സു കൂട്ടി. തകര്‍ന്നടിഞ്ഞ വിശുദ്ധറോമാ സാമ്രാജ്യവും കുരിശുയുദ്ധങ്ങളും പോറല്‍വീഴ്ത്തിയ അന്തഃസത്തയുടെ വീണ്ടെടുപ്പായിരിക്കണം നവോത്ഥാനം. റോം ഉയര്‍ത്തെഴുന്നേല്‍ക്കണം. വത്തിക്കാനില്‍ വീണ്ടും ശക്തമായി പേപ്പല്‍ കൊടി പാറണം. യൂറോപ്പിലെ രാജാക്കന്മാരെ ഭരിക്കുന്ന ചക്രവര്‍ത്തി തന്നെ പോപ്പ് എന്ന് സ്ഥാനാരോഹിതനാകാന്‍ നിശ്ചയിക്കപ്പെട്ട ലിയോ പത്താമന്‍ ചിന്തിച്ചു. എന്നാല്‍ ഇടയ്ക്കിടെ ചില രാജാക്കന്മാര്‍ നിഷേധികളാകും. ഇംഗ്ലണ്ടിലും ഫ്രാന്‍സിലുമുള്ള രാജാക്കന്മാരെ പലപ്പോഴും നിലയ്ക്കു നിര്‍ത്താന്‍ പഴയ പോപ്പുമാര്‍ തത്രപ്പെട്ടിട്ടുണ്ട്.
സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ അതിവിശാലമായ ഹാള്‍ മഹാരഥന്മാരെക്കൊണ്ട് നിറഞ്ഞു. വിവിധ നിറങ്ങളുള്ള ഗ്ലാസുകളിലൂടെ മെഴുകുതിരി വെളിച്ചം തുങ്ങിക്കിടന്നിരുന്നു. ഷാന്റലുകളില്‍ നിന്നൊഴുകി പാല്‍നിറമുള്ള മാര്‍ബിള്‍ത്തറയിലും അതില്‍ വിരിച്ചിരുന്ന വിദേശ നിര്‍മ്മിതമായ തൂവെള്ള കാര്‍പ്പെറ്റിലും പല വര്‍ണ്ണങ്ങള്‍ വരച്ചു. ചുവപ്പ് പട്ടു കാര്‍പ്പറ്റില്‍ വെള്ളപ്പട്ടു ളോഹയ്ക്കു മുകളില്‍ മൃദുലമായ ചുവപ്പു രോമമേലങ്കിയും ചുവപ്പു വട്ടതൊപ്പിയും പേറി റോമിന്റെ ആര്‍ച്ചുബിഷപ്പും കര്‍ദിനാളും ഫ്‌ളോറന്‍സ് ഭരണാധികാരിയുമായ കര്‍ദിനാള്‍ ഡി മെഡിസ്സ്റിയെ സജ്ജമാക്കിയിരുന്ന പത്രോസിന്റെ താക്കോല്‍ ആലേഖനം ചെയ്ത പേപ്പല്‍ സിംഹാനത്തിലേക്ക് കര്‍ദിനാള്‍സംഘം എഴുന്നള്ളിച്ചു കൊണ്ടുവന്നിരുത്തിയപ്പോള്‍ വലിയ കരഘോഷം ഹോളിലാകെ മുഴങ്ങി.
വെള്ളയും ചുവപ്പും പട്ടുകുപ്പായമിട്ട കോറസ് സംഘം വാദ്യാലങ്കാരത്തോടെ ഉതിര്‍ത്ത ഗാനം മുഴങ്ങി. അവ പേപ്പല്‍ സിംഫാസനത്തെയും പോപ്പിന്റെ അപ്രമാദിത്വത്തെയും വിളംബരം ചെയ്തു. അംശവടിയും അധികാരചിഹ്നങ്ങളും പേറിയ പുതിയ പോപ്പിന്റെ ചെറിയ ചുവന്ന വട്ടത്തൊപ്പിക്കുമേലെ പേപ്പല്‍ മുദ്രയുള്ള സ്വർണ്ണക്കിരീടം കൂട്ടത്തില്‍ മുപ്പനായ കര്‍ദിനാള്‍ വച്ച് സ്ഥാനാരോഹിതനാക്കിയപ്പോള്‍ വത്തിക്കാനിലെ ഗോപുരങ്ങളില്‍ നിന്നും പലതരം മണികള്‍ സംഗീതമഴ പെയ്യിച്ചു. വീണ്ടും നിര്‍ത്താതെ കരഘോഷത്തിനിടയില്‍ പുതിയ പോപ്പ് അധികാരചിഹ്നം ഉയര്‍ത്തി വിശ്വാസികളെ അനുഗ്രഹിച്ചു.
പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി സുന്ദരിയായ ഒരു മദ്ധ്യവയസ്ക്ക കടന്നുവന്നു. അവള്‍ ഈജിപ്റ്റിലെ മാദകറാണിയായിരുന്ന ക്ലിയോപാട്രയെപ്പോലെ സുന്ദരിയായിരുന്നു. തുടുത്ത വലിയ നിതംബങ്ങളിളക്കി ഒരു വെള്ളക്കുതിരയെപ്പോലെ നടന്നുവരുന്ന ഇവള്‍ ആരെന്ന് മൈക്കെലാഞ്ജലോ ചിന്തിച്ചിരിക്കവേ അടുത്തിരുന്ന റാഫേല്‍ ഉദ്വേഗത്തോടെ പറഞ്ഞു:
മൈക്കിള്‍ അറിയണം ഈ പ്രഭുകുമാരിയെ.
പ്രഭുകുമാരിയോ, ആരിവള്‍?
കേട്ടിട്ടില്ലേ, പ്രശസ്ത കവയിത്രി വിറ്റോറിയാ കൊളോണ! താങ്കള്‍ അറിയാതെ പോകുന്നതെങ്ങനെ? നവോത്ഥാന യൂറോപ്പിലെ ഏക വനിതാ കവയിത്രി. പുരാതന ഗ്രീസിലെ സാഫോയ്ക്കുശേഷം പ്രണയിനികളെയും പ്രഭു കുമാരന്മാരേയും പ്രണയിച്ച് കവിതകള്‍ എഴുതി പ്രകമ്പനംകൊള്ളിച്ചുകൊ ണ്ടിരിക്കുന്ന കവയിത്രി. താങ്കളും ഒരു കവിയായിരിക്കെ ഈ തരുണിയെ അറിയാതെപോകുന്നതെങ്ങനെ?
അറിയാം. കേട്ടിട്ടുണ്ട്. ഇവരുടെ കവിതകള്‍ വായിച്ച് രസിച്ചിട്ടുണ്ട്. പ്രണയത്തില്‍ ചാലിച്ചെഴുതിയ കവിതകള്‍. ഇവള്‍ കവിതപോലെ സുന്ദരി, ആദ്യം കാണുകയാണ്. ഈ മുഹൂര്‍ത്തം എന്തുകൊണ്ടും ധന്യമാണ്.
എന്താ, ഒരു നോട്ടമുണ്ടെന്ന് തോന്നുന്നുവല്ലോ?
എനിക്ക് സുന്ദരികളെ ഇഷ്ടമാണ്. അവരുടെ കടാക്ഷങ്ങളും ആകാരവും വികാരം ഇളക്കുന്ന നടത്തം പോലും.
എന്നാല്‍ ഒരുകൈ നോക്ക്. അവര്‍ക്കു ചേര്‍ന്ന ഒരാളെ അന്വേഷിച്ചു നടക്കുന്നു എന്നാണ് കേള്‍വി. അവരുടെ പൂര്‍വ്വചരിത്രം ആര്‍ക്കാണ് അറിയാത്തത്? പ്രന്തണ്ടു വയസ്സുള്ളപ്പോള്‍ അവള്‍ സന്യാസി സമൂഹമഠത്തില്‍ ചേര്‍ന്നതാണ്. ഒരു സാധാരണ കൃഷിക്കാരന്റെ മകള്‍. അന്നേ അവള്‍ സുന്ദരിയായിരുന്നു. വളര്‍ന്നു വന്നപ്പോള്‍ അതീവ സുന്ദരിയായി. അപ്പോഴൊന്നുമവള്‍ മറ്റൊരു ജീവിതത്തെപ്പറ്റി ചിന്തിച്ചിരുന്നില്ല. പ്രാര്‍ത്ഥനയും പ്രായശ്ചിത്തവുമായി സന്യാസിമഠത്തിന്റെ ഇരുളടഞ്ഞ കോണിലിരുന്ന് നശ്വര ജീവിതത്തെപ്പറ്റി കവിതകളെഴുതി. നഷ്ടപ്പെട്ടുപോയ പ്രണയത്തിന്റെ കവിതകള്‍! അതുകണ്ട് ആകൃഷ്ടനായ ഒരു കര്‍ദിനാള്‍ ഒരിക്കല്‍ അവളെ കാണാനെത്തി. ആ കാഴ്ച രഹസ്യമായിരുന്നു. ഒരു പ്രണയസാഫല്യത്തിലേക്കുള്ള തുറന്ന വഴി. അദ്ദേഹത്തിന്റെ കസിനായ അവളേക്കാൾ പത്തു വയസ്സിനു മൂപ്പുള്ള ഭാര്യ മരിച്ചുപോയ ഒരു പ്രഭുവുമായി അവളെ അടുപ്പിച്ചു. സുമുഖനായ ധാരാളം സമ്പത്തുള്ള പ്രഭു. ഒരുനാള്‍ ഉടുപ്പുരി അയാളെ അവള്‍ പരിണയിച്ചു. കഷ്ടിച്ച് ഒരുവര്‍ഷം തികയുംമുമ്പ് പ്രഭു ഒരു ആഘോഷ പരിപാടിയില്‍വച്ച് കുഴഞ്ഞു വീണു മരിച്ചു. ഒരു ശോക നാടകം പോലെ വീണ്ടും ഒറ്റപ്പെട്ടവള്‍. കുട്ടികളില്ല. ബാദ്ധ്യതകളില്ല. പ്രഭുവിന്റെ കണക്കില്ലാത്ത സമ്പത്തിന്റെ ഉടമ!
മൈക്കെലാഞ്ജലോ ചെറുപുഞ്ചിരിയോട അഭിപ്രായപ്പെട്ടു;
ഒരു താല്ക്കാലിക ഇടപെടലുകളൊക്കെ കൊള്ളാം. പക്ഷേ, നമ്മുടെ തൊഴിലിന് ഒരു ഭാര്യ പ്രത്യേകിച്ചും ഒരു പ്രഭ്വി പറ്റില്ലല്ലോ. വല്ലപ്പോഴും ഒന്നിച്ചിരുന്നൊന്ന് കവിത ചെല്ലുമ്പോലെ അല്ലല്ലോ ദാമ്പത്യം!
അതേ, അതേ. റാഫേല്‍ അതിനെ പിന്താങ്ങി..
ഞാനിപ്പോള്‍ ഇടയ്ക്കിടെ അനുഭവിച്ചുകൊണ്ടിരിക്കുന്നു. എന്റെ ഭാര്യ നേപ്പിള്‍സിലെ ഒരു വലിയ പ്രഭുവിന്റെ ഏകമകളാണ്. ഞാനെപ്പോഴും ഒരുങ്ങി ചമഞ്ഞ് എല്ലാ സദസ്സുകളിലും നൃത്തമാടണം. രാജാക്കന്മാരും പ്രഭുക്കളുമൊക്കെ പലപ്പോഴും സദാചാര ബോധമില്ലാത്തവരാണെന്ന് അറിയാമല്ലോ. അവര്‍ക്കൊക്കെ മുമ്പില്‍ പരിഷ്കൃത സമുഹം എന്ന് വരുത്തിവെക്കാന്‍ പല കാര്യങ്ങളിലും കണ്ണടയ്ക്കേണ്ടിവരും.
മൈക്കെലാഞ്ജലോ ഓര്‍ത്തു. വിറ്റോറിയ കവയിത്രിയാണ്. മനോഹരമായ പ്രണയ കാവ്യം പോലെ സുന്ദരിയും. തന്റെ ശില്പങ്ങളില്‍ ചിത്രങ്ങളില്‍ എത്ര എത്ര സുന്ദരന്മാരും സുന്ദരികളുമുണ്ട്. അവ നഗ്നമായി കൊത്തുകയും വരയ്ക്കുകയും ചെയ്യുമ്പോള്‍ അവരുടെ ഒക്കെ ആകാരവടിവും എഴുന്നുനില്ക്കുന്ന പേശികളും ഞരമ്പുകളും ആരെയും കോരിത്തരിപ്പിക്കും. തീക്ഷ്ണമായ കടാക്ഷവും ഭാവവും ആരെയും പിടിച്ചു നിർത്തും. ജീവനുളളതുപോലെ, വിറ്റോറിയയുടെ ഒരു ചിത്രം വരച്ച് അവള്‍ക്കു കൊടുത്താല്‍, ഒരുപക്ഷേ, അവളുമായി താല്ക്കാലിക ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, എന്തായിരിക്കും അവളുടെ ഉള്ളിലിരുപ്പ്, പക്ഷേ, അവളുടെ ഒരു നഗ്ന ചിത്രം വരയ്ക്കാനാണാഗ്രഹം. അതിനവള്‍ സമ്മതിക്കുമോ? അങ്ങനെ ചിന്തിച്ച് ആഘോഷങ്ങളില്‍ പങ്കെടുക്കവേ അവള്‍ തന്നെ അന്വേഷിച്ചറിഞ്ഞ് അടുത്തെത്തിയപ്പോള്‍ അവളുടെ തുടുത്ത കവിളില്‍ ഒരു ചുംബനം കൊടുക്കാനാണ് അപ്പോള്‍ മൈക്കിളിന് തോന്നിയത്.
അവള്‍ ഉത്സാഹഭരിതയായി അന്വേഷിച്ചു….
താങ്കളാണോ അതിപ്രശസ്തനായ യുവശില്‍പി മൈക്കെലാഞ്ജലോ?
അതേ, അതേ. മൈക്കിളിന്റെ ഉത്സാഹത്തിന് അതിരില്ലായിരുന്നു. തേടിയ വള്ളി കാലില്‍ ചുറ്റിയിരിക്കുന്നു. സ്വര്‍ഗ്ഗം കിട്ടിയ വാശിപോലെ.
അവള്‍ പുനിലാവുപോലെ പുഞ്ചിരിച്ചു പറഞ്ഞു…
താങ്കളുടെ കവിതകളും ഞാന്‍ വായിച്ചിട്ടുണ്ട്. കാല്പനികതയും ആശയ അഗാധതകൊണ്ടും താങ്കളുടെ ശില്പങ്ങളും ചിത്രങ്ങളുംപോലെ. എന്നാല്‍ എല്ലാറ്റിനുമുപരിയായി എനിക്ക് താങ്കളുടെ ശില്പങ്ങളോടാണ് ഏറെ ഇഷ്ടം. പ്രത്യേകിച്ചും ഡേവിഡിന്റെ പ്രതിമയോട്. ഡേവിഡ് നഗ്നനായിരിക്കുന്നതു തന്നെ അതിന്റെ പൂര്‍ണ്ണത! കരുത്തുള്ള ഒരു മനുഷ്യന്റെ വികാരവിചാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു കാവ്യം പോലെയാണ് എനിക്കാ പ്രതിമ.
മൈക്കിള്‍ വിറ്റോറിയായ്ക്കുമേല്‍ ഉന്മാദംനിറഞ്ഞ ഒരു കടാക്ഷ മൊഴിഞ്ഞു….
എനിക്കൊരാഗ്രഹമുണ്ട്. നടക്കുമെങ്കില്‍…
എന്താണ്? വിറ്റോറിയായുടെ ജിജ്ഞാസ പൊട്ടിയൊഴുകി.
വിറ്റോറിയായുടെ ഒരു ചിത്രം വരയ്ക്കാന്‍!
അതിനെന്താ?
ഒരു നഗ്നചിത്രം!
നഗ്നചിത്രമോ? അവളുടെ ഹൃദയം ത്രസിച്ചു. മുഖത്തു ശോണിമ പടര്‍ന്നു. സൗരഭ്യം പരന്ന ചെങ്കല്‍ നിറമുള്ള റോസാപ്പുവിനുള്ളില്‍ നിന്നെന്നപോലെ അവളുടെ നിശ്വാസ വായുവില്‍നിന്നുതിര്‍ന്ന വിലകൂടിയ പരിമളം വിയര്‍പ്പിലലിഞ്ഞ് സുഗന്ധം പരത്തി. അവള്‍ ശൃംഗാരത്തോടെ പറഞ്ഞു….
എന്റെ നഗ്നമേനി തീര്‍ച്ചയായും താങ്കള്‍ക്ക് മുമ്പില്‍ പ്രദർശിപ്പിക്കാം. പ്രത്യേകിച്ചും ഒരു വിശ്വ ശില്പിക്കു മുമ്പില്‍!
അങ്ങനെയെങ്കില്‍, ഡാവിന്‍ചി വരച്ചതുപോലെ ഒരു മോണാലിസാ എന്റെ കരങ്ങളിലൂടെ പിറവിയെടുക്കട്ടെ!
ഇരുവരും അപ്പോള്‍ ആലിംഗനബദ്ധരായി. അപ്പോള്‍ ആഘോഷം മുര്‍ദ്ധന്യത്തിലെത്തിയിരുന്നു. രാജാക്കന്മാരും പ്രഭുക്കളും വീഞ്ഞു കുടിച്ചു മത്തരായി പെലിക്കന്‍ പക്ഷികളെപ്പോലെ ജോഡികളായി നിരന്നു നൃത്തമാടാൻ തുടങ്ങിയിരുന്നു. മാസ്മരികമായ വാദ്യസംഗീതത്തിന്റെ അകമ്പടിയോടെ!
(തുടരും…..)