പോപ്പ് ലിയോ പത്താമന്‍ അത്യാഡംബരത്തില്‍ മുഴുകി. ചുറ്റിലും ബന്ധുക്കളായ കര്‍ദിനാളന്മാരുടെ ഒത്താശ ആഡംബത്തിന് മൂര്‍ച്ചകൂട്ടി. നൃത്തവും പാട്ടും ചിത്രകലയും കൊത്തുപണികളും സമ്മേളനങ്ങളും പാര്‍ട്ടികളും കെട്ടിട നിര്‍മ്മാണവും പേപ്പല്‍ ഭണ്ഡാരത്തെ ശോഷിപ്പിച്ചു. വലിയ ഒരു സംഖ്യ നീക്കിയിരിപ്പ് വെച്ചാണ് പോപ്പ് ജൂലിയസ് രണ്ടാമന്‍ ദിവംഗതനായത്.
ഇതിനിടെ മൈക്കിള്‍ആന്‍ജലോ പലതവണ പോപ്പിനെ മുഖം കാണിച്ചു. പോപ്പ് ജൂലിയസ് രണ്ടാമന്റെ ശവകുടീരം മുന്നു നിലകളില്‍ പണിത് മോശയൂടെ വലിയ പ്രതിമ ഉള്‍പ്പടെ നാല്പത്തിയേഴു പ്രതിമകള്‍ പൂര്‍ത്തിയാക്കണം. നാല് കൊല്ലം മുമ്പ് വ്യവസ്ഥ ഒപ്പിട്ടിട്ടുള്ളത്. ജൂലിയസ് പോപ്പിന്റെ ആകസ്മിക മരണം, പുതിയ പോപ്പിന്റെ സ്ഥാനാരോഹണവും കാത്ത് മൈക്കിള്‍ആന്‍ജലോ കഴിയുകയായിരുന്നു. പോപ്പ് ലിയോ സൃഹൃത്തും സ്വന്തം പോപ്പുമെന്ന് കരുതിയതാണ്. പോപ്പ് ലിയോ ആകെ മാറിയിരിക്കുന്നു. തലതിരിഞ്ഞ റോമന്‍ കൈസര്‍മാരെ അനുസ്മരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ചെയ്തികള്‍. ഇങ്ങനെ പോയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ഭണ്ഡാരം കാലിയാക്കും. ജൂലിയസ് പോപ്പിന്റെ ശവകൂടീരം എങ്ങനെയും തീര്‍ത്തേ പറ്റൂ. അദ്ദേഹം കാലംചെയ്യുംമുമ്പ് അദ്ദേഹത്തിന് വാക്കുകൊടുത്തിരുന്നതാണ്.
ജൂലിയസ് പിതാവ് ദേഷ്യക്കാരനും കര്‍ക്കശ്ശുക്കാരനുമായിരുന്നെങ്കില്‍ത്തന്നെ ഒരു ധാരാളിയായിരുന്നില്ല. കാര്യഗൌരവമുള്ള പോപ്പ്, റോമിനെയും വത്തിക്കാനെയും അദ്ദേഹം നവോത്ഥാനത്തിന്റെ നെറുകയില്‍ത്തന്നെ എത്തിച്ചിട്ടുണ്ട്. സെസ്റ്റീന്‍ ചാപ്പലും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയും അദ്ദേഹത്തിന്റെ ഓര്‍മ്മ എന്നെന്നും നിലനിര്‍ത്തും.
പോപ്പ് ലിയോയെപ്പറ്റി മൈക്കിളിന്റെ ധാരണ അപ്പാടെ മാറി. പ്രതീക്ഷകള്‍ മങ്ങി. ധൂര്‍ത്തടിക്കാന്‍ ആര്‍ക്കും കഴിയും. ഉണ്ടാക്കാന്‍ സമര്‍ത്ഥന്മാര്‍ക്കേ കഴിയൂ. തലതിരിഞ്ഞ ഭരണം കര്‍ദിനാള്‍ തിരുസംഘത്തെപ്പോലും ഭയത്തിലാഴ്ത്തിയിട്ടുണ്ട്. കൂരിയയുടെ (കര്‍ദിനാള്‍സംഘം) അധികാരപരിധിയെപ്പോലും വെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പുറപ്പാട്. സ്വന്തക്കാരായ കുറേ കര്‍ദിനാളന്മാരാണ് അദ്ദേഹത്തെ വഷളാക്കുന്നത്. അദ്ദേഹത്തിനെതിരായി നീങ്ങിയ ചുരുക്കം ചില കര്‍ദിനാളന്മാരെ അദ്ദേഹം വത്തിക്കാനു പുറത്താക്കി.
ആയിടെ വീണ്ടും മൈക്കിള്‍ആന്‍ജലോ പോപ്പിനെ മുഖംകാണിക്കാനെത്തി. പോപ്പ് ലിയോ കുശലപ്രശ്നം നടത്തി മൈക്കിളിനെ സ്വീകരിച്ചു.
മൈക്കിള്‍ ചുറ്റിലും നോക്കി. സ്വന്തക്കാരായ കര്‍ദിനാളന്മാര്‍ അദ്ദേഹത്തെ വലയം ചെയ്തു നില്‍ക്കുന്നു, അംഗരക്ഷകരെപ്പോലെ. ചുറ്റിലും ഒന്നു കണ്ണോടിച്ചിട്ട് മൈക്കിള്‍ സ്വരം താഴ്ത്തി പറഞ്ഞു:
അവിടത്തോട് മാത്രം ഒന്ന് രഹസ്യമായി സംസാരിച്ചാല്‍ക്കൊള്ളാമെന്നുണ്ട്.
പറഞ്ഞോളൂ.
മൈക്കിള്‍ ചുറ്റിലും വീണ്ടും കണ്ണോടിച്ചു.
പോപ്പ് സാകുതം പറഞ്ഞു;
പറഞ്ഞോളൂ. ചുറ്റിലും നില്‍ക്കുന്ന കര്‍ദിനാളന്മാര്‍, നമ്മുടെ സ്വന്തക്കാര്‍ തന്നെ. അവരറിയാതെ നമുക്കൊരു രഹസ്യവുമില്ല. പിന്നെ വന്ന കാര്യം, ജൂലിയസ്സ് പോപ്പിന്റെ ശവകുടീരം പണിയുന്നതിനെപ്പറ്റി ആലോചിക്കാനാണെന്ന് നാം കരുതുന്നു. മൈക്കിള്‍ പല പ്രാവശ്യം നമ്മെ ഓര്‍മ്മിപ്പിച്ചിട്ടുണ്ടല്ലോ. നാം മറന്നിട്ടൊന്നുമില്ല. പക്ഷേ, അതിപ്പോള്‍ എങ്ങനെ നടക്കാനാ?
ഭണ്ഡാരത്തില്‍ പണം കാലിയായിക്കൊണ്ടിരിക്കുകയാണ്. കുറേ അധികം പണം കൂടി ഉണ്ടാക്കാനുള്ള മാര്‍ഗ്ഗത്തെപ്പറ്റി ആലോചിക്കാതിരിക്കാനാവില്ല. അല്ലങ്കിലും വത്തിക്കാനും ഇവിടുത്തെ ഭരണങ്ങള്‍ക്കും ഭാരിച്ച ചിലവുണ്ട്. രാജാക്കന്മാരും പ്രഭുക്കളും വേണം അത് സംഭരിച്ചു തരാന്‍.
ഇപ്പോള്‍തന്നെ നാം എങ്ങനെയാണ് ഇവിടുത്തെ ചിലവുകള്‍ വഹിക്കുന്നതെന്ന് കേട്ടാല്‍ ഞെട്ടിപോകും. അത് പറയാന്‍തന്നെ നാണക്കേട്! ഇത്ര മാത്രം സമ്പത്തുള്ള യൂറോപ്പില്‍ എന്തിന് രാജാക്കന്മാരുടെ രാജാവായ പോപ്പ് നാണംകെട്ട് കാര്യങ്ങള്‍ നടത്തണം? പണം തികയാതെവന്നപ്പോള്‍ ഇവിടുത്തെ അപൂര്‍വ്വ ശേഖരത്തില്‍നിന്ന് കുറെ വിശിഷ്ട ഗൃഹോപകരണങ്ങള്‍, വെള്ളിപ്പാത്രങ്ങള്‍, പഞ്ചലോഹത്തില്‍ തീര്‍ത്ത മെഴുകുതിരിക്കാലുകള്‍, എന്തിന് ചുരുക്കം ചില അപ്പസ്തോല പ്രതിമകള്‍വരെ വില്‍ക്കേണ്ടതായിവന്നു.
മൈക്കിള്‍ആന്‍ജലോ നെറ്റി ചുളിച്ചു പറഞ്ഞു;
അത് മഹാകഷ്ടം തന്നെ! ഇതൊക്കെ വത്തിക്കാന്റെ അത്യപൂര്‍വ ശേഖരങ്ങളല്ലേ? അവിടുന്ന് അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലായിരുന്നു. ഇതൊക്കെ പൂര്‍വ്വികര്‍ സൂക്ഷിച്ചിരുന്ന വസ്തുവകകളല്ലേ?
പിന്നെ എവിടുന്നു പണമുണ്ടാകും? പണത്തിനു പണം വേണ്ടേ? രാജാക്കന്മാരും ഭരണാധികാരികളുമായ പ്രഭുക്കളും പണ്ടു തന്നുകൊണ്ടിരുന്ന വട്ടിപ്പണം പോലും തരാന്‍ പിശുക്കു കാണിച്ചുകൊണ്ടിരിക്കുന്നു. ആട്ടെ, പോപ്പ് ജൂലിയസ്സിന്റെ കുടീരം പണിയാന്‍ എന്തു ബഡ്ജറ്റാണ് മൈക്കിളിന്റെ മനസ്സില്‍.
ശവകുടീരം മൂന്നു നിലയില്‍ മാര്‍ബിളില്‍ പണിയണം. പിന്നെ…
അടുത്തു നിന്നിരുന്ന അര്‍ദ്ധസഹോദരന്‍ കര്‍ദിനാലാണ് മൈക്കിളിന്റെ ചോദ്യം പൂരിപ്പിച്ചു പറഞ്ഞത്. നാല്പത്തിയേഴു പ്രതിമകള്‍ അല്ലേ! അത്രയൊന്നിന്റെയും ആവശ്യമില്ല. മോശയുടെ പ്രതിമ. അതൊന്ന് മാത്രം മതി. പ്രതിമ നിര്‍മ്മാണത്തിനാണ് കെട്ടിട നിര്‍മ്മാണത്തേക്കാളേറെ ചിലവ്! അല്ലെങ്കിലും ജൂലിയസ് പോപ്പിന് അതില്‍ കുടുതല്‍ ഒരാദരവിന്റെ കാര്യമൊന്നുമില്ല. നവോത്ഥാനകാലത്തെ എല്ലാ പോപ്പുമാര്‍ക്കും ഏറെക്കുറെ ഒരേ ആദരവ് ഒക്കെ കൊടുത്താ മതി. ഇതിനുമുമ്പ് ഭരണം നടത്തിയ പോപ്പുമാരായ ഇന്നസന്റ്, അലക്സാണ്ടര്‍, പയസ് ഇവര്‍ക്കൊക്കെ ഇത്രപോലും ആദരവ് കൊടുത്തിട്ടില്ലല്ലോ
അതല്ല, പോപ്പ് ജൂലിയസ് രണ്ടാമന്‍ ഏറെ പ്രാധാന്യമുണ്ട്. അദ്ദേഹത്തിന്റെ അങ്കിള്‍ പോപ്പ് സിക്സ്റ്റസ് നാലാമന്‍ പണിയിപ്പിച്ച സെസ്റ്റീന്‍ ചാപ്പലില്‍ ഞാന്‍ വരച്ച ബൈബിള്‍ ചിത്രങ്ങള്‍ അതിന് വര്‍ണ്ണഭംഗി കൊടുക്കുമെങ്കില്‍ അതിനു കാരണക്കാരന്‍ ജൂലിയസ് പോപ്പായിരുന്നില്ലേ! മറ്റാരും അതിന് മുന്‍കൈ എടുത്തിരുന്നില്ലല്ലോ. അതില്‍ കോറിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ അനശ്വരങ്ങളായി ലോകം ഉള്ളിടത്തോളം കാലം നിലനില്‍ക്കും. അപ്പോള്‍ അതിന്റെ ഏകകാരണക്കാരന്‍ അദ്ദേഹം തന്നെ. അങ്ങനെയുള്ള ആ പിതാവിന് ഉചിതമായ ആദരവ് നല്‍കുന്നില്ലെങ്കില്‍ അതൊരു ശാപമായി വത്തിക്കാന് മുകളില്‍ എന്നെന്നും നിലനില്‍ക്കും. ഒരുപക്ഷേ കൂലി ഇല്ലാതെ കെട്ടിട നിര്‍മ്മാണവും ശില്പനിര്‍മ്മാണവും ഞാന്‍ ചെയ്യാം.
എങ്കില്‍ത്തന്നെ സാധനസാമ്രഗികള്‍ വാങ്ങണമല്ലോ. അതിനുള്ള പണം എങ്ങനെ ഉണ്ടാക്കാമെന്ന് ഞാനൊന്ന് നോക്കട്ടെ! പോപ്പ് ലിയോ മൈക്കിള്‍ആന്‍ജലോയ്ക്ക് പ്രത്യാശ നല്‍കി.
എന്താണ് വഴി? മൈക്കിളിന് ആ വിചിത്രമായ വഴിയെപ്പറ്റി ജിജ്ഞാസയായി.
പോപ്പ് ലിലോ പറഞ്ഞു:
ആ വഴി പിന്നീട് പറഞ്ഞു മനസ്സിലാക്കാം. അത് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വഴിതന്നെ.
എന്താ വഴി? മൈക്കിള്‍ കിണഞ്ഞാലോചിച്ചു. എന്തെങ്കിലും കുറുക്കു വഴികള്‍. അവ വത്തിക്കാനെയോ വിശ്വാസ സത്യങ്ങളെയോ വിഴുങ്ങാത്തതായിരിക്കട്ടെ. പോപ്പ് ലിയോയുടെ കാര്യമാകയാല്‍ അതൊക്കെ സംഭവിക്കാവുന്നതേയുള്ളൂ. അതിനു പറ്റിയ ബന്ധുക്കാരായ കുറെ കര്‍ദിനാളന്മാരും.
കുറേ നാളുകള്‍ക്കുശേഷം പോപ് ലിയോ, മൈക്കിള്‍ആന്‍ജലോയെ ആളയച്ചുവരുത്തി. മൈക്കിള്‍ പ്രതീക്ഷാപൂര്‍വ്വം പോപ്പിനെ മുഖം കാണിച്ചു. പോപ്പ് ലിയോ മൈക്കിളിനോട് പറഞ്ഞു:
ഞാന്‍ കുറേ പണമുണ്ടാക്കി, ഒരുതരത്തില്‍ ആരെയും ബുദ്ധിമുട്ടിക്കാതെ.
എങ്ങനെ?
ശുദ്ധീകരണസ്ഥലത്തിലെ ആത്മാവുകള്‍ക്ക് ആശ്വാസം നല്‍കുംവിധം!
അങ്ങെന്താണ് പറഞ്ഞുവരുന്നത്?
ഞാന്‍ പറഞ്ഞില്ലേ, രാജാക്കന്മാര്‍ക്കും പ്രഭുക്കള്‍ക്കുമൊക്കെ വേണ്ടതിലധികം പണമുണ്ട്. അവരൊക്കെ ധൂര്‍ത്തടിക്കുന്ന പണം മതി വത്തിക്കാനെ ഒന്നു നേരെ നിര്‍ത്താന്‍. എന്നാല്‍ അവരൊക്കെ സ്വാര്‍ത്ഥരായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടുന്ന പാപങ്ങളോ! അതേപ്പറ്റി പറയാതിരിക്കുന്നതുതന്നെ ഭേദം. നാം നമ്മുടെ അധികാരം ഉപയോഗിച്ചു ശുദ്ധീകരണസ്ഥലത്തെ ശിക്ഷ കുറച്ചുതരാം. എന്നാല്‍ സഭയെ സഹായിക്കണം. സാമ്പത്തികമായി, എന്ന് വിളബരം ചെയ്തു. സഭ എന്നാല്‍, ദൈവത്തിന്റെ ആലയമാണല്ലോ. പണം സംഭാവന ചെയ്യുന്നതനുസരിച്ച് ശുദ്ധീകരണ സ്ഥലത്ത് ശിക്ഷ ഇളവ്! എന്താ, നല്ല കാര്യമല്ലേ! അല്ലാതെ എങ്ങനെ പണക്കാരൊക്കെ ശിക്ഷ ലഘൂകരിച്ച് സ്വര്‍ഗ്ഗ രാജ്യത്ത് വേഗം പ്രവേശിക്കും? അല്ല, നമുക്ക് അതൊക്കെ ചെയ്യാന്‍ അപ്രമാദിത്വം ഉണ്ടല്ലോ! അതാണല്ലോ കുരിശുയുദ്ധം തുടങ്ങിയ പാപ്പാ അര്‍ബന്‍ രണ്ടാമനും ചെയ്തത്. അന്നദ്ദേഹം യുദ്ധം ചെയ്യാന്‍ അയച്ച നൈറ്റ്ടേബിഉര്‍ സന്യാസ സമൂഹത്തെ ആശീര്‍വദിച്ചു പ്രഖ്യാപിച്ചില്ല, സഭയ്ക്കുവേണ്ടി രക്തസാക്ഷികളാകുന്ന നിങ്ങള്‍ക്ക് നാം സ്വര്‍ഗ്ഗരാജ്യം വാഗ്ദാനം ചെയ്യുന്നു എന്ന്. അതുതന്നെ നാമും ചെയ്യുന്നു. സഭയെ സഹായിക്കുന്ന പാപികള്‍ക്ക് മരണാനന്തര ശിക്ഷയുടെ കാഠിന്യം കുറച്ച് കാലാവധി ഇളവ് ചെയ്യുന്നു.
മൈക്കിള്‍ആന്‍ജലോ നെറ്റിചുളിച്ചു;
ഇതൊക്കെ വിപത്തുകള്‍ സൃഷ്ടിക്കില്ല!
എന്തു വിപത്തുക്കള്‍?
പോപ്പിന്റെ സ്വഭാവം ഉള്‍ക്കൊണ്ട മൈക്കിള്‍ ലഘൂകരിച്ചു പറഞ്ഞു:
അല്ല, ഞാന്‍ പറയുന്നത് അവിടത്തേക്ക് ഇതിനൊക്കെ അധികാരമുണ്ടെങ്കില്‍ത്തന്നെ യൂറോപ്പിലാകെ പുതിയ പ്രവണതകള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് കേള്‍വി. ജര്‍മ്മനിയില്‍ ഒരുപറ്റം സന്യാസസമൂഹം കത്തോലിക്കാ സഭയില്‍ നവീകരണം ഉണ്ടാകേണ്ടതിനെപ്പറ്റി പ്രചരിപ്പിക്കുന്നതായികേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. അത്തരുണത്തില്‍ ഇതൊക്കെ അല്പസ്വല്പം
വിപ്ലവങ്ങള്‍ സൃഷ്ടിക്കില്ലേ എന്നൊരാശങ്ക.
പോപ്പ് ലിയോ അസ്വസ്ഥനായി. അദ്ദേഹത്തിന്റെ മുഖം ചുവന്നു:
ഇല്ല. അതൊന്നും നാം അനുവദിക്കില്ല. നമുക്കെതിരായി നീങ്ങുന്നവര്‍ ദൈവവിരോധികളാണ്. സഭയില്‍ എന്തെല്ലാം നിയ്രന്തണങ്ങളും വൃതിയാനങ്ങളും ഉണ്ടാകണമെന്ന് തീരുമാനിക്കുന്നതു നാമാണ്. നമുക്ക് അപ്പോഴപ്പോള്‍ ഉണ്ടാകുന്ന ദര്‍ശനങ്ങള്‍, ദൈവഹിതം നിറവേറ്റാന്‍ ഉള്ളതുതന്നെ! ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. സഭയ്ക്കെതിരായി സന്ദേശങ്ങള്‍ അഴിച്ചുവിടുന്നവരെ നിര്‍ദ്ദാക്ഷിണ്യം നാം പുറത്താക്കും, അത്രതന്നെ.
അങ്ങ് ഒന്ന് പുനര്‍ചിന്തിക്കുന്നതു നന്നായിരിക്കും. ന്യായാന്യായങ്ങളെപ്പറ്റി വിചിന്തനം ചെയ്യുന്നത് അങ്ങേക്ക് ചിലപ്പോള്‍ അല്പംകൂടി വിവേകം ഏകിയേയ്ക്കാം.
പോപ്പ് കൂടുതല്‍ ക്രൂദ്ധനായി:
മൈക്കിള്‍, നിനക്കെന്തറിയാം? ഞാന്‍ ഫ്ളോറന്‍സിലെ റിപ്പബ്ലിക്കിലെ രാജാവു കൂടിയാണ്. ഭരണം എന്നെ പഠിപ്പിക്കാതെ. ദൈവനിയോഗമാണ് എന്നെ ആദ്ധ്യാത്മികസിംഹാസനത്തിലിരുത്തിയിരിക്കുന്നത്. ദൈവഹിതം പ്രവര്‍ത്തിക്കുന്ന ഒരു ഭരണാധിപനെയാണ് ദൈവം തിരഞ്ഞെടുത്ത് അധികാര ചിഹ്നങ്ങള്‍ കൈമാറിയിട്ടുള്ളത്. അത് ഞാന്‍ നിറവേറ്റുകതന്നെ ചെയ്യും, ആരുടെ മുമ്പിലും തലകുനിക്കാതെ!
മൈക്കിള്‍ അടങ്ങി. പറഞ്ഞാല്‍ മനസ്സിലാകാത്ത പിടിവാശിക്കാരന്‍ പോപ്പ്. ഇങ്ങനെ ഒന്നും ഇദ്ദേഹത്തെ കരുതിയിരുന്നില്ല. പലരുടെ വായില്‍ നിന്ന് ഇദ്ദേഹത്തെപ്പറ്റി അപവാദങ്ങള്‍ കേള്‍ക്കുന്നു. അനുഭവിച്ചറിയട്ടെ. അല്ലാതെന്തു പറയാന്‍! എന്തായാലും വിളിപ്പിച്ചത് പോപ്പ് ജൂലിയസ്സിന്റെ ശവകൂടീര നിര്‍മ്മിതിയെപ്പറ്റി പറയാനായിരിക്കാം. അങ്ങനെ ചിന്തിച്ചിരിക്കവേ പോപ്പ് ലിയോ പറഞ്ഞു:
മൈക്കിള്‍ വേതനമില്ലാതെ ദാക്ഷിണ്യം ചെയ്യേണ്ട കാര്യമില്ല. നമുക്ക് ഇപ്പോള്‍ വേണ്ടത്ര പണമുണ്ട്. അര്‍ഹിക്കുന്ന വേതനം നാം തരും. പോപ്പ് ജൂലിയസ്സിന്റെ ശവകൂടീര നിര്‍മ്മിതി തുടങ്ങിക്കോ. പക്ഷേ, ഒരു കാര്യം മാത്രം, മോശയുടെ ഒരു വലിയ പ്രതിമ മാത്രം മതി. അങ്ങനെയാണ് സിനഡിന്റെ അഭിപ്രായവും തീരുമാനവും. അതിനെ മറികടക്കുന്നത് ഓചിത്യബോധമില്ലായ്ക തന്നെയാകും!
പോപ്പ് ലിയോ പറഞ്ഞതിന്റെ പൊരുള്‍ മൈക്കിള്‍ മനസ്സിലാക്കി. സിനഡ്! അത് സ്വന്തക്കാരായ കര്‍ദിനാള്‍കുട്ടമാണ്. എന്തായാലും ശവകൂടീരത്തിന്റെ പണി നടക്കട്ടെ തല്ക്കാലം. ബാക്കി പിന്നീട് ആലോചിക്കാം.
മൈക്കിള്‍ആന്‍ജലോ മറുപടി പഞ്ഞു:
എല്ലാം അവിടുത്തെ തിരുഇഷ്ടംപോലെ.
(തുടരും….)