അബുദാബി : അടുത്ത 50 ദിവസത്തിനുള്ളിൽ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കണമെന്നും അല്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്നും മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) സ്വകാര്യ മേഖലാ സ്ഥാപനങ്ങളോട് വെള്ളിയാഴ്ച ആവശ്യപ്പെട്ടതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് 2023 ജനുവരി മുതൽ പ്രതിമാസം ശരാശരി 6,000 ദിർഹം (1,31,503 രൂപ) അല്ലെങ്കിൽ പ്രതിവർഷം 72,000 ദിർഹം പിഴ ചുമത്തും.
50 ജീവനക്കാരോ അതിൽ കൂടുതലോ ജോലി ചെയ്യുന്ന കമ്പനികളിലെ വൈദഗ്ധ്യമുള്ള ജോലികളിൽ 2 ശതമാനം വളർച്ചയോടെ എമിറേറ്റൈസേഷൻ നിരക്ക് ഉയർത്തുകയാണ് ലക്ഷ്യം.
2026-ഓടെ ഈ നിരക്ക് 10 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. എല്ലാ സാമ്പത്തിക മേഖലകളിലുമായി പൗരന്മാർക്ക് പ്രതിവർഷം 12,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.
എമിറാത്തി തൊഴിലാളികളുടെ മത്സരശേഷി വർദ്ധിപ്പിക്കാനും രാജ്യത്തെ പൗരന്മാർക്ക് സ്വകാര്യമേഖലയിൽ തൊഴിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള ഫെഡറൽ പരിപാടിയായ നഫീസ് സംരംഭത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് തീരുമാനങ്ങൾ.
“യുഎഇയിൽ ജോലി ചെയ്യാൻ ലോകമെമ്പാടുമുള്ള കമ്പനികളെയും നിക്ഷേപകരെയും സംരംഭകരെയും കഴിവുള്ളവരെയും പ്രോത്സാഹിപ്പിക്കുന്ന മെച്ചപ്പെട്ട ബിസിനസ്സ് അന്തരീക്ഷവും നിക്ഷേപ അന്തരീക്ഷവും കൈവരിക്കാൻ സഹായിക്കുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് തന്ത്രപ്രധാന മേഖലകളിൽ യുഎഇ തൊഴിൽ വിപണി വികസിപ്പിക്കുന്നതിലുള്ള ഞങ്ങളുടെ വിശ്വാസം ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന നിയമനിർമ്മാണത്തിന് അനുസൃതമായി പ്രവർത്തിക്കുന്നത് ആത്യന്തികമായി സ്വകാര്യ മേഖലയിലെ കമ്പനികളുടെയും അവരുടെ ജീവനക്കാരുടെയും താൽപ്പര്യമാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.