ദോഹ: ലോകം അതിഭയാനകമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും സ്‌നേഹ സഹകരണങ്ങളിലൂടെ ഏത് പ്രതിസന്ധികളേയും മറികടക്കാമെന്നും പ്രവാസ ലോകത്തെ പ്രമുഖ സംരംഭകനും സാമൂഹ്യ പ്രവര്‍ത്തകനും സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍വസത്തില്‍ മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങളുടെ ആറാം ഭാഗത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളില്‍ തളര്‍ന്നുവീഴാതെ പിടിച്ചുനില്‍ക്കുവാനും ലക്ഷ്യം നേടാനും ആത്മവിശ്വാസവും ഊര്‍ജവും നല്‍കിയ പരമ്പരയാണ് വിജയമന്ത്രങ്ങള്‍. ലക്ഷക്കണക്കിന് ശ്രോതാക്കള്‍ നെഞ്ചെറ്റിയ വിജയമന്ത്രങ്ങളുടെ പുസ്തക പരമ്പരയും സഹൃദയലോകം സ്വീകരിച്ചത് സന്ദേശങ്ങളുടെ സമകാലിക പ്രസക്തിയാണണ് അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരന്തരമായ പരിശ്രമങ്ങളും പ്രചോദനങ്ങളും ലക്ഷ്യത്തിലേക്കുള്ള വഴി അനായസമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
എല്ലാ വിഭാഗമാളുകള്‍ക്കും നിരന്തരമായ പ്രചോദനം ആവശ്യമാണെന്നും ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കാനും പ്രവര്‍ത്തിപഥത്തില്‍ മുന്നേറാനും ഇത്തരം പ്രചോദനങ്ങള്‍ ഫലം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യു.എ. ഇ.യിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും ലൈഫ് വേ ഗ്രൂപ്പ് സി.ഇ. ഒ.യുമായ അന്‍സാര്‍ കൊയിലാണ്ടിക്ക് ആദ്യ പ്രതി നല്‍കി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ.എ. റഹീം പുസ്തകം പ്രകാശനം ചെയ്തു.
ബന്ന ചേന്ദമംഗല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഇന്ദു മേനോന്‍, ജാസ്മിന്‍ സമീര്‍, സലാം കൊടിയത്തൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു. എം. എ. സുഹൈല്‍ സ്വാഗതവും അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.