ഹ്യൂസ്റ്റൺ: തിമിരം ബാധിച്ചു കാഴ്ചനഷ്ടപ്പെട്ട നിരാലംബരായ ആളുകൾക്ക് വേണ്ടി സൗജന്യ തിമിര ശസ്ത്രക്രിയ എന്ന കർമ പദ്ധതിയുമായി മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ. മാഗ് പ്രസിഡണ്ട് അനിൽ ആറന്മുള, സെക്രട്ടറി രാജേഷ് വർഗീസ്, ട്രെഷറർ ജിനു തോമസ്, ചാരിറ്റി കോർഡിനേറ്റർ റെജി കുര്യൻ എന്നിവരാണ് ഈ വിവരം അറിയിച്ചത്.
ഇതിനായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ചൈതന്യാ നേത്ര ചികിത്സാലയത്തിലെ ഡോക്ടർമാർ മാഗുമായി സഹകരിക്കാമെന്നേറ്റിട്ടുണ്ട്. ഡോക്ടർമാരുടെ സേവനം സൗജന്യമായിരിക്കും. എന്നാൽ ലെൻസ്, മറ്റു മരുന്നുകൾ ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിവക്കായി ഒരു രോഗിക്ക് ഇരുപത്തിനാലായിരം രൂപ ($300) ചെലവുവരും. ഇതിനു വേണ്ട പണം സ്വരൂപിക്കാനായി മാഗ് പ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു.
നൂറു പേർക്ക് ചികിത്സ നല്കാൻ വേണ്ടത് മുപ്പതിനായിരം ഡോളർ ആണ്. മാഗ് ചാരിറ്റി ഫണ്ട്, കമ്മറ്റി അംഗങ്ങളുടെ സംഭാവനകൾ എന്നിവ ചേർത്ത അയ്യായിരത്തോളം ഡോളർ സമാഹരിച്ചു കഴിഞ്ഞതായി അനിൽ ആറന്മുള അറിയിച്ചു. മാഗ് അംഗങ്ങളും അമേരിക്കയിലെ മലയാളി സുമനസ്സുകളും കൈകോർത്താൽ തിമിരം ബാധിച്ചു നിത്യാന്ധതയിൽ കഴിയാൻ വിധിക്കപ്പെട്ട കുറെ പാവങ്ങൾക്ക് കാഴ്ചയുടെ വെളിച്ചം പകരാൻ കഴിയും എന്ന് അദ്ദേഹം പ്രത്യാശിച്ചു. അതിനായി മാഗ് നിങ്ങളുടെ മുൻപിൽ കൈനീട്ടുകയാണ് എന്നും ഈ സദുദ്യമം വിജയിപ്പിക്കാൻ സഹായിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഒരു കുടുംബം ഒരുരോഗിയെ സ്പോൺസർ ചെയ്യാൻ കഴിഞ്ഞാൽ അത് പാവപ്പെട്ട രോഗികൾക്ക് അനുഗ്രഹമാകും. അതിനായി ചിലവിടേണ്ടത് മുന്നൂറു ഡോളർ മാത്രം. സ്വന്തക്കാർക്കോ പരിചയക്കാർക്കോ വേണ്ടിയും ഈ അവസരം വിനിയോഗിക്കാവുന്നതാണ്.
ഡിസംബർ രണ്ടാം വാരത്തോടെ ശസ്ത്രക്രിയകൾ ചെയ്തു തുടങ്ങും. ഒരുമാസം നീണ്ടു നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റു അസുഖങ്ങൾ ഉള്ളവരെ ശസ്ത്രക്രിയക്ക് വിധേയരാക്കാൻ കഴിയില്ല എന്നത് ആശുപത്രി അധികൃതർ അറിയിച്ചു.