കൊച്ചി: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അദ്ധ്യാപിക നൽകിയ ലൈംഗികാതിക്രമ പരാതി സിനിമാക്കഥ പോലെയാണെന്ന് ഹൈക്കോടതി. യുവതിയുടെ ബലാത്സംഗ പരാതിയിൽ പറയുന്ന ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമാണോയെന്നും കോടതി ആരാഞ്ഞു.
ആദ്യം പരാതി നൽകിയപ്പോൾ ലൈംഗികാതിക്രമം ഉണ്ടായിരുന്നോ എന്ന് കോടതി ചോദിച്ചു. എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെ, പരാതി വായിച്ചപ്പോൾ ഇതൊരു സിനിമാക്കഥയാണെന്ന് തോന്നിയെന്ന് കോടതി പറഞ്ഞു.
അതേസമയം, കേസ് പരിഗണിക്കുമ്പോള്‍ പരാതിക്കാരിയും കോടതിയിലുണ്ടായിരുന്നു. ആദ്യം നല്‍കിയ പരാതിയില്‍ പീഡനപരാതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.
പരാതി വായിക്കുമ്പോൾ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണെന്ന് തോന്നുന്നതായും കോടതി നിരീക്ഷിച്ചു. തെറ്റായ ആരോപണങ്ങൾ ബലാത്സംഗം പോലെ ക്രൂരമാണെന്നും കോടതി പരാമർശിച്ചു. വധശ്രമക്കുറ്റം കേസിൽ എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു.
എന്നാൽ എംഎൽഎ കേസുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിഭാഗം വാദങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുക.