കൊച്ചി: കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസ് നിയമനത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. പ്രിയാ വര്‍ഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചാണോ നടത്തിയതെന്നും കോടതി ചോദിച്ചു. അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നും, യോഗ്യതാ രേഖകൾ സ്ക്രീനിംഗ് കമ്മിറ്റി എങ്ങനെയാണ് വിലയിരുത്തിയതെന്നും ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സർവകലാശാലയും പ്രിയ വർഗീസും നൽകിയ സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചു. രണ്ട് സത്യവാങ്മൂലത്തിലും കൃത്യമായ വിവരങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ നിയമനങ്ങളിലും സുതാര്യതവേണമെന്നും കോടതി പറഞ്ഞു. ഹർജിയിൽ ബുധനാഴ്ചയും വാദം കേൾക്കും.
ചങ്ങനാശേരി എസ്ബി കോളജ് മലയാളം അദ്ധ്യാപകന്‍ ജോസഫ് സ്കറിയ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.