കൊച്ചി: നടൻ മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് എങ്ങനെയാണ് പിൻവലിക്കാൻ കഴിയുക എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്തിട്ടുള്ള കേസ് പിൻവലിക്കണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. 2012ലാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, മോഹൻലാലിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിച്ചത് 2016ലാണെന്ന് കോടതി നിരീക്ഷിച്ചു.
നേരത്തെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷ കോടതി തള്ളി. ഇതിനെതുടർന്ന് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിൽ മോഹൻലാലും കക്ഷി ചേർന്നിരുന്നു. ആനക്കൊമ്പ് പിടിക്കുമ്പോൾ മോഹൻലാലിന് ഉടമസ്ഥത അവകാശം ഉണ്ടായിരുന്നോയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്നും കോടതി വിലയിരുത്തി.