മലപ്പുറം: ആർഎസ്എസ് നേതൃത്വം നൽകുന്ന കേന്ദ്ര ഭരണകൂടത്തിന്റെ വംശീയ ഭീകരതക്കെതിരെ പ്രതിപക്ഷ പാർട്ടികളും രാജ്യത്തെ ജനങ്ങളും ഒരുമിച്ച് നിന്ന് വിശാല ജനാധിപത്യസഖ്യം രൂപപ്പെടുത്തേണ്ട സന്ദർഭമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി കർണാടക സംസ്ഥാന പ്രസിഡണ്ട് അഡ്വ. ത്വാഹിർ ഹുസൈൻ പറഞ്ഞു. വെൽഫെയർ പാർട്ടി കേരള ഡിസംബർ 27, 28, 29 തീയതികളിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടക ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും അമിത് ഷായുടെ നേതൃത്വത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നിഗൂഢ ആസൂത്രണം നടക്കുന്നുണ്ട്. ഇതിനെതിരെ ഭരണഘടന മുൻനിർത്തി ശക്തമായ ചെറുത്തുനിൽപ്പ് അനിവാര്യമാണ്. മനുവാദത്തിലൂടെ ഭരണഘടനയെ അട്ടിമറിച്ചും സിഎഎയിലൂടെ രാജ്യത്ത് രണ്ടാം കിട പൗരന്മാരെ സൃഷ്ടിച്ചും ആർഎസ്എസിന്റെ ഏകാധിപത്യം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ഹിന്ദു രാഷ്ട്ര വാദം നടത്തുന്നത്. ദളിത് – ആദിവാസി – മുസ്‌ലിം പിന്നാക്ക ജനവിഭാഗങ്ങൾ വംശീയ മുനമ്പിൽ നിൽക്കുമ്പോഴും 35 കോടിയിലേറെ ജനങ്ങൾ പട്ടിണിയിലൂടെ മരണം കാത്ത് കിടക്കുന്ന സന്ദർഭത്തിലും രാജ്യത്തെ മതധ്രുവീകരണം നടത്തി വിഭജിക്കാനാണ് മോഡി സർക്കാർ ശ്രമിക്കുന്നത്. വെൽഫെയർ പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഇതിനെതിരെ ശക്തമായ താക്കീതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സവർണ സംവരണം നടപ്പിലാക്കുന്ന ഇടതു സർക്കാർ സംസ്ഥാനത്ത് സംവരണ അട്ടിമറിയാണ് ലക്ഷ്യമിടുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. സവർണ സംവരണം റദ്ദ് ചെയ്യാനും ജനസംഖ്യാനുപാത പ്രാതിനിധ്യത്തിന് മുൻകൈയെടുക്കാനും ഇടതുപക്ഷ സർക്കാർ തയ്യാറാകണം. സംസ്ഥാനത്തെ എസ്.സി, എസ്.ടി വിഭാഗങ്ങളോടും മറ്റു പിന്നാക്ക സമൂഹങ്ങളോടും ഇടതുപക്ഷം സ്വീകരിക്കുന്ന സവർണാധിപത്യ മനോഭാവം തികച്ചും ജനാധിപത്യ വിരുദ്ധമാണ്. വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംവരണ സംരക്ഷണത്തിനും ദൂരഹിതരുടെ പോരാട്ടത്തിനും വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ്, ദേശീയ സെക്രട്ടറി ഇ. സി ആയിഷ, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്, പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റ് ബന്ന മുതുവല്ലൂർ, പി.എ അബ്ദുൽ ഹഖിം, കൃഷ്ണൻ കുനിയിൽ, ഹനീഫ മാസ്റ്റർ, റഹീം ഒതുക്കുങ്ങൽ, മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് എന്നിവർ സംസാരിച്ചു. സംസ്ഥാന സമ്മേളനം ജനറൽ കൺവീനർ റസാഖ് പാലേരി സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി നന്ദിയും പറഞ്ഞു.