ഡാളസ്: ടെക്‌സാസ് കപ്പ് ഓവർ 35 ഡിവിഷൻ ടൂർണമെന്റിൽ ഒക്ലഹോമ യുണൈറ്റഡ് സോക്കർ ക്ലബ് ജേതാക്കാളായി. ഡാളസിലെ മലയാളി സോക്കർ ക്ലബായ ഫുടബോൾ ക്ലബ് ഓഫ് കരോൾട്ടൻ (എഫ്‌സിസി) ആണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. എഫ്‌സിസിയെയാണ് ഒക്ലഹോമ പരാജയപ്പെടുത്തിയത്.
ടീം കോച്ചും, കോർഡിനേറ്ററുമായ കുര്യൻ സഖറിയ (സാബു തലപ്പാല), അജി ജോൺ (ക്യാപ്റ്റൻ) എന്നിവർ ചേർന്ന് ചാമ്പ്യർക്കുള്ള ട്രോഫി ഏറ്റു വാങ്ങി. ഒക്ലഹോമ സിറ്റിയിലെ ആദ്യകാല മലയാളി സോക്കർ ടീമാണ് ഒക്ലഹോമ യുണൈറ്റഡ് സോക്കർ ക്ലബ്.
കഴിഞ്ഞ 34 വർഷക്കാലം ഒക്ലഹോമ ടീമിനു വേണ്ടി ജേഴ്സിയണിഞ്ഞിട്ടുള്ള കുര്യൻ സഖറിയ ടീമംഗങ്ങളുടെയും സംഘാടകരുടെയും പ്രത്യക പ്രശംസ നേടി. അമേരിക്കയിലെത്തുന്നതിനു മുൻപ് കല്ലിശേരി അഡിഡാസ് ഫുട്‍ബോൾ ക്ലബിന്റെ ക്യാപ്പ്റ്റനായിരുന്നു. കേരള യൂണിവേഴ്‌സിറ്റിക്കു വേണ്ടി രണ്ടു വർഷം കളിച്ചിട്ടുണ്ട്. അമേരിക്കയിലുടെനീളം നിരവധി മലയാളി സോക്കർ ടൂർണമെന്റിൽ പങ്കെടുത്തു മലയാളി സോക്കർ പ്രേമികൾക്കിടയിൽ സുപരിചതനുമാണ് സാബു എന്നറിയപ്പെടുന്ന കുര്യൻ സഖറിയ. ഒക്ലഹോമ മലയാളി അസോസിയേഷന്റെ കമ്മറ്റിയിലും സ്പോർട്സ് ഭാരവാഹിയായും നിരവധി തവണ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.