മിച്ച് മക്കോണല്‍ സെനറ്റ് ന്യൂനപക്ഷ നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റ് ലീഡറായി മിച്ച് മക്കോണല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രഹസ്യ ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പില്‍ ഫ്ലോറിഡയില്‍ നിന്നുള്ള സെനറ്റര്‍ റിക്ക് സ്‌കോട്ടിനെയാണ് മക്കോണല്‍ പരാജയപ്പെടുത്തിയത്. മക്കോണല്‍ 37 വോട്ടുകള്‍ നേടിയപ്പോള്‍ 10 വോട്ടുകള്‍ മാത്രമാണ് സ്കോട്ടിന് ലഭിച്ചത്.

ജോര്‍ജിയ സെനറ്റ് റണ്‍ ഓഫ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ടെക്‌സസില്‍ നിന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസിന്റെ നീക്കം ആദ്യമേ തന്നെ 32-16 വോട്ടുകള്‍ക്ക് തള്ളിയിരുന്നു.

സെനറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം പാര്‍ട്ടിയുടെ നയിച്ച നേതാവെന്ന ബഹുമതി ഇതോടെ മിച്ച് മക്കോണലിന് ലഭിക്കും. ഇതുവരെ ഡമോക്രാറ്റിക് സെനറ്റര്‍ മൈക്ക് മാന്‍സ്‌ഫീല്‍ഡിനായിരുന്നു ഈ ബഹുമതി.

സ്കോട്ടിന്റെ സ്ഥാനാര്‍ത്ഥിത്വം ചൊവ്വാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച് എല്ലാ സെനറ്റര്‍മാര്‍ക്കും കത്തയക്കുകയും ചെയ്തിരുന്നു.

സെനറ്റില്‍ ഇതുവരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 49 സീറ്റുകളാണുള്ളത്, കഴിഞ്ഞ തവണ ഉണ്ടായിരുന്നതില്‍ ഒരു സീറ്റ് കുറവ്. ജോര്‍ജിയയില്‍ റണ്‍ ഓഫ് തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ മാത്രമേ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമോ എന്ന് തീരുമാനിക്കാനാകൂ. ഇപ്പോള്‍ ഇവര്‍ക്ക് 50 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News