വാഷിംഗ്ടണ്‍: ജനുവരിയിൽ റിപ്പബ്ലിക്കൻമാർ ചേംബറിന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ യുഎസ് ജനപ്രതിനിധി സഭയിലെ ആദ്യ വനിതാ സ്പീക്കറായ ഡമോക്രാറ്റ് നാൻസി പെലോസി പടിയിറങ്ങുന്നു.
“അടുത്ത കോൺഗ്രസിൽ ഡമോക്രാറ്റിക് നേതൃത്വത്തിലേക്ക് ഞാൻ വീണ്ടും തിരഞ്ഞെടുക്കപ്പെടില്ല” എന്ന് ഇന്ന് നാന്‍സി പെലോസി ഹൗസ് ഫ്ലോറിലെ വികാരഭരിതമായ പ്രസംഗത്തിൽ പറഞ്ഞു. ഡമോക്രാറ്റിക് കോക്കസിനെ ഒരു പുതിയ തലമുറ നയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും 82-കാരിയായ പെലോസി പറഞ്ഞു.
പാർട്ടി നേതൃസ്ഥാനത്തുനിന്നുള്ള വിടവാങ്ങൽ വാഷിംഗ്ടണിലെ ഒരു യുഗത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. കഴിഞ്ഞയാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാർ ഹൗസ് ഭൂരിപക്ഷം നേടിയതിന് ശേഷമാണ് നാന്‍സി പെലോസിയുടെ പടിയിറക്കം. അതേസമയം, ഡമോക്രാറ്റുകൾ സെനറ്റിന്റെ നിയന്ത്രണം നിലനിർത്തി.
“ജനാധിപത്യത്തിന്റെ കടുത്ത സംരക്ഷക” എന്നും “നമ്മുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി സമ്പാദിച്ച, ജനപ്രതിനിധി സഭയുടെ സ്പീക്കർ” എന്നുമാണ് പ്രസിഡന്റ് ജോ ബൈഡന്‍ പെലോസിയെ പ്രശംസിച്ചത്.
റിപ്പബ്ലിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ യുഎസ് ക്യാപിറ്റോളിനെ ആക്രമിച്ചപ്പോൾ, “ജനുവരി 6 ലെ അക്രമപരവും മാരകവുമായ കലാപത്തിൽ നിന്ന് നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള നാന്‍സി പെലോസിയുടെ തീവ്രതയും ദൃഢനിശ്ചയവും ചരിത്രം രേഖപ്പെടുത്തും,” അദ്ദേഹം പറഞ്ഞു.
1987-ൽ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പെലോസി, 2007-ലാണ് ആദ്യമായി സ്പീക്കറായത്. പാർട്ടി അണികളിൽ കർശനമായ നടപടിയെടുക്കുന്നതില്‍ പേരുകേട്ട അവർ, ട്രംപിന്റെ രണ്ട് ഇംപീച്ച്‌മെന്റുകൾക്കും നേതൃത്വം നൽകി.
വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ശേഷം നിലവിൽ രണ്ടാം സ്ഥാനത്താണ് പെലോസി. നവംബർ 8 ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിനു മുന്‍പ് തന്റെ ഭർത്താവിനെതിരായ ക്രൂരമായ ആക്രമണം തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനത്തെ സ്വാധീനിക്കുമെന്ന് പെലോസി കഴിഞ്ഞ ആഴ്ച പറഞ്ഞു.
82 കാരനായ പോൾ പെലോസിയെ അവരുടെ കാലിഫോര്‍ണിയയിലെ വസതിയില്‍ അതിക്രമിച്ചു കയറിയാണ് ആക്രമിച്ചത്. തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റ അദ്ദേഹത്തെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുത്ത കോൺഗ്രസിൽ തന്റെ സാൻ ഫ്രാൻസിസ്കോ ജില്ലയെ പ്രതിനിധീകരിക്കുന്നത് തുടരുമെന്ന് പെലോസി പറഞ്ഞതോടൊപ്പം, ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകളുടെ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു.
“കഴിഞ്ഞ ആഴ്ച, അമേരിക്കൻ ജനത സംസാരിക്കുകയും സ്വാതന്ത്ര്യത്തിന്റെയും നിയമവാഴ്ചയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനായി അവരുടെ ശബ്ദങ്ങൾ ഉയർത്തുകയും ചെയ്തു,” അവർ പറഞ്ഞു.
ന്യൂയോർക്കില്‍ നിന്നുള്ള നിയമനിർമ്മാതാവ് ഹക്കീം ജെഫ്രീസ് (52) അടുത്ത സഭയിൽ ഡമോക്രാറ്റിക് ന്യൂനപക്ഷ നേതാവാകുമെന്ന് പ്രതീക്ഷിക്കുന്നു.