കഴക്കൂട്ടം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് നൽകി മുക്കുപണ്ടം പണയം വെച്ച് വായ്പ തരപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. കാട്ടാക്കട നരുവാമൂട് സ്വദേശി ജോമോൾ (21), ഭർത്താവ് കഴക്കൂട്ടം കുളത്തൂർ ചിത്തിര നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ അഖിൽ (22) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കഠിനംകുളത്ത് സ്വകാര്യ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിൽ എത്തിയ ഇവർ ഒന്നര ലക്ഷം രൂപയ്ക്ക് അഞ്ച് വളകൾ പണയം വച്ചു. ബാങ്ക് ജീവനക്കാരൻ 70,000 രൂപ നൽകി ബാക്കി തുക അടുത്ത ദിവസം നൽകാമെന്ന് പറഞ്ഞു.
ബുധനാഴ്ച രാവിലെ ബാങ്ക് ഉടമ വളകൾ മറ്റൊരു ബാങ്കിൽ പണയംവയ്ക്കാൻ എത്തിയപ്പോഴാണ് വളകൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കഠിനംകുളം പോലീസിൽ പരാതി നൽകി. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ കഠിനംകുളം മരിയനാട് അജന്ത ഹൗസിൽ അജീവ് അഡ്രൂസ് ഒളിവിലാണെന്ന് കഠിനംകുളം പോലീസ് പറഞ്ഞു.